കോഴിക്കോട് വേങ്ങേരിയിലെ 'മേട' ഒരു സ്വപ്ന ഭവനമാണ്. ഭൂമിയ്ക്ക് തണലേകി നില്‍ക്കുന്ന ഈ വീട് പ്രകൃതി സ്നേഹത്തിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. പൂത്തും പടര്‍ന്നും പന്തലിച്ച് നില്‍ക്കുന്ന മരങ്ങളും ചെടികളുമായി ഭൂമിയോട് ചേര്‍ന്നുനില്‍ക്കുന്ന 'മേട'യെ സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ സന്തുലിത ഭവനമായി സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ്സ് ഡവലപ്‌മെന്‍റ് ആന്‍ഡ് മാനേജ്‍മെന്‍റ് (സിഡബ്ല്യൂആര്‍ഡിഎം) തെരഞ്ഞെടുത്തിരിക്കുകയാണ്.
ഒരോ ഭാഗവും പ്രകൃതിയോട് ഇണങ്ങി ചേരുന്ന രീതിയിലാണ് 12 സെന്‍റിലുള്ള ഈ വീടിന്‍റെ നിര്‍മാണം. വേങ്ങേരി നിറവ് റെസിഡന്‍സ് അസോസിയേഷനിലെ ബാബു പറമ്പത്തിന്‍റേതാണ് മേടയെന്ന വീട്. പരിസ്ഥിതി സമത്വത്തിന്‍റെയും സുസ്ഥിരതയുടെയും മാതൃകയാണ് മേട. സൗരോര്‍ജ പാനല്‍, ബയോഗ്യാസ്, പച്ചക്കറി കൃഷി, വൃക്ഷസമൃദ്ധി എന്നിവയാണ് മേടയെ കാര്‍ബണ്‍ സന്തുലിത ഭവനം എന്ന പദവിയിലേക്ക് എത്തിച്ചത്
പ്രകൃതി എന്ന സങ്കല്‍പം
2010 ല്‍ ആണ് ബാബു ഈ വീട് നിര്‍മിച്ചത്. ചെങ്കല്ല് കൊണ്ട് ആണ് ഇരുനില വീട് നിര്‍മിച്ചത്. രണ്ടാം നിലയില്‍ കോണ്‍ക്രീറ്റിന് പകരം മരം കൊണ്ട് കഴുക്കോല്‍ നിര്‍മിച്ച് ഓട് വിരിച്ചു. മഴ വെള്ളം പാഴായി പോവാതെയിരിക്കാന്‍ മുറ്റത്ത് കരിങ്കല്ലും വെള്ളാരം കല്ലും പാകി. ഇതോടെ പെയ്തിറങ്ങുന്ന ഓരോ തുള്ളിയും മണ്ണിലേക്ക് ചേര്‍ന്ന് ഉറവയായി മാറും. ഇതോടെ ജലക്ഷാമത്തിന് പരിഹാരം കണ്ടു. വീടിന് ചുറ്റും മരങ്ങള്‍ പടര്‍ന്നുപന്തലിച്ച് തണലൊരുക്കിയിരിക്കുന്നതിനാല്‍ കടുത്ത വേനലില്‍ പോലും കുളിര് നിറയും. റംബൂട്ടാന്‍, പേരക്ക, ലിച്ചി, മാവ്, പ്ലാവ്, ചാംമ്പക എന്നീ ഫലവൃക്ഷങ്ങള്‍ക്ക് പുറമേ കൊന്ന, അശോകം, ഇലഞ്ഞി തുടങ്ങി 20 മരങ്ങളാണ് മേടയ്ക്ക് കുളിരേകുന്നത്. ഇലകള്‍ കത്തിക്കാതെ കരിയില കമ്പോസ്റ്റാക്കി മാറ്റും. ഇത് വീട്ടിലെ പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കും. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, വെണ്ട, തക്കാളി, മത്തന്‍ തുടങ്ങിയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 28 പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സീസണ്‍ അനുസരിച്ചാണ് പച്ചക്കറി കൃഷി. അഞ്ച് വിവിധ തരത്തിലുള്ള വാഴകളും മേടയുടെ പറമ്പിലുണ്ട്.
മാലിന്യമില്ലാത്ത വീട്
ഈ വീട്ടില്‍ മാലിന്യമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ മാലിന്യമെല്ലാം വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍ രണ്ടുണ്ട് കാര്യമെന്ന് തെളിയിക്കുകയാണ് ഈ കുടുംബം. ജൈവം, അജൈവം എന്ന രീതിയില്‍ മാലിന്യം തരംതിരിക്കും. പ്ലാസ്റ്റിക് മാലിന്യം മാത്രം എട്ടായി തരംതിരിച്ച് ഹരിതകര്‍മസേനയ്ക്ക് കൈമാറും. ഭക്ഷണാവിഷ്ടങ്ങള്‍ ബയോഗ്യാസ് പ്ലാന്‍റിലേക്ക് മാറ്റി ഈ വാതകം പാചകത്തിനായി ഉപയോഗിക്കും. അയല്‍വീടുകളിലെ ഭക്ഷണാവിഷ്ടങ്ങള്‍ കൂടി ഈ ബയോഗ്യാസ് പ്ലാന്‍റിലേക്കാണ് എത്തുന്നത്. ബയോഗ്യാസ് പ്ലാന്‍റില്‍ ഉപയോഗിക്കാന്‍ കഴിയാത്തവ റിങ്, പൈപ്പ് കമ്പോസ്റ്റുകളിലേക്ക് മാറ്റും. സരോര്‍ജ പാനലാണ് വീട്ടില്‍ ഉപയോഗിക്കുന്നത്. വാള്‍ട്ട് കുറഞ്ഞ എല്‍ഇഡി ബള്‍ബുകളാണ് മേടയില്‍ വെളിച്ചമേകുന്നത്. രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവില്‍ ആവശ്യത്തിന് മാത്രമാണ് വൈദ്യുതി ഉപയോഗം.
മേടയിലേക്കുള്ള വഴിയിലൊക്കെ തണല്‍ വിരിച്ച് നില്‍പ്പുണ്ട് മഹാഗണിയും ജാതിയും പ്ലാവുമെല്ലാം. ഈ തണലില്‍ വസന്തമൊരുക്കി മന്ദാരവും തെച്ചിയും പിച്ചിയും. നൂറുകണക്കിന് മരങ്ങളും ചെടികളുമായി മേടയില്‍ പച്ചപ്പ് നിറഞ്ഞപ്പോള്‍ തേടിയെത്തിയത് പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്‍റെ അംഗീകാരം
15 വര്‍ഷങ്ങള്‍ മുമ്പ് ഒരു മരവും ഇല്ലാത്ത സ്ഥലത്താണ് നൂറുകണക്കിന് മരങ്ങളിപ്പോള്‍ തണല്‍ വിരിച്ച് നില്‍ക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ബാബുവും കുടുംബവും സ്വന്തം പുരയിടത്തില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്