photo/ josekutty panackal

ഹിമാചൽ പ്രദേശിലെ പരിസ്ഥിതി സാഹചര്യം അതീവഗുരുതരമെന്നു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്ത് പ്രകടവും ആശങ്കാജനകവുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

സ്ഥിതിഗതികൾ മാറിയില്ലെങ്കിൽ സംസ്ഥാനം മുഴുവൻ ‘അപ്രത്യക്ഷമായേക്കാം’ എന്ന് കോടതി മുന്നറിയിപ്പ് നല്‍കി. സാമ്പത്തികം മാത്രമാണ് എല്ലാം എന്നു കരുതരുത്. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ,ഹിമാചൽ പ്രദേശ് സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാവുന്ന ദിവസം വിദൂരമല്ല. അങ്ങനെ സംഭവിക്കരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. പരിസ്ഥിതിയുടെയും പാരിസ്ഥിതിക വ്യവസ്ഥയുടെയും വിലകൊടുത്ത് വരുമാനം നേടാൻ കഴിയില്ല," ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ഒരു ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ചില പ്രദേശങ്ങളെ "ഹരിത മേഖല"യായി പ്രഖ്യാപിച്ച സംസ്ഥാനത്തിന്റെ 2025 ജൂണിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി, വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ വ്യക്തമായ കാരണം ഒരു പ്രത്യേക പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടയുക എന്നതായിരുന്നുവെന്ന് പറഞ്ഞു.

കടുത്ത പാരിസ്ഥിതിക അസന്തുലിതാവസ്ഥയും മറ്റ് പാരിസ്ഥിതിക സാഹചര്യങ്ങളും വർഷങ്ങളായി ഗുരുതരമായ പ്രകൃതിദുരന്തങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പ്രകൃതി കോപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ദുരന്തത്തിന് പ്രകൃതിയെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. മലകളും മണ്ണും തുടർച്ചയായി ഇടിയുന്നതിനും റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനും വീടുകളും കെട്ടിടങ്ങളും തകരുന്നതിനും റോഡുകൾ ഇടിഞ്ഞുതാഴുന്നതിനും മറ്റും ഉത്തരവാദി പ്രകൃതിയല്ല, മനുഷ്യരാണ്," കോടതി വിമര്‍ശിച്ചു.

വിദഗ്ധരുടെയും വിവിധ റിപ്പോർട്ടുകളുടെയും അഭിപ്രായത്തിൽ, ജലവൈദ്യുത പദ്ധതികൾ, നാലുവരി റോഡുകൾ, വനനശീകരണം, ബഹുനില കെട്ടിടങ്ങൾ എന്നിവയാണ് സംസ്ഥാനത്തെ നാശത്തിന്റെ പ്രധാന കാരണങ്ങളെന്ന് ബെഞ്ച് പറഞ്ഞു. ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിലാണ് ഹിമാചൽ പ്രദേശ് സ്ഥിതി ചെയ്യുന്നതെന്നും, ഏതൊരു വികസന പദ്ധതിയും ഏറ്റെടുക്കുന്നതിന് മുമ്പ് ഭൗമശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വിദഗ്ധരുടെയും പ്രദേശവാസികളുടെയും അഭിപ്രായം തേടേണ്ടത് പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തി, വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നാലുവരി റോഡുകൾ നിർമിക്കാൻ തുടങ്ങിയെന്ന് ബെഞ്ച് പറഞ്ഞു. മൊത്തം ഭൂപ്രദേശത്തിന്റെ 66 ശതമാനത്തിലധികം വനങ്ങളാൽ ചുറ്റപ്പെട്ട ഹിമാചൽ പ്രദേശ് അതിന്റെ സമൃദ്ധമായ സൗന്ദര്യത്തിനും പച്ചപ്പിനും പേരുകേട്ടതാണ്. എന്നാൽ മനുഷ്യന്റെ അത്യാഗ്രഹവും നിസ്സംഗതയും കാരണം ഈ പ്രകൃതി സമ്പത്തിന് ഭീഷണി വര്‍ധിച്ചുവരികയാണ്– കോടതി പറഞ്ഞു. മതിയായ പാരിസ്ഥിതിക ആസൂത്രണമില്ലാതെ തുടർച്ചയായി നടക്കുന്ന കെട്ടിട, തുരങ്കം, റോഡ് നിർമ്മാണങ്ങള്‍ പ്രകൃതിദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കി.

ജലവൈദ്യുത സാധ്യതയുള്ളതിനാൽ ഹിമാചൽ പ്രദേശ് പലപ്പോഴും ഇന്ത്യയുടെ ഊർജ്ജ സംസ്ഥാനമാണെന്നു കോടതി ഓര്‍മിപ്പിച്ചു.  ഈ ഊർജ്ജ രൂപം പുനരുപയോഗിക്കാവുന്നതാണ്. അണക്കെട്ടുകൾ, ജലസംഭരണികൾ, തുരങ്കങ്ങൾ എന്നിവയുടെ വലിയ തോതിലുള്ള നിർമാണത്തിന് വന്‍ പാരിസ്ഥിതിക ചെലവുകളുണ്ട്, ബെഞ്ച് പറഞ്ഞു. സംസ്ഥാനത്ത് ശരാശരി താപനില വർധിക്കുകയും മഞ്ഞുവീഴ്ചയുടെ പാറ്റേണുകൾ മാറുകയും തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ എണ്ണവും തീവ്രതയും വർധിക്കുകയും ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഈ മാറ്റങ്ങൾ പരിസ്ഥിതിയെ മാത്രമല്ല, കൃഷി, ഹോർട്ടികൾച്ചർ, ഇക്കോ-ടൂറിസം എന്നിവയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരുടെ ഉപജീവനത്തിനും ഭീഷണിയാകുന്നു. വനനശീകരണവും വനശോഷണവും വലിയ ആശങ്കകളാണ്, കോടതി പറഞ്ഞു. കാട്ടുതീ, കയ്യേറ്റങ്ങൾ, അമിത മേച്ചിൽ, കാർഷിക, നഗര പ്രദേശങ്ങളുടെ വിപുലീകരണം എന്നിവയും കണ്ടില്ലെന്നു നടിക്കാനാകില്ല.

കണക്റ്റിവിറ്റിയും ടൂറിസവും എന്ന ഇരട്ട ലക്ഷ്യങ്ങളില്‍ കണ്ണുനട്ട് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത സമീപ വർഷങ്ങളിൽ വർധിച്ചിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. നാലുവരി പാതകൾ, റോപ്പ്‌വേകൾ, തുരങ്കങ്ങൾ, നഗര വികസനം തുടങ്ങിയ പദ്ധതികൾ പലപ്പോഴും പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കുന്നു. ഹിമാചൽ പ്രദേശിൽ ടൂറിസം ഒരു പ്രധാന വരുമാന സ്രോതസ്സാണെന്നും, എന്നാൽ ടൂറിസത്തിന്റെ അനിയന്ത്രിതമായ വളർച്ച സംസ്ഥാനത്തെ പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ ഘടനയെ ഗുരുതരമായി തകർക്കും, കോടതി പറഞ്ഞു. 

വെല്ലുവിളികളെ അതിജീവിക്കാന്‍ സംസ്ഥാനം ഒറ്റക്കെട്ടാകണം. കോടതി നിരീക്ഷിച്ച കാര്യങ്ങളിൽ ഹിമാചൽ പ്രദേശ് സംസ്ഥാനം ശ്രദ്ധ ചെലുത്തുകയും ശരിയായ ദിശയിൽ ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുകയും ചെയ്യേണ്ട സമയമായെന്നും ബെഞ്ച് പറഞ്ഞു. 

സംസ്ഥാനത്തെ പാരിസ്ഥിതിക അസന്തുലിതാവസ്ഥ കൂടുതൽ വഷളാകാതിരിക്കാനും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനും കേന്ദ്രത്തിനും ബാധ്യതയുണ്ട്. വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, എന്നാൽ 'ഒന്നുമില്ലാത്തതിനേക്കാൾ നല്ലതാണ് എന്തെങ്കിലും' എന്ന് ഒരു ചൊല്ലുണ്ട്, എന്ന് നിരീക്ഷിച്ചുകൊണ്ട് ഒരു പൊതുതാൽപര്യ ഹർജി രജിസ്റ്റർ ചെയ്യാൻ സുപ്രീം കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി. വിഷയങ്ങൾ പരിഹരിക്കുന്നതിന് അവർക്ക് ഏതെങ്കിലും കർമ്മപദ്ധതിയുണ്ടോ എന്നും ഭാവിയിൽ എന്ത് ചെയ്യാനാണ് അവർ ഉദ്ദേശിക്കുന്നതെന്നും വിശദീകരിച്ച് ഉചിതമായ മറുപടി ഫയൽ ചെയ്യാൻ സംസ്ഥാനത്തോട് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിൽ നിന്ന് ഉചിതമായ ഉത്തരവ് ലഭിച്ച ശേഷം രജിസ്ട്രി ഈ വിഷയം കോടതിക്ക് മുമ്പാകെ അറിയിക്കുമെന്നും ബെഞ്ച് പറഞ്ഞു. കേസ് ഓഗസ്റ്റ് 25-ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

ENGLISH SUMMARY:

Himachal Pradesh environmental crisis** has led the Supreme Court to issue a grave warning, stating the state risks "disappearing" due to unchecked human activities like hydropower, deforestation, and uncontrolled tourism. The court emphasized human responsibility for natural disasters and called for immediate, sustainable measures to protect the region's delicate Himalayan ecology.