oar-fish-spotted-4-times

TOPICS COVERED

ആശങ്കയേറ്റി കഴിഞ്ഞ 20 ദിവസങ്ങള്‍ക്കുള്ളില്‍ ഡൂംസ്ഡേ ഫിഷ് എന്നറിയപ്പെടുന്ന ആഴക്കടൽ മത്സ്യം വിവിധ തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് നാല് തവണയാണ്. ജാപ്പനീസ് വിശ്വാസമനുസരിച്ച് ഭൂകമ്പം, സുനാമി തുടങ്ങിയ വലിയ ദുരന്തങ്ങളുടെ മുന്നോടിയാണ് ഈ ഓര്‍ മല്‍സ്യം ആഴക്കടല്‍ വിട്ട് സമുദ്രോപരിതലത്തില്‍ എത്താറുള്ളത്. അതിനാല്‍ തന്നെ ഇവയെ തുടര്‍ച്ചയായി ഇവ കണ്ടെത്തിയത് പലയിടങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

2025 മെയ് മുതലാണ് ഓര്‍ മല്‍സ്യങ്ങള്‍ ആഴക്കടല്‍ വിട്ട് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇന്ത്യയിൽ ഒരു തവണയും ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാലിഫോർണിയ എന്നിവിടങ്ങളിൽ മൂന്ന് തവണയും സമുദ്രോപരിതലത്തില്‍ ഓര്‍ മല്‍സ്യം പ്രത്യക്ഷപ്പെടുകയുണ്ടായി. ഇത് ആളുകളില്‍ കൗതുകവും വര്‍ധിപ്പിച്ചു. 2025 മെയ് അവസാനത്തോടെയാണ് ദക്ഷിണേന്ത്യൻ തീരത്ത് ഓര്‍ഫിഷിനെ പിടികൂടിയത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ഏകദേശം 30 അടി നീളമുള്ള ഒരു ഭീമാകാരമായ ഓർഫിഷിനെ പിടികൂടിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ദിവസങ്ങൾക്ക് ശേഷം, ജൂൺ 2 ന് ടാസ്മാനിയയുടെ പരുക്കൻ പടിഞ്ഞാറൻ തീരത്ത് മറ്റൊരു ഓർഫിഷ് കരയ്ക്കടിഞ്ഞു. ഏകദേശം 3 മീറ്റർ നീളമുള്ള ഓര്‍ഫിഷിന്‍റെ ഫോട്ടോകൾ ഓൺലൈനിൽ തംരംഗമായി. ഇത് വലിയ തരത്തിലുള്ള ഊഹാപോഹങ്ങൾക്കും കാരണമായി. ഭൂകമ്പ സൂചനയായിട്ടാണ് പലരും ഇതിനെ കണ്ടത്. 2025 ജൂൺ ആദ്യം ഒരേ ആഴ്ചയിൽ ന്യൂസിലൻഡിൽ രണ്ട് വ്യത്യസ്ത ഓർഫിഷുകളെ കണ്ടെത്തി. ഒന്ന് ഡുനെഡിന് സമീപമുള്ള ഒരു കടൽത്തീരത്തും മറ്റൊന്ന് ക്രൈസ്റ്റ്ചർച്ചിന് സമീപമുള്ള ബേർഡ്ലിംഗ്സ് ഫ്ലാറ്റിന് സമീപമുള്ള കടൽത്തീരത്തുമായിരുന്നു. വീണ്ടും വീണ്ടുമുള്ള ഓര്‍ മല്‍സ്യങ്ങളുടെ ഈ പ്രത്യക്ഷപ്പെടല്‍ ഇവയെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്ക് ആക്കം കൂട്ടുകയായികുന്നു. 

ഡൂംസ്ഡേ മല്‍സ്യങ്ങളോ?

ഉഷ്ണമേഖലാ സമുദ്രങ്ങളിൽ 656 മുതൽ 3,200 അടി വരെ താഴ്ചയില്‍ ജീവിക്കുന്ന ആഴക്കടല്‍ മല്‍സ്യങ്ങളാണിവ. 30 അടി നീളത്തില്‍ ഇവയ്ക്ക് വളരാന്‍ സാധിക്കും. മനുഷ്യർക്ക് ദോഷകരമല്ലാത്ത ഇവ പ്രധാനമായും പ്ലാങ്ക്ടൺ, ക്രസ്റ്റേഷ്യനുകൾ പോലുള്ള ചെറിയ സമുദ്ര ജന്തുക്കളെയാണ് ഭക്ഷിക്കുന്നത്.

സുനാമി, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുന്നതിന്‍റെ സൂചനയാണ് ഇവയുടെ സമുദ്രോപരിതലത്തിലെ സാന്നിധ്യം എന്നാണ് ജാപ്പനീസ് ജനത വിശ്വാസിക്കുന്നത്. ഭൂമിശാസ്ത്രപരമായ ചലനങ്ങൾ തിരിച്ചറിയാൻ ഓർഫിഷിന് കഴിയുമെന്നുള്ള വിശ്വാസമാണ് ഈ അന്ധവിശ്വാസങ്ങള്‍ക്ക് കാരണം. മുന്‍പ് 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ നിരവധി ഓര്‍മത്സ്യങ്ങൾ തീരത്തെത്തിയത് ഈ അന്ധവിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. 2024 ഓഗസ്റ്റിൽ ലൊസാഞ്ചലസിൽ 4.4 തീവ്രതയിൽ ഭൂകമ്പം ഉണ്ടാകുന്നതിന് രണ്ട് ദിവസം മുന്‍പ് കാലിഫോര്‍ണിയയിലും ഓർമത്സ്യങ്ങൾ തീരത്തടിഞ്ഞിരുന്നു.

എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭൂമിശാസ്ത്രപരമായ ചലനങ്ങൾ തിരിച്ചറിയാൻ ഓർഫിഷിന് കഴിയുമെന്നുള്ളതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ താപനില മാറ്റങ്ങള്‍ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നിരുന്നാലും ആഴക്കടലില്‍ ജീവിക്കുന്നതുകൊണ്ടു തന്നെ ഭൂകമ്പ പ്രവര്‍ത്തനങ്ങളോട് അവയെ സംവേദനക്ഷമമാക്കിയേക്കാം എന്നും കരുതുന്നുണ്ട്. എന്തായാലും ശാസ്ത്രജ്ഞര്‍ക്ക് ആഴക്കടല്‍ ആവാസ വ്യവസ്ഥയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ വഴിയൊരുക്കുന്നതാണ് ഓരോ ഓര്‍ മല്‍സ്യത്തിന്‍റെ വരവും. 

ENGLISH SUMMARY:

Known as the 'Doomsday Fish' in Japanese folklore, the deep-sea oarfish has appeared unusually frequently in recent weeks—four times in just 20 days across India, Australia, New Zealand, and California. These rare sightings have reignited fears of impending natural disasters such as earthquakes and tsunamis, as oarfish are believed to rise to the ocean surface before major seismic events. From a 30-foot oarfish caught by Tamil Nadu fishermen to strandings in Tasmania and New Zealand, the sudden increase in sightings is causing concern and speculation worldwide.