An employee cleans an air conditioner displayed inside an electronics store, on a hot summer day in New Delhi, India, April 9, 2025. REUTERS/Adnan Abidi

An employee cleans an air conditioner displayed inside an electronics store, on a hot summer day in New Delhi, India, April 9, 2025. REUTERS/Adnan Abidi

  • കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 28 ഡിഗ്രി സെല്‍ഷ്യസുമാക്കും
  • ഊര്‍ജ സംരക്ഷണത്തിനെന്ന് കേന്ദ്രസര്‍ക്കാര്‍
  • മാറ്റം ചട്ടം വിജ്ഞാപനം ചെയ്ത ശേഷമുള്ള പുതിയ യൂണിറ്റുകളില്‍

എയര്‍ കണ്ടീഷണറുകള്‍ ഇട്ട് വല്ലാതെ അങ്ങ് തണുപ്പിക്കാമെന്ന് ഇനി വിചാരിക്കേണ്ട. രാജ്യത്ത് പുതിയതായി ഇറക്കുന്ന എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ഊര്‍ജ സംരക്ഷണത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം അറിയിച്ചു. നിലവിലെ എസികളില്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെ പരമാവധി താപനില താഴ്ത്താനാകും. 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്താനും കഴിയും. എന്നാല്‍ മാറ്റം പ്രാബല്യത്തിലാകുന്നതോടെ 28 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ ചൂടിനായി ഉപയോഗിക്കാന്‍ കഴിയൂ. പുതിയ ചട്ടം വിജ്ഞാപനം ചെയ്തതിന് ശേഷം നിര്‍മിക്കുന്ന എസികള്‍ക്കാകും ഇത് ബാധകമാവുക. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമാണിതെന്നും കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. 

എസിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ത്തിയാല്‍ വൈദ്യുതി ഉപഭോഗം 6 ശതമാനം കുറയുമെന്നും ഊര്‍ജമന്ത്രാലയം

പുതിയ മാറ്റം ഗാര്‍ഹിക ഉപഭോക്താക്കളെയും വാണിജ്യ ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുമെന്നതിനാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമേ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ. ഇക്കാര്യത്തില്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. തീരുമാനം വൈകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മുന്‍പേ നടന്ന് ചൈനയും സ്പെയിനും

ഊര്‍ജ ഉപഭോഗം കൂടുതലുള്ള പലരാജ്യങ്ങളും നേരത്തെ തന്നെ ഇത്തരത്തില്‍ നിയന്ത്രണം നടപ്പിലാക്കിയിരുന്നു. ചൈനയില്‍  വേനല്‍ക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകളില്‍ 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴേക്ക് താപനില ക്രമീകരിക്കരുതെന്ന് കര്‍ശന നിയമമുണ്ട്.  ജപ്പാനിലാവട്ടെ, തൊഴിലിടങ്ങളിലുള്‍പ്പടെ വേനല്‍ക്കാലത്ത് 28 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ജപ്പാന്‍ ഇത് നിയമമാക്കിയിട്ടില്ലെങ്കിലും ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായും മറ്റും എല്ലാവരും പിന്തുടര്‍ന്ന് പോരുന്നുണ്ട്. വേനല്‍ക്കാലത്ത് ഓഫിസുകളില്‍ സ്യൂട്ടും ടൈയും ധരിക്കുന്നതിനെയും ജപ്പാന്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. 

സ്കൂളുകള്‍, പോസ്റ്റ് ഓഫിസുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ എയര്‍ കണ്ടീഷണറുകളുടെ കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസായാണ് ഇറ്റലി ക്രമപ്പെടുത്തിയിരിക്കുന്നത്. ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിനും യൂറോപ്യന്‍ യൂണിയന്‍റെ ക്ലൈമറ്റ് ഗോള്‍ നേടുന്നതിനുമായാണ് ഈ ക്രമീകരണം. യുഎസില്‍ വീടുകളില്‍ 25.5 ഡിഗ്രി സെല്‍ഷ്യസായിരിക്കണമെന്നാണ് നിര്‍ദേശം. ഇത് കര്‍ശന നിയമമായി യുഎസ് നടപ്പിലാക്കിയിട്ടില്ല. 2022 ല്‍ തന്നെ ഊര്‍ജ ഉപഭോഗത്തില്‍ കര്‍ശന നടപടിയെടുത്ത രാജ്യമാണ് സ്പെയിന്‍. പൊതുസ്ഥലങ്ങള്‍ ഓഫിസുകള്‍ വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളല്‍ 27 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ തണുപ്പിക്കേണ്ടെന്നാണ് നിയമം പറയുന്നത്. 

 ലാഭം കോടികള്‍, പ്രകൃതിക്കും ആശ്വാസം

എസിയിലെ നേരിയ താപനില വ്യത്യാസം പോലും ഊര്‍ജ സംരക്ഷണത്തില്‍ സുപ്രധാനമാണെന്നാണ് വസ്തുത. ഇന്ത്യയിലെ ഒട്ടുമിക്ക എസികളും സാധാരണയായി 20–21 ഡിഗ്രി സെല്‍ഷ്യസുകളിലാണ് ഉപയോഗിച്ച് വരുന്നത്. എസി പ്രവര്‍ത്തിപ്പിക്കാന്‍ അനുയോജ്യമായ താപനില മുറികളിലും കാറുകളിലും 24 ഡിഗ്രി സെല്‍ഷ്യസാണെന്നും വാണിജ്യ സ്ഥാപനങ്ങളില്‍ 24 നും 25നും ഇടയിലാണെന്നും 2020 ലെ ചട്ടത്തിലും വ്യക്തമാക്കുന്നു. 20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 24 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ത്തിയാല്‍ തന്നെ വൈദ്യുതി ഉപഭോഗം 24 ശതമാനം കുറയ്ക്കാന്‍ കഴിയും. എസിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ത്തിയാല്‍ വൈദ്യുതി ഉപഭോഗം 6 ശതമാനം കുറയുമെന്നും ഊര്‍ജമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്തെല്ലായിടത്തെയും എസിയുടെ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആക്കുന്നതോടെ 3 ഗിഗാവാട്സ് വൈദ്യുതി ലാഭിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

ഇന്ത്യയില്‍ എസിയുടെ താപനില ക്രമീകരിക്കുന്നതിലൂടെ 60 ഗിഗാവാട്സ് അധിക വൈദ്യുതി 2035ഓടെ ലാഭിക്കാമെന്നാണ് കലിഫോര്‍ണിയ സര്‍വകലാശാലയുടെ പഠനം പറയുന്നത്. ഇതിലൂടെ പുതിയ പവര്‍ പ്ലാന്‍റുകളും ഗ്രിഡുകളും നിര്‍മിക്കാന്‍ ചെലവാകുന്ന 8,800 കോടി രൂപയോളം ലാഭിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനൊപ്പം ലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും ഒഴിവാക്കാന്‍ കഴിയും. 

പുതിയ നയത്തോടെ ഈ രാജ്യങ്ങളുടെയെല്ലാം പാത പിന്‍പറ്റുകയാണ് ഇന്ത്യയും. പൊതുസ്ഥലങ്ങളില്‍ മാത്രമാണ് കര്‍ശനമായി സ്പെയിനും ചൈനയുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെങ്കില്‍ സമസ്തമേഖലകളിലെയും മാറ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്ത ഊര്‍ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ നീക്കം. ചട്ടം നടപ്പിലാക്കുന്നതോടെ ദേശീയ പവര്‍ ഗ്രിഡുകള്‍ക്കുള്ള അധികഭാരം കുറയ്ക്കാനാകുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. 

ENGLISH SUMMARY:

India is set to mandate a minimum temperature of 20°C for new AC units to conserve energy. This move, affecting both residential and commercial users, aims to reduce power consumption. Learn more about the government's initiative and its impact.