രാജ്യത്തെ തന്നെ അമൂല്യ ചന്ദനത്തോപ്പായ മറയൂരിന്റെ കാഴ്ച്ചകളുമായി ഡോക്യുമെന്ററി തയാറാക്കിയരിക്കുകയാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. എം.അനന്തകൃഷ്ണന്‍. പ്രതിരോധ രംഗത്തെ വാര്‍ത്തകളിലൂടെയാണ് ശ്രദ്ധേയനായ ഡോ.അനന്തകൃഷ്ണന്റെ പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭമാണ് മിസ്റ്റിക് മറയൂര്‍ എന്ന ഡോക്യുമെന്ററി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ മിസ്റ്റിക് മറയൂര്‍ വൈകാതെ പുറത്തിറക്കും മറയൂരിലെ മലകളും പുഴകളും ഇടതൂര്‍ന്ന വനങ്ങളും വനപാലകരുടെ സമര്‍പ്പണവും പ്രകൃതിയോട് സമരസപ്പെട്ട ആദിവാസി സമൂഹത്തിന്റെ ജീവിതവും വ്യക്തമാക്കുന്നതാണ് മിസ്റ്റിക് മറയൂര്‍. ഒരുകാലത്ത് ചന്ദനവേട്ടയിലൂടെ വാര്‍ത്തകളിലിടം നേടിയ മറയൂര്‍ ഇന്ന് വനപാലകരുടെ നിതാന്ത നിരീക്ഷണത്തിലാണ്. ഇതില്‍ വനപാലകരുടെ പകലും രാത്രിയുമുള്ള പ്രവര്‍ത്തനങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ തന്നെ പകര്‍ത്തിയിട്ടുണ്ട്.
കേരളത്തിലെ ഏക ചന്ദന ഡിപ്പോയുടെ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത. ചന്ദനമരങ്ങള്‍ നമ്പരിട്ട് ലിസ്റ്റ് ചെയ്യുന്നതുതൊട്ട് വീണുപോയ ചന്ദനമരങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കുന്നതുവരെ കാണാം. മറയൂരിന്റെ ഊരുകളില്‍ കഴിയുന്ന മുതുവന്‍ ആദിവാസി സമൂഹത്തിന്റെ ജീവിതത്തിലൂടെയും ഡോക്യുമെന്ററി കടന്നുപോകുന്നു. അപൂര്‍വയിനം കിഴങ്ങുകള്‍ സംരക്ഷിക്കുന്ന ലക്ഷ്മയമ്മ എന്ന എണ്‍പതുകാരി അവരിലൊരാള്‍.
നാല്‍പ്പതിലേറെ ഇനം കിഴങ്ങുവര്‍ഗങ്ങളാണ് ലക്ഷിയമ്മ അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നത്. പുറംലോകത്തിന്റെ കാല്യുഷ്യങ്ങളില്ലാതെ കഴിയുന്ന സമൂഹത്തിന്റെ പ്രധാന സാമ്പത്തികസ്രോതസാണ് വനംവകുപ്പുതന്നെ ഏര്‍പ്പെടുത്തിയ ചില്ല എന്ന വിപണന സംവിധാനം. ചില്ലയിലൂടെ അവരുടെ ജീവിതം കൂടുതല്‍ പൂവിടുകയാണ്. ആത്മനിര്‍ഭരതയിലേക്കുള്ള പാതയിലാണവര്‍. സാമുഭാസ്കറാണ് ക്യാമറ. എഡിറ്റിങ് നിര്‍വഹിച്ചത് തരുണ്‍ ഗിരി. ഇന്ത്യുടെ പ്രതിരോധ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി തവണ ചിത്രീകരിച്ചിട്ടുള്ള ഡോ അനന്തകൃഷ്ണന്‍, പ്രകൃതിയുടെ പ്രതിരോധ സംവിധാനങ്ങളിലേക്ക് വീണ്ടും വരുമെന്ന് പറഞ്ഞുകൊണ്ടാണ് മറയൂരില്‍ നിന്ന് മടങ്ങുന്നത്.