പാതയോരങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിച്ച് വളര്‍ത്തുന്ന ഒരു യുവാവുണ്ട് കോഴിക്കോട് താമരശ്ശേരിയില്‍. അമ്പായത്തോട് സ്വദേശി കെപി ദിനേശന്‍. ഏഴു വര്‍ഷം മുന്‍പാണ് പാതയോരങ്ങളില്‍ തൈകള്‍ നടാന്‍ തുടങ്ങിയത്. നട്ട തൈകള്‍ വളരുന്നുണ്ടെന്ന് ദിനേശന്‍ ഉറപ്പ് വരുത്തും. ഇപ്പോള്‍ എല്ലാം വളര്‍ന്നു പന്തലിച്ചിരിക്കുന്നു.
2017ല്‍ സോഷ്യല്‍ ഫോറസ്റ്റ് എന്ന സംഘടനയുമായി ചേര്‍ന്നാണ് താമരശ്ശേരി മുതല്‍ ഈങ്ങാപ്പുഴ വരെയുള്ള ദേശീയ പാതയോരത്തും അമ്പായത്തോട് പ്രദേശത്തുമാണ് മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. മുന്നോറോളം മരങ്ങളാണ് ഇതിനോടകം ദിനേശന്‍ പാതയോരങ്ങളില്‍ നട്ടിരിക്കുന്നത്. അച്ഛന്‍ കുഞ്ഞനന്ദന്‍ അങ്ങാടികളില്‍ മരം നടുന്നത് കൊച്ചു ദിനേശന്‍ കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. പിന്നീട് വലുതായപ്പോള്‍ അച്ചന്‍റെ ആ ശീലം മകന്‍ ഏറ്റെടുത്തു.
പരിസിഥിതി ദിനങ്ങളില്‍ മാത്രം മരങ്ങളെപ്പറ്റി ആലോചിക്കാറുള്ള മലയാളികള്‍ക്ക് ഒരു ഉത്തമ മാതൃകയാണ് ദിനേശന്‍. ജീവന്‍റെ നിലനില്‍പ്പിനെപ്പറ്റിയും വരും തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കണമെന്ന സന്ദേശം കൂടിയാണ് ദിനേശന്‍ പകര്‍ന്നു നല്‍കുന്നത്. സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ആളുകള്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന ഈ കാലത്ത് പരിസ്ഥിതിയെ നെഞ്ചോട് ചേര്‍ക്കുകയാണ് ദിനേശന്‍. റോഡരുകില്‍ വാഹനത്തില്‍ പൊതിച്ചോര്‍ വില്‍പ്പന നടത്തിയാണ് ദിനേശന്‍ ജീവിതച്ചെലവ് കണ്ടെത്തുന്നത്. ഇടയ്ക്ക് സമീപത്തെ അനാഥാലയത്തില്‍ സഹായിക്കാനും പോകും.
ദേശീയപാതയുടെ വീതി കൂട്ടുന്നതിനാല്‍ ഇനി നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞ ശേഷമാകും പാതയോരത്ത് തൈകള്‍ നടുക. ഇപ്പോള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് മരം നടുന്നത്. ചിലപ്പോഴൊക്കെ പൈസ കൊടുത്ത് വാങ്ങിയാവും തൈകള്‍ നടുക. പരിസ്ഥിതിയെ സ്നേഹിക്കുന്ന മരങ്ങളെ മക്കളെപ്പോലെ കാണുന്ന ദിനേശന് കട്ട പിന്തുണയുമായി താമരശ്ശേരിയിലെ ഒരു കൂട്ടം യുവാക്കളുമുണ്ട്.