പത്തുഗ്രാംവരുന്നൊരു മരക്കഷണം . അതിന്‍റെ വില ... നൂറ്? ആയിരം? പതിനായിരം? ഒരുലക്ഷം ....മതിയാകില്ല . കയ്യില്‍ക്കിട്ടണമെങ്കില്‍ 85ലക്ഷം നല്‍കണം . ഏകദേശം ഒരുകിലോ സ്വര്‍ണത്തിന്‍റെ വില. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നുവെങ്കിലും സംഭവം സത്യമാണ്. പറഞ്ഞു വരുന്നത് ‘ദൈവങ്ങളഉടെ മരം എന്നറിയപ്പെടുന്ന’ അക്വിലേറിയ വിഭാഗത്തില്‍പെട്ട അഗര്‍വുഡ് മരമായ കൈനത്തെക്കുറിച്ചാണ്.
സുഗന്ധദ്രവ്യ ഉത്പാദന മേഖലയില്‍ ഒഴിച്ചുകൂടാനാകാത്ത ഈ മരത്തെ ഇത്രയും മൂല്യമുള്ളതാക്കുന്നത് അതിലുണ്ടാകുന്ന ഫൈലഫോറ പാരസൈറ്റിക എന്ന പൂപ്പല്‍ ആണ്. പൂപ്പല്‍ ബാധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനായി മരം അലോസ് എന്ന ഒരു റെസിന്‍ ഉദ്പാപ്പിക്കുന്നു. ഈ റെസിനാണ് സുഗന്ധമുണ്ടാക്കുന്നത്. എന്നാല്‍ ഇങ്ങനെ റെസില്‍ ഉദ്പാദിപ്പിക്കപ്പെടാന്‍ വര്‍ഷങ്ങള്‍ എടുക്കും. സാധാരണഗതിയില്‍ അക്വിലേറിയ മരങ്ങളുടെ കാമ്പ് സുഗന്ധമില്ലാത്തതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അവ സുഗന്ധം ഉദ്പാദിപ്പിക്കുന്ന റെസിന്‍സ് പുറത്ത് വിടുകയുള്ളൂ. മരത്തിന് ഇടിമിന്നലേല്‍ക്കുമ്പൊഴും, ഉറുമ്പുകളും തേനീച്ചകളും കൂടുകൂട്ടുമ്പൊഴും ഇത് സംഭവിക്കാറുണ്ട്. അതായത് കാമ്പ് നശിപ്പിക്കപ്പെട്ടേക്കുമെന്ന തോന്നലുണ്ടാകുമ്പോഴാണ് മരം റെസിന്‍സ് ഉല്‍പാദിപ്പിക്കുന്നത്.
റെസിന്‍സ് നിറഞ്ഞ തടിക്കഷ്ണത്തെ വേര്‍തിരിച്ചെടുക്കുക എന്നതാണ് അടുത്ത ദൗത്യം. മണിക്കൂറുകള്‍ എടുക്കുന്ന പ്രക്രിയയാണ് ഇത്. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന മരക്കഷ്ണങ്ങളാണ് പൊന്നും വിലയ്ക്ക് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. ഗൾഫ് രാജ്യങ്ങളിലാണ് കൈനത്തിന് ആവശ്യക്കാർ ഏറെയുള്ളത്. വിലകൂടിയ പെര്‍ഫ്യൂമുകളുടെ പ്രധാനഘടകങ്ങളിലൊന്നാണ് കൈനം. മരക്കഷണം കത്തിച്ചു പുകച്ചാല്‍ വീടുകളില്‍ സുഗന്ധം പരക്കുകയും ചെയ്യും. കൊറിയയില്‍ വൈന്‍ നിര്‍മാണത്തിനായി കൈനം ഉപയോഗിച്ച് വരാറുണ്ട്.ചൈനയിലും ജപ്പാനിലും ആത്മീയ കാര്യങ്ങള്‍ക്കായും ഈ മരത്തെ ഉപയോഗിക്കാറുണ്ട്.
തെക്ക് കിഴക്കന്‍ ഏഷ്യ, ഇന്ത്യ, ചൈന, മിഡില്‍ ഈസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് കൈനം സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യയിൽ അസമിലാണ് ഈ മരം കണ്ട് വരുന്നത്. ഏതായാലും ഇന്ന് നിലവിലുള്ളവയില്‍ ഏറ്റവും വിലകൂടിയ മരമാണ് കൈനം..അടുത്തിടെ 600 വർഷം പഴക്കമുള്ള കൈനത്തിന്‍റെ 16 കിലോവരുന്ന ഒരു മരക്കഷ്ണത്തിന് 171 കോടി രുപ വിലലഭിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ ആവശ്യങ്ങള്‍ക്കായി വ്യാപകമായി മുറിച്ച് മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളില്‍ ഒന്ന് കൂടിയാണ് കൈനം.