കടമ്മനിട്ട വലിയ പടയണി ഇന്ന്. പടയണിയിലെ എല്ലാ കോലങ്ങളും കളത്തിലെത്തുന്ന പ്രധാന ദിവസം കൂടിയാണ് ഇന്ന്. വലിയ പടയണിക്കുള്ള കോലങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ് പടയണി കലാകാരന്‍മാര്‍.
ഈ വരവ് കാത്തിരിക്കുകയാണ് പടയണി ആസ്വാദകര്‍. മേടം ഒന്നിന് ചൂട്ടുവച്ചു തുടങ്ങി പടയണിയുടെ ഏറ്റവും പ്രധാന ദിവസമാണ് ഇന്ന്. പടയണി ഗ്രാമത്തില്‍ കടമ്മനിട്ട ഗോത്രകലാ കളരിയിലെ കലാകാരന്‍മാര്‍ കൊലമെഴുത്തിന്‍റെ തിരക്കിലാണ്. കമുകില്‍ നിന്ന് അടര്‍ത്തിയെടുത്ത പച്ചപ്പാളകള്‍ ചെത്തിയൊരുക്കിയാണ് കോലങ്ങള്‍ തയാറാക്കുന്നത്.
നൂറു കണക്കിന് പാളകളാണ് കോലമെഴുത്തിന് എത്തിച്ചിരിക്കുന്നത്. ചെത്തിയൊരുക്കിയ പാളകള്‍ നിയതമായി വെട്ടി അതില്‍ ചെങ്കല്ലും മഞ്ഞളും കരിയും നിറങ്ങള്‍ ചാലിച്ചാണ് പടയണിയിലെ ഭീമാകാരങ്ങളായ കോലങ്ങള്‍ തയാറാക്കുന്നത്. പ്രകൃതിയെ ശുദ്ധീകരിക്കാനാണ് പടയണി എന്ന് ആചാര്യന്‍.
രാത്രി പതിനൊന്നോടെ എഴുതിത്തയാറാക്കിയ കോലങ്ങള്‍ കത്തിച്ച ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടയണിക്കളത്തിലേക്ക് ഘോഷയാത്രയായി എത്തും. തുടര്‍ന്നാണ് പടയണി. പിശാച്,മാടന്‍,മറുത,കാലന്‍,വിവിധ യക്ഷിക്കോലങ്ങള്‍ തുള്ളിയൊഴിയും. നേരം പുലരുന്നതോടെ ഭൈരവിക്കോലവും കാഞ്ഞിരമാലയും കളത്തിലെത്തും. പത്താമുദയം ദിവസത്തെ പകല്‍ പടയണിയോടെയാണ് മധ്യതിരുവിതാംകൂറിലെ പടയണിക്കാലം അവസാനിക്കുന്നത്.