ഇന്ത്യൻ ഭാഷകൾ ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണെന്നും വിഭജിക്കാനുള്ള ഉപാധിയല്ലെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. മലയാളം ഉൾപ്പെടെയുള്ള ക്ലാസിക്കൽ ഭാഷകളിലെ 55 സാഹിത്യ സൃഷ്ടികള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്.രാധാകൃഷ്ണന്റെ 'ശാസനങ്ങളും ക്ലാസിക്കൽ മലയാളവും' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഷ നയങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങളും ഇടയാക്കിയിരിക്കെയാണ് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന. ഇന്ത്യൻ ഭാഷകള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണ്. അവയെ തകർക്കാൻ ചരിത്രത്തില്‍ ശ്രമങ്ങളുണ്ടായെങ്കിലും അതിജീവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ എല്ലാ ഇന്ത്യൻ ഭാഷകളും ദേശീയ ഭാഷകളാണ്. പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നതിൽ ഭാഷകൾക്ക് വലിയ പങ്കുണ്ട് എന്നും മന്ത്രി പറഞ്ഞു.
മലയാളം, കന്നഡ, തെലുങ്ക്, ഒഡിയ എന്നീ ഭാഷകൾക്കായുള്ള സെന്റർ ഓഫ് എക്സലൻസ് തയ്യാറാക്കിയ 41 സാഹിത്യ കൃതികളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. പ്രശസ്ത തമിഴ് കൃതിയായ തിരുക്കുറലിന്റെ 45 എപ്പിസോഡുകളുള്ള ആംഗ്യഭാഷാ വ്യാഖ്യാനവും 13 മറ്റ് പുസ്തകങ്ങളും പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യൻ ഭാഷകൾക്ക് നൽകുന്ന പ്രാധാന്യം കണക്കിലെടുത്താണ് ഉദ്യമം.