2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 8 സൂപ്പർ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്സോഫീസിൽ തിളങ്ങിയത്. നിർമ്മാതാക്കൾക്ക് നഷ്ടമായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്ത് വിട്ട കണക്കിൽ പറയുന്നു.
ലോക, തുടരും, എമ്പുരാൻ, ഡിയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖ എന്നീ സിനിമകളാണ് 8 സൂപ്പർ ഹിറ്റുകൾ. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രോമൻസ് എന്നിവയാണ് ഈ വർഷത്തെ 7 ഹിറ്റുകൾ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ വർഷം കൂടിയാണ് 2025.
കലക്ഷനിൽ ഒന്നാമത് കല്യാണി പ്രിയദർശൻ ചിത്രം ലോകയാണ്. തുടരും, എമ്പുരാൻ, ഹൃദയപൂർവം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മോഹൻലാലാണ് ബോക്സോഫീസ് താരം.
അതേ സമയം ഈ വർഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതിൽ വിജയിച്ചത് 10 ചിത്രങ്ങളെന്നും ഫിലിം ചേംബർ. സിനിമാമേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ സമരപരിപാടികൾക്കും ഫിലിം ചേംബർ തുടക്കമിട്ടിട്ടുണ്ട്.
KSFDC തിയേറ്ററുകൾക്ക് ജനുവരി മുതൽ സിനിമ നൽകില്ലെന്നാണ് ഫിലിം ചേംബർ തീരുമാനം. പത്ത് വർഷമായി തുടരുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ഉണ്ടാകുമെന്നും ചേംബർ പ്രഖ്യാപിച്ചു.