mammootty

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയർ ആന്റ് ഷെയർ ഫൗണ്ടേഷന്റെ 16–ാം വാർഷികം കഴിഞ്ഞ ദിവസമാണ് നടന്നത്. കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ പുതിയ ജീവകാരുണ്യ പദ്ധതിയായ 'കാതോട് കാതോര'വും വേദിയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. കേൾവി ഒരു അനുഗ്രഹമാണെന്നും അത് ലഭിക്കാതെ പോയ ധാരാളം പേർ നമുക്ക് ചുറ്റിലുണ്ടെന്നും ഓർമ്മപ്പെടുത്തിയ മമ്മൂട്ടി അവർക്കു വേണ്ടിയാണ് ഈ പദ്ധതി എന്ന് പ്രഖ്യപിച്ചു. സിനിമാ മേഖലയിലുള്ള തന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഹിയറിങ് എയ്ഡ് വാങ്ങി നൽകിയ അനുഭവവും മമ്മൂട്ടി ഓർത്തെടുത്തു.

'കാത് കേൾക്കാൻ വയ്യാത്ത ആളുകൾക്ക് നമ്മൾ കേൾക്കുന്ന പല സംഗീതം ഉൾപ്പെടെ, പ്രകൃതിയിലെ ശബ്ദങ്ങൾ നമ്മുടെ സംസാരം ഭാഷകൾ ഒന്നും കേൾക്കാനോ ആസ്വദിക്കാനോ സാധിക്കാത്ത ഒത്തിരി ആളുകളുണ്ട്. എനിക്ക് തന്നെ പരിചയമുള്ള ഒത്തിരി പേരുണ്ട്. ഞാൻ ഷൂട്ടിങ്ങിനിടയ്ക്ക് ഒരാൾക്ക് ഒരു ശ്രവണയന്ത്രം വാങ്ങിച്ചു കൊടുത്തിരുന്നു, കാതിൽ വയ്ക്കാൻ, അയാളത് കുറച്ചു നേരം വച്ചിട്ട് എടുത്തത് എറിഞ്ഞു കളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്നത് അയാൾക്ക് ഒരിക്കലും അനുഭവം ഉണ്ടായിട്ടില്ല, അയാൾ അനുഭവിച്ചിട്ടില്ല, അത് എന്തോ ഒരു ഭീകര അവസ്ഥയിലേക്ക് അയാളെ കൊണ്ടു പോവുകയും അയാൾ പിന്നീട് ഒരിക്കലും ആ ശ്രവണ സഹായം ഉപയോഗിച്ചിട്ടില്ല, ഇപ്പോഴും ഉപയോഗിക്കുന്നില്ല. 

അതിനെ സംബന്ധിച്ചിടത്തോളം ഇവരെ ഇതിനെക്കുറിച്ച് ബോധവൽക്കരിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. കാരണം ഇതൊരു പുതിയ അനുഭവമാണ്. നമുക്ക് പഞ്ചേന്ദ്രിയങ്ങൾ കൊണ്ടുള്ള പല കാര്യങ്ങളും നമ്മൾ അറിയാതെ ഭാഗ്യവാന്മാരായ നമുക്കൊക്കെ ഉണ്ട്. പല പഞ്ചേന്ദ്രിയങ്ങളും കാഴ്ച, ശബ്ദ സംസാരശേഷി, കേൾവിയില്ലായ്മ അങ്ങനെ ഒരുപാട് കുറവുകളുള്ള ഒത്തിരി മനുഷ്യർ നമ്മുടെ ഇടയിലുണ്ട്. കാഴ്ചയും കേഴ്​വിയുമാണ് മനുഷ്യനു ഏറ്റവും വലുത്. ചിലർക്ക് മണം കിട്ടാറില്ല, മണം ഇല്ലെങ്കിലും ശ്വാസം വലിക്കാം. കുറേക്കാലത്ത് എനിക്ക് മണം കിട്ടുന്നില്ലായിരുന്നു, ഇപ്പോ കുറേശെ കിട്ടി തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ നമുക്ക് ഇല്ലാത്തപ്പോഴേ അതിന്റെ വില അറിയുള്ളൂ. നമ്മൾ ശബ്ദം കുറച്ചു വയ്ക്കൂ, മിണ്ടാതിരിയടാ എന്നൊക്കെ പറയുമ്പോൾ നമ്മൾ കേൾക്കുന്നതുകൊണ്ടാണ്. കേൾക്കാത്തവർ ആരും അങ്ങനെ പറയാറില്ല. 

നമുക്ക് പാട്ട് ഇഷ്ടമാണ്, ചില പാട്ട് ഇഷ്ടമല്ല. ചില ശബ്ദം ഇഷ്ടമില്ല. അതൊക്കെ നമുക്ക് കേൾക്കുന്നത് കൊണ്ടാ നമ്മുടെ ഇഷ്ടങ്ങളൊക്കെ നടക്കുന്നത്. കേൾക്കാത്തവർക്ക് എന്തെങ്കിലും കേട്ടാൽ മതി എന്ന് ആഗ്രഹിക്കുന്ന ഒരു അവസ്ഥയുണ്ട്. കേൾവി കുറഞ്ഞു വരും ചിലപ്പോൾ പ്രായം കൂടുന്തോറും. അപ്പോ കേൾവി നമ്മുടെ ഒരു അനുഗ്രഹമാണ്. അത് ജന്മനാ നഷ്ടപ്പെട്ടുപോയവർക്ക് അതിനുള്ള ഒരു അവസരം ഉണ്ടാക്കി കൊടുക്കുക എന്ന് പറയുന്നത് നമുക്ക് ചെയ്യാവുന്ന ഒരു വലിയ കാര്യമാണ്,' മമ്മൂട്ടി പറഞ്ഞു. 

ENGLISH SUMMARY:

Mammootty's Care and Share Foundation celebrated its 16th anniversary by launching 'Kathod Kathoram', a new initiative to provide free cochlear implantation surgeries for the hearing-impaired poor. Mammootty emphasized that hearing is a blessing and highlighted the importance of this project for those who cannot experience the joys of sound.