കേരളപ്പിറവിയും മാതൃഭാഷാ ദിനവും ഡൽഹിയിലും വിപുലമായി ആഘോഷിച്ച് വിവിധ മലയാളി സംഘടനകൾ. ഡൽഹി മലയാളികളിലെ പ്രമുഖർ മലയാളത്തിൻ്റെ കരുത്ത് ഓർമിപ്പിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള ഹൗസും സംയുക്തമായി കേരള ഹൗസിലാണ് കേരളപ്പിറവി ആഘോഷിച്ചത്.
കേരളം പിറന്നതുമുതല്‍ ഇന്നോളം എല്ലാ മേഖലയിലും അദ്‌ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് കൊയ്തതെന്ന് ആംഡ് ഫോഴ്‌സ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള ഹൗസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ഡപ്യൂട്ടി കംപ്ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ റബേക്ക മത്തായി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർകെ പുരം കേരള സ്കൂളിലാണ് വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചത്.
അംബാസഡർ സിബി ജോർജ്, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാർ എന്നിവർ പങ്കെടുത്തു. ഡൽഹി മലയാളി അസോസിയേഷനും സമുചിതമായി കേരളപ്പിറവി ആഘോഷിച്ചു. ഡിഎംഎയുടെ കേന്ദ്ര ഓഫിസും സാംസ്കാരിക കേന്ദ്രവും സ്ഥിതി ചെയ്യുന്ന ആർകെ പുരത്തായിരുന്നു ആഘോഷം. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബിനോയ് ജോബ് പങ്കെടുത്തു.