ആത്മാക്കൾക്കുവേണ്ടി ഒരാഘോഷം. ലോകം ഇന്ന് ഹലോവീൻ ആഘോഷിക്കുകയാണ്. ഐതിഹ്യത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായിരുന്ന ആഘോഷം ഇന്ന് ആരവങ്ങളോടെ, നിറമണിയുന്ന യുവതയുടേയും കുട്ടികളുടേയും ആഘോഷമാണ്. പാശ്ചാത്യനാടുകളില്‍ പ്രേതവേഷങ്ങളണിഞ്ഞ് "ട്രിക്ക് ഓർ ട്രീറ്റ്" ചോദിച്ച് നടത്തുന്ന ആഘോഷത്തിന്റെ അലയൊലികള്‍ ഇങ്ങ് നമ്മുടെ സ്വന്തം നാട്ടിലുമുണ്ട്.
ഇന്നത്തെ ആഘോഷങ്ങളെല്ലാം പ്രേതത്തെ, ആത്മാക്കളെച്ചുറ്റിപ്പറ്റിയാണ്. വാംപയറുകൾ, ഭീകരസത്വങ്ങൾ, മന്ത്രവാദിനികൾ, ചെകുത്താൻ, രക്തരക്ഷസുകൾ തുടങ്ങിയവയുടെ വേഷങ്ങളണിഞ്ഞ് വീടുകളിലും ക്ലബുകളിലുമടക്കം ആഘോഷങ്ങള്‍. അതാണ് ഹലോവീൻ. ദൈവങ്ങൾക്കും പുണ്യാത്മക്കൾക്കും മനുഷ്യർക്കും മാത്രം പോരല്ലോ ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ.
പ്രേതങ്ങൾക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ്. സകല പ്രേതങ്ങൾക്കും ഭൂമിയിൽ ഇറങ്ങി നടക്കാനും ആഘോഷിക്കാനും ഉള്ള ദിവസമാണ് ഇന്ന്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഗംഭീര ആഘോഷപരിപാടികളാണ് നടക്കുന്നത്. ലോകത്തെല്ലാ നാട്ടുകഥകളിലും പ്രേതങ്ങളിറങ്ങുന്നത് വെള്ളിയാഴ്ചയാണെന്നതിനാല്‍തന്നെ ഒക്ടോബര്‍ മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയെത്തിയ ഇന്നത്തെ ഹലോവീന് ഏറെ പ്രത്യേകതയുമുണ്ട്. ജെന്‍സി ഭാഷയില്‍ പറഞ്ഞാല്‍ സ്പൂക്കി ഹലോവീന്‍.
ഇങ്ങനൊരു വെള്ളിയാഴ്ച വരാന്‍ ഇനി 2031 വരെ കാത്തിരിക്കണം. പടിഞ്ഞാറന്‍ലോകത്ത് കുട്ടികള്‍ അയല്‍വീടുകളിലെത്തി "ട്രിക്ക് ഓർ ട്രീറ്റ്" പറഞ്ഞ് ട്രിക് നടത്തുകയും സമ്മാനങ്ങള്‍ സ്വന്തമാക്കുകയുമൊക്കെ ചെയ്യുന്നതും ഇന്നത്തെ ആഘോഷത്തിന്റെ ഭാഗമാണ്.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനിലും സമീപത്തുമൊക്കെയായി ജീവിച്ചിരുന്ന ബഹുദൈവ വിശ്വാസികളായ കെൽറ്റുകളുടെ പുരാതന ഉത്സവമായ സോയിനിൽ നിന്നാണ് ഹലോവീനിന്റെ ഉത്ഭവമെന്നാണ് ഒരു കഥ.
വിളവെടുപ്പിന്റെ അവസാനവും മഞ്ഞുകാലത്തിന്റെ ആരംഭവുമായ നവംബര്‍ ഒന്നിന് അവര്‍ പുതുവല്‍സരം ആഘോഷിച്ചിരുന്നു. പുതുവർഷത്തിന്റെ തലേദിവസം രാത്രിയിൽ, ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങൾ തമ്മിലുള്ള അതിർത്തി മങ്ങുമെന്ന് കെൽറ്റുകൾ വിശ്വസിച്ചു. ആ രാത്രി മരിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലേക്ക് മടങ്ങിവരുമെന്ന് അവര്‍ കരുതി.
ഭീകരവേഷം ധരിച്ചാൽ ആത്മാക്കൾ ഉപദ്രവിക്കാതെ കടന്നുപോകുമെത്രേ. പാശ്ചാത്യക്രൈസ്തവരുടെ ഇടയില്‍ മറ്റൊരു കഥകൂടിയുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ഗ്രിഗറി മൂന്നാമന്‍ പാപ്പാ നവംബര്‍ ഒന്നിന് സകലവിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. അതിന് തലേ വൈകുന്നേരം ഹാലോസ് ഈവ് എന്നറിയപ്പെട്ടിരുന്നു.
അതാണ് ഹലോവീനായി മാറിയതെന്നാണ് ആ വിശ്വാസം. ഹലോവീന്‍ ആഘോഷിക്കരുതെന്ന് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയതും ഇതിനോട് ചേര്‍ത്ത് പറയണം. ഇന്ത്യയില്‍ ഗോവയിലാണ് ഹലോവീന്‍ ഏറ്റവും സൂപ്പറായി ആഘോഷിക്കുന്നത്.
മുംബൈയിലും ഡല്‍ഹിയിലും ബെംഗളൂരുവിലും നമ്മുടെ കൊച്ചിയിലും വര്‍ക്കലയിലുമൊക്കെ ക്ലബുകളിലും ഹോട്ടലുകളിലുമൊക്കെ ഹലോവീന്‍ ആഘോഷം നടക്കുന്നുണ്ട്. അപ്പോള്‍ മനുഷ്യനെ സന്തോഷിപ്പിക്കുന്ന സങ്കടപ്പെടുത്താത്ത ആഘോഷങ്ങള്‍ ആഘോഷങ്ങളായി ആരവങ്ങളായി തുടരട്ടെ. എല്ലാവര്‍ക്കും ഹലോവീന്‍ ആശംസകള്‍.