ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് പരിസമാപ്‌തി കുറിച്ച് കണ്ണൂർ കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ഉയർന്ന് താഴ്ന്നു. കഴിഞ്ഞ 8 മാസക്കാലം കാവുകൾ ചെണ്ടയാലും, കാൽ ചിലമ്പൊലിയാലും ശബ്ദമുഖരിതമായിരുന്നു ഉത്തര കേരളം. തുലാമാസം മുതൽ ഇടവപ്പാതി വരെയാണ് മലബാറിലെ തെയ്യക്കാലം.
കാവുകളിലെ ചിലമ്പൊലിയും, തോറ്റം പാട്ടും, ആരവവും താത്കാലികമായി ശമിച്ചതോടെ ഇനി ഉത്തര മലബാറുകർക്ക് കാത്തിരിപ്പിന്റെ മാസങ്ങളാണ് അടുത്ത തെയ്യക്കാലത്തിനായി. ശരിക്കും പറഞ്ഞാല്‍, ഉത്തര മലബാറിന്‍റെ കലണ്ടറിൽ രണ്ടു കാലങ്ങളേയുള്ളൂ തെയ്യക്കാലവും, മഴക്കാലവും. തുലാമാസം മുതൽ മഞ്ഞൾക്കുറിയുടെ ഗന്ധവും ഓലച്ചൂട്ടിന്‍റെ പ്രഭയുമായിരുന്നു കാവുകളിലെല്ലാം. 8 മാസത്തെ തെയ്യക്കാലം അവസാനിക്കുന്നത് കളരിവാതുക്കൽ ഭാഗവതിയുടെ തിരുമുടി ഉയർന്നു താഴുന്നതോടെയാണ്.
ഏഴ് കവുങ്ങ്, 16 വലിയ മുളകൾ എന്നിവകൊണ്ട് തീർത്ത 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള മുടി വലിയ പരിശ്രമത്തിലാണ് കോലധാരിയുടെ തലയിൽ വെക്കുന്നത്. കൂടാതെ 6 മറ്റ് തെയ്യക്കോലങ്ങളും ഇതോടൊപ്പം കെട്ടിയാടും. ഇനിയുള്ള മാസങ്ങൾ കാത്തിരിപ്പാണ്, തുലാപ്പാത്തിന് കൊളച്ചേരി ചാത്തമ്പള്ളി കാവിലെ കളിയാട്ടത്തോടെയുള്ള അടുത്ത തെയ്യക്കാലത്തിനായി.