ഡല്‍ഹി സര്‍ക്കാരിന്‍റെ ദീപാവലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. കര്‍ത്തവ്യപഥില്‍ ഒന്നരലക്ഷം ദീപംതെളിയിച്ചു. ഇന്ത്യാ ഗേറ്റിലെ ലേസര്‍ ഷോയും ഡ്രോണ്‍ ഷോയും കണ്ണിന് വിരുന്നായി. ദീപോത്സവം എന്നപേരില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്തു.

ഇന്ത്യ ഗേറ്റിന് മുകളില്‍ വര്‍ണങ്ങള്‍ വാരിവിതറിയായിരുന്നു ലേസര്‍ഷോ. ശ്രീരാമചിരിതം ഡ്രോണുകളില്‍ തെളിഞ്ഞു. വനവാസവും സീതാപഹരണവും ഹനുമാന്‍റെ ലങ്കാദഹനവും ഒടുവില്‍ ദീപാവലിയുടെ ഐതിഹ്യവും ആകാശത്ത് വര്‍ണങ്ങളാല്‍ വരച്ചിട്ടു. അയോധ്യ രാമക്ഷേത്രവും ശ്രീരാമപ്രതിഷ്ഠയും ഡ്രോണ്‍ ഷോയുടെ ഭാഗമായി.

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യഗേറ്റ് വരെ രണ്ടുകിലോമീറ്ററോളം ദൂരത്തിലാണ് ഒന്നരലക്ഷം ദീപം തെളിയിച്ചത്. ആയിരത്തി അറന്നൂറോളം വോളന്‍റിയര്‍മാരും സാധാരണക്കാരും ഭാഗമായി. കണ്ടുനിന്ന വിദേശകികള്‍ക്കും ഡല്‍ഹിനിവാസികള്‍ക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

ENGLISH SUMMARY:

Delhi Diwali celebrations commenced with vibrant displays at Kartavya Path, featuring 150,000 lamps. The laser and drone show at India Gate narrated the Ramayana and left spectators in awe.