Image: manipurtourism.gov.in
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷിരൂയ് ലില്ലി ഉല്‍സവത്തിനൊരുങ്ങുകയാണ് മണിപ്പുര്‍. മേയ് 20 മുതല്‍ 24 വരെയാണ് മണിപ്പൂരിന്‍റെ സാംസ്‌കാരികോല്‍സവം കൂടിയായ ഷിരൂയ് ലില്ലി ആഘോഷിക്കപ്പെടുന്നത്. ഇനി എന്താണ് ഷിരൂയ് ലില്ലി എന്നല്ലേ മണിപ്പൂരിന്‍റെ ഔദ്യോഗിക പുഷ്പമാണ് ഷിരൂയ് ലില്ലി. ഷിരൂയ് ലില്ലിയെ ഔദ്യോഗിക പുഷ്പമാക്കിയതിന്‍റെ 75-ാം വര്‍ഷം കൂടിയാണ് ഇത്. ഷിരൂയ് മലനിരകളില്‍ മാത്രം കാണപ്പെടുന്ന അത്യപൂര്‍വമായ പൂവാണ് ഷിരൂയ് ലില്ലി.
കലാപത്തിന്‍റെ മുറിവുണക്കാന്‍ ഷിരൂയ് ലില്ലിപ്പൂക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വിവിധ ഗോത്രങ്ങളില്‍പ്പെടുന്ന ജനങ്ങള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനുമുള്ള വേദിയും ആഘോഷത്തിനൊപ്പം ഒരുങ്ങും.വൈരം മറന്ന് കുക്കികളും മെയ്തെയ്കളും ഉഖ്റുളിലേക്കെത്തും. മണിപ്പൂരിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹില്‍ സ്റ്റേഷനാണ് ഉഖ്‌റുളാണ് ഷിരൂയ് ലില്ലി ഉല്‍സവത്തിലെ പ്രധാന ആകര്‍ഷണം. ഇംഫാലില്‍ നിന്ന് 83 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഉഖ്‌റുള്‍ പ്രകൃതിരമണീയമായ സ്ഥലം കൂടിയാണ്. ലില്ലിപ്പൂക്കള്‍ കാണാനെത്തുന്നവര്‍ക്ക് ഉഖ്‌റുളിന്റെ മനോഹാരിത ആസ്വദിക്കാനും പ്രാക്തന വംശമായ താങ്ഖുല്‍ നാഗ ഗോത്രക്കാരെ കാണാനും കഴിയുന്ന അസുലഭ അവസരം കൂടിയാണ് ഫെസ്റ്റിവല്‍.
മണിപ്പൂരിന്‍റെ മണ്ണില്‍ അതും ഷിരൂയി മലനിരകളില്‍ മാത്രം വളരുന്ന ലില്ലിപ്പൂവ് മണിപ്പുര്‍ സംസ്‌കാരത്തിന്റെ പ്രതീകമാണ്. ലില്ലിപ്പൂക്കള്‍ മലയിലാകെ പൂത്തുനിറയുന്ന സമയമാണ് സാധാരണയായി ഉല്‍സവത്തിനായി തിരഞ്ഞെടുക്കുന്നതും. സാംസ്കാരികോത്സവത്തിന്‍റെ ഭാഗമായി തനത് സംഗീതമേളകളും നൃത്തവും പ്രാദേശിക കായിക മല്‍സരങ്ങളായ ഷിരൂയി ഗ്രാന്‍പ്രീയുമെല്ലാം സംഘടിപ്പിക്കാറുണ്ട്. കലാ-സാംസ്‌കാരിക മല്‍സരങ്ങളും കരകൗശല മേളയും ഇതിന് പുറമെയും നടത്തും. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ക്യാംപിങും ബൈക്കിങും പോലെയുള്ള വിനോദങ്ങളുമുണ്ട്. റോക്ക് മ്യൂസിക് മുതല്‍ പോപ്,ഹിപ് ഹോപോ എന്നുവേണ്ട എല്ലാത്തരം സംഗീതവും മലനിരകളിലൂടെ ഒഴുകിയെത്തും.
അത്യപൂര്‍വും ഹൃദയഹാരിയുമാണ് ഷിരൂയ് ലില്ലി. പിങ്ക് കലര്‍ന്ന വെള്ള നിറം. സസ്യശാസ്ത്രജ്ഞനായിരുന്ന ഡോക്ടര്‍ ഫ്രാങ്ക് കിങ്ടന്‍ വാര്‍ഡിന്റെ പത്‌നി ജീന്‍ മക്ലീന്‍ ആണ് ആദ്യമായി(1946) ഈ പൂവിനെ തിരിച്ചറിഞ്ഞത്. ഒരടിയോളം മാത്രം ഉയരം വയ്ക്കുന്ന ലില്ലിച്ചെടി സാധാരണയായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് പുഷ്പിക്കുക. മല നിറയെ ലില്ലി പൂത്തുകിടക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്.
എങ്ങനെ എത്താം? പൂക്കള്‍ കാണാനും ഷിരൂയ് ലില്ലിയില്‍ പങ്കുചേരാനുമായി വിനോദസഞ്ചാരികള്‍ക്കായി പൊതുഗതാഗത സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴര മുതല്‍ ഇംഫാലില്‍ നിന്നും ഉഖ്‌റുളിലേക്ക് ബസ് ലഭ്യമാണ്. തിരികെ ഉച്ചയ്ക്ക് ഒന്നര മുതല്‍ രണ്ടര വരെയും ബസ് കിട്ടും. ഇനി ബസിലത്രയും നേരം ഇരിക്കാനുള്ള ക്ഷമ ഇല്ലെങ്കില്‍ ഇംഫാലില്‍ നിന്ന് ഹെലികോപ്ടറിലും ഉഖ്റുളിലെത്താം.