കറയും കാലം സാക്ഷിയും; വായനയിലെ 2023; ട്രെന്‍‌ഡ് മാറിയ ആണ്ട്

Year-end-leterature
SHARE

ആണ്ടുപുസ്തകത്തിന്റെ അവസാന പേജും മറയുന്നു. വായിച്ചും പുനർവായിച്ചും നവീകരിക്കപ്പെടുന്നു ഓരോ കാലവും ഓരോ ജീവിതവും. വായന മരിക്കുന്നുവെന്ന പതിവുമുറവിളി ഇനിയും കൂടെ കൊണ്ടുനടക്കണോ നമ്മള്‍..? ചടുലകാലം വായനയെ തളർത്തിയോ? നവമാധ്യമങ്ങൾ വെല്ലുവിളിയായോ? 2023നെ വായിച്ച് മടക്കുമ്പോൾ മറച്ചുതീർത്ത താളുകളിൽ എന്തൊക്കെ കണ്ടു? എഴുത്തിന്റെ, വായനയുടെ പോയ വർഷത്തെ കണക്കെടുപ്പിൽ എന്തുണ്ട് ബാക്കി?

മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ പലരുടെയും പുതിയ പുസ്തകങ്ങൾ ഇല്ലാതിരുന്ന വർഷം കൂടിയാണ് കടന്നുപോയത്. സാറാ ജോസഫ് മാത്രമാണ് 2023നെ തൊട്ടെഴുതിയത്. ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, കെ.ആർ. മീര, ടി.ഡി രാമകൃഷ്ണൻ തുടങ്ങിയവർക്കൊന്നും പോയ വർഷം പുതിയ പുസ്തകങ്ങളില്ല. ആത്മകഥകളും ജീവചരിത്രങ്ങളും ഓർമപ്പുസ്തകങ്ങളും കൂടുതലായി വായിക്കപ്പെട്ടതും പോയ വർഷത്തെ മാറിയ പ്രവണതയാണ്. പുനർവായനകളുടെ കൂടി കാലമായിരുന്നു കടന്നുപോയതെന്നും പ്രസാധകര്‍ സാക്ഷ്യം പറയുന്നു.

സാറാ ജോസഫിന്റെ ‘കറ’ ഇക്കൊല്ലം മലയാളിയുടെ വായനാനുഭവങ്ങൾക്ക് പുതുഭാവുകത്വം പകർന്നുനൽകി. മനസ്സുകളിലെയും ജീവിത വ്യവഹാരങ്ങളിലെയും പലതരം കറകളിലേക്കു നീളുന്ന ‘കറ’യിലൂ‌ടെ മനുഷ്യപക്ഷരാഷ്ട്രീയമാണ് വായിക്കപ്പെടുന്നത്.  പ്രസന്നരാജൻ എഴുതിയ കെ.പി.അപ്പൻ നിഷേധിയും മഹർഷിയും, കെ.എൻ പ്രശാന്തിന്റെ പാതിരാലീല, വി.ഷിനിലാലിന്റെ ഇരു, ജി.ആർ.ഇന്ദുഗോപന്റെ ആനോ, എസ്.ഹരീഷ് എഴുതിയ ​ഓഗസ്റ്റ് 17, സി.വി.ബാലകൃഷ്ന്റെ അരുൾ, സി.രാധാകൃഷ്ണന്റെ സ്വയം വരം, കൽക്കിയുടെ പാർഥിവൻ കനവ്, ഡോ.എ.എം ഉണ്ണികൃഷ്ണന്റെ ഭാഷയിൽ മലയാളിയുടെ ജീവിതം, കെ.വേണു രചിച്ച മാർക്സിസം ഉത്ഭവവും വികാസവും പരാജയവും, സുധാമേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ, - ഇവയെല്ലാം പോയവർഷത്തിന്റെ പുസ്തക ഷെൽഫിലെ മുൻനിരക്കാരാണ്.

എഴുത്തിന്റെ വിവിധങ്ങളായ മേഖലകളെ വായിച്ചുകടന്നുപോയ വർഷമാണ് 2023. സി.രാധാകൃഷ്ണന്റെ സ്വയം വരം, കൽക്കിയുടെ പാർഥിപൻ കനവ്, സലീം കുമാറിന്റെ ഓർമക്കുറിപ്പുകളായ ഈശ്വരാ വഴക്കില്ലല്ലോ, മാനുവൽ ജോർജിന്റെ സനാരി, ചെറുവയൽ രാമന്റെ ആത്മകഥ, ശ്രീകുമാരൻ തമ്പിയുടെ കറുപ്പും വെളുപ്പും മായാവർണങ്ങളും, രവി വർമ തമ്പുരാന്റെ ഇരുമുടി, പ്രഫ.കുളത്തൂർ കൃഷ്ണൻ നായരുടെ തെറ്റരുത് മലയാളം, ജോസ് പനച്ചിപ്പുറം എഴുതിയ ഇറക്കം എന്നിവയാണ് മനോരമ ബുക്സിന്റെ പോയവർഷം ഏറ്റവും കൂടുതൽ വായിക്കപ്പെ‌ട്ട പുസ്തകങ്ങളെന്ന് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് പറയുന്നു.

നോവലിനും ചെറുകഥകള്‍ക്കും ഒപ്പം എഴുത്തിന്റെ സമസ്തഭാവങ്ങളും വായിക്കപ്പെട്ട വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്. പോയ വര്‍ഷം ഏറ്റവും വായിക്കപ്പെട്ട പുസ്തകം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം കാലം സാക്ഷി എന്നാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയാണ് അത്. പ്രസാധകര്‍: മാതൃഭൂമി. ആ ജിവിതത്തിലെ കൗതുകവും അനുഭവതീവ്രതയും  ആ പുസ്തകത്തിലും വായനക്കാര്‍ കണ്ടെത്തി.   ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്റെ ഇന്ത്യൻ റെയിൻബോയും അഞ്ച് പതിപ്പുകൾ പുറത്തിറങ്ങി. മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉൻമാദം, കെ.പി.അപ്പൻ നിഷേധിയും നിഷേധിയും മഹർഷിയും, എതിരൻ കതിരവന്റെ ലേഖനസമാഹാരം... ഇവയൊക്കെയും ബെസ്റ്റ് സെല്ലേഴ്സ് പട്ടികയിൽ വരും. ജി.ആർ ഇന്ദുഗോപന്റെ ആനോ, വി.ഷിനിലാലിന്റെ ഇരു, ചെറായി രാമദാസിന്റെ താത്രീ സ്മാർത്തവിചാരം, എം കുഞ്ഞാമന്റെ ആത്മകഥയായ എതിര് എന്നിവയാണ് പോയവർഷം ഏറെ വായനക്കാരിലേക്ക് എത്തിയതെന്ന് ഡിസി ബുക്സ് പബ്ലിക്കേഷൻ മാനേജർ എ.വി.ശ്രീകുമാർ പറയുന്നു.

സാറാ ജോസഫിന്റെ ‘കറ’ തന്നെയാണ് കറന്റ് ബുക്സിന്റെ 2023ലെ ബെസ്റ്റ് സെല്ലർ. പുനർവായനകളിൽ ബഷീറും എം ടിയും മാധവിക്കുട്ടിയും ഒ.വി വിജയനും എക്കാലത്തും വായനക്കാരുടെ പ്രിയപ്പെട്ട പട്ടികയിൽ തന്നെയുണ്ട്. എം.ടിയുടെ മഞ്ഞ്, കാലം, മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, എന്റെ കഥ, ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്നിവയ്ക്കാണ് എന്നും വായനക്കാരേറെയുള്ളത്. ബഷീറിന്റെ എല്ലാ പുസ്തകങ്ങളും എക്കാലത്തെയും ബെസ്റ്റ് സെല്ലർ തന്നെ. ഇവയ്ക്കൊപ്പം ഇന്റർനാഷണൽ ബെസ്റ്റ് സെല്ലേഴ്സ് ആയ പുസ്തകങ്ങളുടെ നല്ല വിവർത്തനങ്ങളും മലയാളികൾ ഈ വർഷവും തിരഞ്ഞെടുത്തു. സാപ്പിയൻസ്, ഇക്കിഗായി, ആറ്റോമിക് ഹാബിറ്റ്സ് വിവർത്തനങ്ങൾക്ക് മലയാളി വായനക്കാരിൽ പോയവർഷവും ആവശ്യക്കാരേറെ ഉണ്ടായി.

ഫിക്ഷനുകളിൽ നിന്നും ലഘുവായനകളിലേക്കുള്ള മലയാളി വായനക്കാരുടെ ചുവടുമാറ്റം 2023ന്റെ ആസ്വാദനസ്വഭാവത്തിലും പ്രകടമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഓർമപ്പുസ്തകങ്ങളും ജീവചരിത്രങ്ങളും ഇക്കുറിയും വലിയ തോതിൽ വായിക്കപ്പെട്ടത്. പുതിയ കാലത്ത് വായനയുടെ നൈരന്തര്യം വെല്ലുവിളിയായതുകൊണ്ടുകൂടിയാണ് ചിതറിയ വായനകൾക്കുകൂടി സാധ്യതകളുള്ള ഓർമപ്പുസ്തകങ്ങളിലേക്ക് വായനക്കാർ കൂടുതലായി ആകർഷിക്കപ്പെടുന്നത്. യാത്രകളോടുള്ള മലയാളിയുടെ താൽപ്പര്യം കൂടിയതിനാൽ തന്നെ യാത്രാവിവരണങ്ങളും വലിയതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.

ശ്രദ്ധേയമായ നോവലുകൾ അധികം വരാതിരുന്നൊരു വർഷം കൂടിയാണിത്. കവിതകൾ വലിയ വിൽപ്പനയ്ക്കുള്ള ജോണറുകൾ അല്ലാതായിട്ടും കാലങ്ങളേറെയായി. ബാലസാഹിത്യമേഖലയിലും മലയാളത്തിന് വളർച്ചക്കുറവുണ്ടെന്ന് പ്രസാധകര്‍ പറയുന്നു. മലയാളത്തിലെ ബാലസാഹിത്യമേഖലയ്ക്ക് വലിയ പരിവർത്തനങ്ങൾ സംഭവിക്കാത്തതും ഇംഗ്ലിഷ് ബാലസാഹിത്യശാഖ ഏറെ ദൂരം മുന്നോട്ടുപോയതും കുട്ടികളെ പിന്തിരിപ്പിക്കുന്ന ഘടകമാണെന്നാമ് വിലയിരുത്തല്‍.

ഇലക്ട്രോണിക് മീഡിയയുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം വായനയെ ബാധിക്കില്ല എന്ന് തീര്‍ത്തുപറയുന്നു 2023. മറിച്ച് സോഷ്യല്‍ മീഡിയ നല്ല പുസ്തകങ്ങളിലേക്കുള്ള വാതിലാകുന്ന കാഴ്ചയും കണ്ടു ഇക്കാലയളവില്‍. ഇലക്ട്രോണിക് മീഡിയയും സോഷ്യൽ മീഡിയയും വായനയുടെ വിശാലലോകത്തിന്  പ്രതികൂലമാകുമോ എന്ന ആശങ്കകൾ അപ്രസക്തമാണെന്ന് ബോധ്യമായ വർഷമാണ് കടന്നുപോയത്. എന്നുമാത്രമല്ല സോഷ്യൽമീഡിയ  വലിയൊരളവോളം വായനയെ സഹായിക്കുന്നുവെന്നും തെളിഞ്ഞു കാണുകയാണ് ഇപ്പോള്‍. സോഷ്യൽമീഡിയകളിൽ പുസ്തകങ്ങളെക്കുറിച്ചു വരുന്ന കുറിപ്പുകളും ചർച്ചകളുമാണ് ഈയൊരു കാലത്തും വായനയെ ഇത്ര സജീവമായി നിലനിർത്തുന്നത് എന്നുതന്നെ പറയേണ്ടിവരും. നിരൂപകർ എന്നൊരു വർഗം ഇല്ലാതാവുകയും ഓരോ സാധാരണക്കാരന്റെയും അഭിപ്രായങ്ങൾ പോലും മാനിക്കപ്പെടുകയും ചെയ്യുന്ന നവമാധ്യമകാലത്ത് വായന കുറേക്കൂടി ജനകീയമായിത്തീർന്നിരിക്കുന്നു.

നല്ലൊരു ഇന്‍ഫ്ലുവൻസർ രസകരമായൊരു റീൽ ചെയ്താലോ പ്രമുഖർ ഒരു പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്താലോ പോലും അത് പുസ്തകങ്ങളിലേക്ക് കൂടുതൽ പേരെ എത്തിക്കുന്ന പ്രവണതയാണ് അടുത്ത കാലത്ത് കണ്ടത്. അതിനൊരു ഉദാഹരണമാണ് വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട എൻ. മോഹനന്റെ ഒരിക്കൽ എന്ന ചെറുകഥ കഴിഞ്ഞ ഒന്നു രണ്ടുമാസങ്ങളിൽ ഏറ്റവും കൂടുതൽ ചെറുപ്പക്കാർ അന്വേഷിച്ചുനടന്ന പുസ്തകമായി മാറിയത്. ഒരു പെൺകുട്ടിയുടെ ഇന്‍സ്റ്റ റീൽ ആണ് ഇതിന് കാരണം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ആർക്കും കുറിപ്പെഴുതുവാനും അഭിപ്രായം പറയുവാനും പരിമിധികളില്ലാതായ പുതിയ കാലം വായനയെ മറ്റൊരു തലത്തിലേക്കാണ്കൊണ്ടെത്തിച്ചത്. ഇ- ബുക്കുകളും ഓഡിയോ ബുക്കുകളും പോലും പുസ്തകങ്ങളിലേക്കു തന്നെയാണ് വഴി നടത്തുന്നത്.

കോവിഡ് കാലത്തും ലോക്ഡൗൺകാലത്തും അൽപം പോലും തളരാതിരുന്ന ഒരു മേഖല കൂടിയാണ് പബ്ലിഷിങ് ഇൻഡസ്ട്രി എന്നത് വരും വർഷങ്ങളിലും വായനയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നു. ലോകം മഴുവൻ വായന മരിക്കുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കാലമിത്രയായിട്ടും ഇപ്പോഴും പുസ്തകങ്ങൾ നിലനിൽക്കുന്നു എന്നത് ചെറുതായ കാര്യമല്ല.

 വായനയ്ക്കപ്പുറം മറ്റൊന്നുമില്ല എന്ന വലിയ അറിവ് പടര്‍ത്തുക എന്നതാണ് പ്രധാനം. പുസ്തകപ്രസാധനനം കേരളത്തിലെങ്കിലും ശുഭകരമായ കച്ചവടം തന്നെയെന്ന് കണക്കുകള്‍ പറയുന്നു. വരുംവര്‍ഷം പുതിയ എഴുത്തിന്റേതാകട്ടെ. ആഴമുള്ള ചിന്തകളുടെ പുതിയ വന്‍കരകളും രസികന്‍ അനുഭവങ്ങളുടെ പുതുലോകങ്ങളും എഴുത്തില്‍ വന്നു പിറക്കട്ടെ. കാത്തിരിക്കാം.

MORE IN SPOTLIGHT
SHOW MORE