ഭാരത് ജോഡോ യാത്ര മുതല്‍ അയോധ്യ വരെ; 2023 ല്‍ ദേശീയ രാഷ്ട്രീയം കണ്ടത്

845-440-Year-Ending
SHARE

ചരിത്രപരം, അഭൂതപൂര്‍വം, അപ്രതീക്ഷിതം. കഴിഞ്ഞ 12 മാസം രാജ്യം ആവര്‍ത്തിച്ചുകേട്ട വാക്കുകളാണിത്. അത്രയേറെ പ്രാധാന്യമുള്ള അനേകം സംഭവങ്ങള്‍ക്കാണ് 2023 സാക്ഷ്യം വഹിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും. ഗുസ്തി താരങ്ങളുടെ കണ്ണീര്‍ കണ്ട് തുടങ്ങിയ വര്‍ഷം അവരുടെ പൊട്ടിക്കരച്ചിലിലാണ് അവസാനിക്കുന്നത്. പോരാട്ടങ്ങള്‍ക്ക് വൈകിയെങ്കിലും ഫലമുണ്ടാകുമെന്ന പുതുവര്‍ഷ പ്രതീക്ഷ മാത്രം ബാക്കി.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം

ANI_20230528187

ഒളിംപിക്സിലടക്കം ഇന്ത്യയ്ക്കായി മെഡല്‍ വാരിക്കൂട്ടിയ വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരാണ് 2023ല്‍ ഉടനീളം രാജ്യം ഓര്‍ത്തിരിക്കുക. ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ വനിതാതാരങ്ങള്‍ ലൈംഗികപീഡന പരാതി നല്‍കിയതോടെയായിരുന്നു തുടക്കം. ബിജെപി എംപിയായ സിങ്ങിനെതിരായ പരാതി സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് വിസമ്മതിച്ചതോടെ  അഭിമാന താരങ്ങൾ നടുറോഡില്‍ സമരം തുടങ്ങി. പിന്തുണയുമായി ജനം ഒഴുകിയെത്തി. ട്രാക്ടറുകളുമായി ഡല്‍ഹി വളയുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അനങ്ങിയത്. എന്നാല്‍ ഉറപ്പുകള്‍ പാഴായി. ബ്രിജ്ഭൂഷണ് ഒന്നും സംഭവിച്ചില്ല. അനുയായികളെ ഫെഡ‍റേഷന്‍ തലപ്പത്തെത്തിച്ച് അയാള്‍ വിജയമുദ്രകാട്ടി. സാക്ഷി മാലിക് ഗോദയോട് വിടപറഞ്ഞു. ബജ്റംഗ് പൂനിയയും വിനേഷ ഫോഗട്ടും പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി. ഒടുവില്‍ മുഖം രക്ഷിക്കാന്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് മരവിപ്പിച്ച് സര്‍ക്കാര്‍ ഇടപെട്ടു. താരങ്ങള്‍ക്ക് നീതി കിട്ടുമോയെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.

ഭാരത് ജോഡോ യാത്ര

INDIA-KASHMIR-POLITICS-CONGRESS

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ രാഹുല്‍ ഗാന്ധിയെ പുനഃപ്രതിഷ്ഠിച്ച ചരിത്രസംഭവമായിരുന്നു ഭാരത് ജോഡോ യാത്ര. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന സന്ദേശമുയര്‍ത്തി കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെ നീണ്ട യാത്ര കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നിരയുടെ നേതൃത്വത്തില്‍ തിരിച്ചെത്തിച്ചു. 136 ദിവസമെടുത്ത് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും പിന്നിട്ട് നാലായിരം കിലോമീറ്ററിലധികം നീണ്ട യാത്ര ഈ പ്രദേശങ്ങളില്‍ സംഘടനയ്ക്ക് പുതിയ ഉണര്‍വുനല്‍കി. എന്നാല്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞോ എന്ന ചോദ്യം അവശേഷിക്കുന്നു. അടുത്തമാസം തുടങ്ങുന്ന രണ്ടാം യാത്ര അതിനുള്ള മറുപടിയായേക്കും.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

ലോക്സഭാതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള വര്‍ഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബിജെപി വമ്പന്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കണ്ടത്. കര്‍ണാടകയും തെലങ്കാനയും ഒഴികെ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ മേഖലയിലും നടന്ന തിരഞ്ഞെടുപ്പുകളെല്ലാം ബിജെപി തൂത്തുവാരി. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും നഷ്ടമായ കോണ്‍ഗ്രസിന് ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാര്‍ഥ്യമാക്കിയെന്ന ആശ്വാസം മാത്രമാണ് ബാക്കിയുള്ളത്. തെലങ്കാനയില്‍ ബിജെപി ഭരണത്തിലുണ്ടായിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. അവിടെയും കര്‍ണാടകത്തിലും പ്രാദേശിക നേതാക്കളായിരുന്നു യഥാര്‍ഥ വിജയശില്‍പികള്‍.

'ഇന്ത്യാ' മുന്നണി

ANI_20231219377

മോദിയെ നേരിടാന്‍ ഒന്നിക്കുകയല്ലാതെ മറ്റുവഴിയില്ലെന്ന തിരിച്ചറിവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യ മുന്നണി രൂപീകരിച്ചതാണ് 2023ലെ മറ്റൊരു സുപ്രധാന രാഷ്ട്രീയസംഭവം. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഭരണം കയ്യാളുന്ന എന്‍ഡിഎയ്ക്കെതിരെ പാര്‍ലമെന്റിലും പുറത്തും തിരഞ്ഞെടുപ്പിലും ഒന്നിച്ചുപോരാടാനാണ് തീരുമാനം. ഇടതുപാര്‍ട്ടികളോടും കോണ്‍ഗ്രസിനോടും സഖ്യമുണ്ടാക്കാന്‍ മമത ബാനര്‍ജി വരെ തയാറായി എന്നത് സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികള്‍ക്ക് ഏതളവില്‍, ഏതൊക്കെ കാര്യങ്ങളില്‍ യോജിച്ചുനില്‍ക്കാന്‍ കഴിയും എന്നതാണ് വെല്ലുവിളി. മണിപ്പുര്‍ അക്രമങ്ങളിലും പാര്‍ലമെന്റിലെ പോരാട്ടങ്ങളിലും നല്ല യോജിപ്പ് പ്രകടമായെങ്കിലും സീറ്റ് വിഭജനവും പൊതുപരിപാടിയും ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളിലെ ഭിന്നിപ്പ് മറനീക്കാനിരിക്കുന്നതേയുള്ളു.

 എഎപിക്ക് ദേശീയ പാര്‍ട്ടി പദവി

ANI_20231217368

ഡല്‍ഹിയിലെ മധ്യവര്‍ഗ പാര്‍ട്ടിയെന്ന ലേബലോടെ വന്ന് തലസ്ഥാനത്തും പിന്നീട് പഞ്ചാബിലും അധികാരം പിടിച്ച എഎപി ദേശീയ പാര്‍ട്ടിയായി വളര്‍ന്ന കാഴ്ചയ്ക്കും 2023 സാക്ഷിയായി. പഞ്ചാബിലെ തിരഞ്ഞെടുപ്പ് വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടി ദേശീയ പദവിയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനും, എന്‍സിപിക്കും സിപിഐയ്ക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, എഎപി എന്നിവയ്ക്കുമാത്രമേ ഇപ്പോള്‍ ഈ പദവിയുള്ളു.

പുതിയ പാര്‍ലമെന്‍റ് മന്ദിരം

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ പലവട്ടം ഉയര്‍ന്ന പുതിയ പാര്‍ലമെന്റ് മന്ദിരം എന്ന നിര്‍ദേശം 2023ല്‍ യാഥാര്‍ഥ്യമായി. 1200 കോടി രൂപ ചിലവില്‍ നിര്‍മിച്ച പുതിയ മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് വിവാദമായി. പ്രതിപക്ഷം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു. താമരയുടെയും മയിലിന്‍റെയും ആകൃതിയിലാണ് രാജ്യസഭയുടെയും ലോക്സഭയുടെയും അകത്തളങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ച ചെങ്കോലും വാര്‍ത്താതാരമായി.

രാഹുലിന് അയോഗ്യത

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കപ്പെട്ടതാണ് 2023ലെ ഏറ്റവും നാടകീയ രാഷ്ട്രീയസംഭവം. കര്‍ണാടക തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ 'മോദി' പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്ത് കോടതി രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതാണ് കാരണം. ഗുജറാത്ത് ഹൈക്കോടതിയും കടന്ന് ഒടുവില്‍ സുപ്രീംകോടതിയിലെത്തിയതോടെയാണ് കേസിലെ നിര്‍ണായക ചോദ്യങ്ങള്‍ പരിഗണിക്കപ്പെട്ടതും കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യപ്പെട്ടതും. 134 ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ ഗാന്ധി ലോക്സഭയില്‍ മടങ്ങിയെത്തി.  

മണിപ്പുര്‍ കലാപം

ANI_20230903146

രാജ്യത്തിന്റെ നെഞ്ചിലെ നെരിപ്പോടായി മണിപ്പുര്‍ മാറിയ വര്‍ഷമാണിത്. കുക്കികളും മെയ്തെയ്കളും തമ്മില്‍ സംവരണത്തെ ചൊല്ലിയുണ്ടായ കലഹം കലാപമായി. സംസ്ഥാനം അക്ഷരാര്‍ഥത്തിൽ കത്തി. ഗ്രാമങ്ങളില്‍ ആളുകള്‍ ജീവനോടെ വെന്തെരിഞ്ഞു. ഇരുട്ടി വെളുത്തപ്പോള്‍ ആയിരങ്ങള്‍ അനാഥരും കിടപ്പാടമില്ലാത്തവരുമായി. മണിപ്പൂരില്‍ തീയാളിക്കത്തിയിട്ടും പ്രധാനമന്ത്രി എത്താതിരുന്നത് വലിയ പ്രതിഷേധത്തിന് വഴിവച്ചു. സുപ്രീംകോടതി നേരിട്ടിടപെട്ടിട്ടും മണിപ്പുര്‍ അശാന്തമായി തുടരുകയാണ്.

മദ്യനയ അഴിമതിക്കേസ്

മദ്യനയ അഴിമതിക്കേസിൽ എഎപി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയം രൂപീകരിച്ചതിലും മദ്യശാലകള്‍ തുറക്കുന്നതിനുമായി അനധികൃത ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നാണ് കേസ്. സിസോദിയ ഒരഴിമതിയും നടത്തിയിട്ടില്ലെന്നും വൃത്തികെട്ട രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് അറസ്റ്റെന്നുമായിരുന്നു കേജ്‍രിവാളിന്‍റെ പ്രതികരണം.

ജി20 ഉച്ചകോടി

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യ ആദ്യമായി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. അധ്യക്ഷപദവിയിലൂടെ വികസനത്തിന് ഇന്ത്യ മാനുഷിക മുഖം നൽകിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 416.19 കോടി രൂപ ചിലവഴിച്ച് നടത്തിയ ഉച്ചകോടി കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി ബിജെപി വിപുലമായ പ്രചാരണം നടത്തി. ഉച്ചകോടിയിൽ ഇന്ത്യയ്ക്കുപകരം ഭാരത് എന്ന പേരുപയോഗിച്ചത് വലിയ തോതിൽ ചര്‍ച്ചയാവുകയും ചെയ്തു.

വനിതാ സംവരണ നിയമം

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കി. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ നീക്കി വയ്ക്കുന്നതാണ് നിയമം. ഈ 33 ശതമാനത്തിലെ മൂന്നിലൊന്ന് സീറ്റുകള്‍ പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്കാണ്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം സംവരണം പ്രാബല്യത്തില്‍ വരും. ഭരണഘടനയുടെ 128-ാം ഭേദഗതി ബിൽ 'നാരി ശക്തി വന്ദന്‍ അധിനിയം'എന്ന പേരില്‍ അറിയപ്പെടും.

മഹുവ മൊയ്ത്രയ്ക്ക് അയോഗ്യത

ANI_20230920220

പതിനേഴാം ലോക്സഭയിലെ മികച്ച പ്രാസംഗികരില്‍ ഒരാളും കടുത്ത മോദി വിമര്‍ശകയുമായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കും ലോക്സഭാംഗത്വം നഷ്ടമായി. പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്‍വേഡും ദുരുപയോഗം ചെയ്തെന്നും ചോദ്യമുന്നയിക്കാന്‍ കോഴ കൈപ്പറ്റിയെന്നുമായിരുന്നു ആരോപണങ്ങള്‍. ആദ്യത്തെ ആരോപണം പരിശോധിച്ച എത്തിക്സ് കമ്മിറ്റി മഹുവ തെറ്റുകാരിയാണെന്ന് റിപ്പോര്‍ട്ട് നല്‍കി. പുറത്താക്കല്‍ പ്രമേയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു. സുപ്രീംകോടതിയാണ് മഹുവയുടേയും അടുത്ത ആശ്രയം.

പാര്‍ലമെന്‍റ് പുകയാക്രമണം

പാര്‍ലമെന്റ് ഭീകരാക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തില്‍ രാജ്യം വീണ്ടും ഞെട്ടി. ഒരുസംഘം യുവാക്കള്‍ പാര്‍ലമെന്റിനുള്ളില്‍ക്കടന്ന് പുകയാക്രമണം നടത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലും പുറത്തും ഒരേസമയം ഉണ്ടായ പ്രതിഷേധം സര്‍ക്കാരിന് വലിയ നാണക്കേടായി. ഇതിന്മേല്‍ ചര്‍ച്ച വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ച എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തു. അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപിയോട് വിശദീകരണം തേടാന്‍ പോലും സര്‍ക്കാരോ സഭാധ്യക്ഷനോ തയാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ആകെ 141 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജനാധിപത്യത്തില്‍ വിയോജിപ്പിന് ഇടം ഇനി സഭയ്ക്ക് പുറത്ത്.

ക്രിമിനല്‍ നിയമ പരിഷ്കരണം

ANI_20231221378

പ്രതിപക്ഷത്തെ പുറത്താക്കിയ സമയം കൊണ്ട് ക്രിമിനല്‍ നിയമം സമഗ്രമായി പരിഷ്കരിക്കുന്ന സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കി. ഐപിസി ഭാരതീയ ന്യായ സംഹിതയയായും സിആര്‍പിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയായും തെളിവുനിയമം ഭാരതീയ സാക്ഷ്യയുമായി മാറി. ശിക്ഷയെക്കാള്‍ നീതി ഉറപ്പാക്കുന്നതിനാണ് പ്രാമുഖ്യമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിന് പുറമെ വിവാദമായ ടെലികോം ബില്ലും പാര്‍ലമെന്റ് പാസാക്കി. രാജ്യസുരക്ഷയ്ക്കായി വ്യക്തികളുടെ ഫോണ്‍ നിരീക്ഷിക്കാനും പ്രത്യേക സാഹചര്യങ്ങളിൽ ടെലി കമ്യൂണിക്കേഷന്‍ സേവനം നിയന്ത്രിക്കാനും നിര്‍ത്തി വയ്ക്കാനും സര്‍ക്കാരിന് അധികാരം നൽകുന്നതാണ് നിയമം.

ANI_20231219086

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി

ജമ്മുകശ്മീരിന് പ്രത്യേകപദവി ഇല്ലാതായി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് ആവര്‍ത്തിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ചു. കശ്മീരിന് സംസ്ഥാനപദവി തിരികെനല്‍കി അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ചരിത്രവിധിയോട് രാഷ്ട്രീയപാര്‍ട്ടികളും കശ്മീരിലെ സംഘടനകളും സംയമനത്തോടെയാണ് പ്രതികരിച്ചത്.

അയോധ്യയില്‍ രാമക്ഷേത്രം

ANI_20231224110

അയോധ്യയിലെ പുതിയ രാമക്ഷേത്രം പ്രതിഷ്ഠാകര്‍മത്തിന് തയാറായി. ജനുവരി 22ന് നടത്താനിരിക്കുന്ന പ്രതിഷ്ഠയും ഉദ്ഘാടനവും ഇതിനകം രാഷ്ട്രീയചര്‍ച്ചയായിക്കഴിഞ്ഞു. രാമക്ഷേത്രം പൊതുതിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ ആയുധമാക്കാന്‍ ബിജെപി ഒരുങ്ങുമ്പോള്‍ പ്രതിപക്ഷത്ത് ആശയക്കുഴപ്പം വ്യക്തമാണ്. പ്രധാനമന്ത്രിയും അമിത് ഷായും ആര്‍എസ്എസ് അധ്യക്ഷനും പങ്കെടുക്കുന്ന ചടങ്ങില്‍ പ്രതിപക്ഷത്തെ പ്രമുഖര്‍ക്കും ക്ഷണക്കത്തയച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികളും സമാജ്‍വാദി പാര്‍ട്ടി എംപി കപില്‍ സിബലും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചില്ല.

ചന്ദ്രയാനും വന്ദേഭാരതും വനിതാസംവരണവും പുതിയ പാര്‍ലമെന്റുമെല്ലാം ഒരുഭാഗത്ത് പ്രതീക്ഷ പകരുമ്പോള്‍ മണിപ്പൂരിന്റെ നിലവിളിയും പ്രതിപക്ഷശബ്ദമില്ലാത്ത പാര്‍ലമെന്റും പാഠപുസ്തകങ്ങളിലെ നിറംമാറ്റവും അസ്വസ്ഥതകളും അനീതികളുമെല്ലാം മറുഭാഗത്ത് അശാന്തി പടര്‍ത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. പുതിയ വര്‍ഷം വലിയ പ്രതീക്ഷകളും പുതിയ പരീക്ഷകളും കൊണ്ടുവരുമെന്ന ഉറപ്പില്‍ 2023ന് വിട.

India 2023; Major political events

MORE IN INDIA
SHOW MORE