jaik-c-thomas-life

അതികായനായ ഉമ്മന്‍ചാണ്ടിയെ രണ്ടുവട്ടം നേരിട്ടതിന്റെ ആത്മവിശ്വാസവും പരിചയസമ്പത്തും കൈമുതലാക്കിയാണ് ചാണ്ടി ഉമ്മനെതിരെ ജെയ്ക് സി.തോമസ് പുതുപള്ളിയില്‍ മല്‍സരത്തിനിറങ്ങുന്നത്. ബി.എ.കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സിലബസ് മാറ്റിയതുമായി ബന്ധപ്പെട്ട് 2010ല്‍ കോട്ടയം സി.എം.എസ് കോളജില്‍ എസ്.എഫ്.െഎ നടത്തിയ സമരത്തിലൂടെയാണ് ജെയ്ക് സി.തോമസ് എന്ന യുവനേതാവിന്റെ പിറവി.

 

െജയ്ക് സി.തോമസ്. 33 വയസ്. സിപിഎം കോട്ടയം ജില്ല കമ്മറ്റിയംഗം. ഡി.വൈ.എഫ്.െഎയുടെ കേന്ദ്ര–സംസ്ഥാന കമ്മിറ്റിയിലും അംഗം. എസ്.എഫ്.െഎയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ്. മണര്‍കാട് യാക്കോബായ പള്ളി അംഗമായ ജെയ്ക് 2016ല്‍ തന്റെ ഇരുപത്തിയാറാം വയസിലാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ജെയ്ക് മല്‍സരത്തിനിറങ്ങിയത്. 2016ലും 2021ലും പുതുപള്ളിയില്‍ ഉമ്മന്‍ചാണ്ടിയോട് തോറ്റു. പക്ഷെ 2016ല്‍ ഉമ്മന്‍ചാണ്ടി നേടിയ 27,092 എന്ന ഭൂരിപക്ഷം 2021ല്‍ 9044ലായി കുറച്ച് കരുത്തുകാട്ടി ജെയ്ക്.  2010ല്‍ എസ്.എഫ്.െഎ കോട്ടയം ഏരിയ കമ്മറ്റി അംഗംകൂടിയായ ജെയ്ക് സി.തോമസിനെ എസ്.എഫ്.െഎ സമരത്തിന്റെ തുടര്‍ച്ചയായി കോളജില്‍നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് പരീക്ഷ എഴുതാന്‍ അനുവദിച്ചു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി സി.എം.എസ് കോളജ് വിഷയത്തില്‍ എസ്.എഫ്.െഎ അക്രമത്തിലെ പൊലീസ് വീഴ്ചയ്ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. പിന്നീട് എസ്.എഫ്.െഎ ജില്ല പ്രസിഡ‍ന്റ് സ്ഥാനത്തേക്കെത്തിയ ജെയ്ക് സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെയാണ് ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഉമ്മന്‍ചാണ്ടിക്കെതിരെ നിയോഗിച്ചതും. 

 

ആദ്യമായി സ്ഥാനാര്‍ഥിയായ ശേഷം പുതുപ്പള്ളിക്കൊരു പുസ്തകം എന്ന പരിപാടി വഴി നവമാധ്യമങ്ങളിലൂടെ മണ്ഡ‍ലത്തില്‍ ജെയ്ക് സജീവമായ ഇടപെടല്‍ നടത്തിയിരുന്നു. രണ്ടുവട്ടം തോറ്റെങ്കിലും ഇതുവരെ നടത്തിയ ഇടപെ‌ടലുകളും മണ്ഡലപരിചയവും ജെയ്കിന് പകരുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. ചരിത്രത്തില്‍ രണ്ടുവട്ടം മാത്രം കൈയ്യിലൊതുങ്ങിയ മണ്ഡലത്തില്‍ ഇ.എം.ജോര്‍ജിന്റെ പേരിനൊപ്പം ജെയ്കിന്റെ പേരും എഴുതിചേര്‍ക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.

 

Jaik Thomas in Puthupally election