Jaick-C-Thomas-mother

അരനൂറ്റാണ്ടിനുശേഷമാണ് ഉമ്മൻ ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിന് പുതുപ്പള്ളി നിയോജക മണ്ഡലം തയാറെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ എത്തുമ്പോൾ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് യുഡിഎഫും കോൺഗ്രസും പ്രതീക്ഷിക്കുന്നത്.. എന്നാൽ മറുവശത്ത് കോൺഗ്രസ് നേതാക്കൾ പരിഹസിക്കുന്നതുപോലെ തോൽക്കാനല്ല തങ്ങൾ മത്സരിക്കുന്നതെന്നാണ് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത്. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക്‌ സി. തോമസും എത്തിയതോടെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. 33-കാരനായ ജെയ്‌ക്കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാമങ്കമാണ്. 2016-ലാണ് ജെയ്‌ക്ക്‌ പുതുപ്പള്ളിയിൽ കന്നിമത്സരത്തിനിറങ്ങിയത്. അന്ന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 2021-ൽ ഉമ്മൻചാണ്ടിയും ജെയ്‌ക്കുമായുള്ള ദൂരം കുറഞ്ഞിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മൻചാണ്ടി ജയിച്ചത്.

ഇപ്പോഴിതാ മത്സരത്തിന് ഇറങ്ങുന്ന മകനെ‌പ്പറ്റി വാചാലയാകുകയാണ് ജെയ്ക്കിന്റെ മാതാവ് അന്നമ്മ തോമസ്. കോൺഗ്രസ് കുടുംബത്തിൽനിന്ന് എസ്എഫ്ഐ പ്രവർത്തകനായ ജെയ്ക് സി തോമസിനെ ആദ്യകാലത്ത് കുടുംബം വിലക്കിയിരുന്നെങ്കിലും ഇന്ന് അഭിമാനമാണെന്ന് പറയുകയാണ് ജെയ്ക്കിന്റെ അമ്മ . ജന്മനാടായ മണർകാടും പുതുപ്പള്ളിയിലെ പാർട്ടി പ്രവർത്തകരും  ആവേശത്തിലാകുമ്പോൾ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണെന്നും അമ്മ പറയുന്നു. ചാനൽ ചർച്ചകളിൽ കാണുന്ന ജെയ്ക്കല്ല യഥാർഥ ജെയ്ക്കെന്നും ചെറുപ്പകാലം മുതലേ പുസ്തകങ്ങൾ വായിച്ചിരുന്ന ജെയ്ക്ക് എപ്പോഴും വായനയുണ്ടായിരുന്നെന്നും പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങിയിരുന്നെന്നും അമ്മ പറയുന്നു. ആദ്യം  കോൺഗ്രസ് കുടുംബമായിരുന്നുവെന്നും ജെയ്ക് സിപിഎമ്മിലേക്ക് പോയതോടെ  ഞങ്ങളും സിപിഎമ്മിലേക്ക് ആയി എന്നും അമ്മ പറഞ്ഞു, വിഡിയോ കാണാം.