ഇന്നത്തെ വിദ്യാർഥിയാണ് നാളത്തെ ഭരണചക്രം തിരിക്കേണ്ടത്. ആ തിരിച്ചറിവ് മുന്നിൽക്കണ്ടാണ് ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ചിലത്. പുന്നപ്ര CYMA UP സ്കൂളിൽ ക്ലാസ് മുറികൾ ശീതീകരിച്ചും, അറ്റാച്ച്ഡ് ടോയ്ലറ്റ് സൗകര്യവും വൺ ചെയർ വൺ ടേബിൾ പദ്ധതി ആവിഷ്കരിച്ചുമൊക്കെയാണ് പഞ്ചായത്ത് ഭരണസമിതി മാതൃകയാകുന്നത്.
ശീതീകരിച്ച ക്ലാസ് റൂം, അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യം വൺ ചെയർ വൺ ടേബിൾ സിസ്റ്റം. പഠനത്തിനൊപ്പം വിദ്യാർഥികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനും പരിഗണന. ക്ലാസ്സിൽ പഠനാവശ്യത്തിന് ടിവി ഉണ്ട്. നല്ല അടുക്കും ചിട്ടയും. നല്ലഒന്നാന്തരം സ്മാർട്ട് ക്ലാസ് റൂം. ഏഴാം ക്ലാസ് വിദ്യാർഥികൾ പഠിക്കുന്നതാണ് ശീതികരിച്ച ക്ലാസ് റൂം. ഈ ക്ലാസ്സിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകം ടോയ്ലറ്റ് ഫെസിലിറ്റിയും ഉണ്ട്.
കുട്ടികൾ എല്ലാവരും ഉച്ചഭക്ഷണം കഴിക്കുന്ന ഡൈനിംഗ് ഹാളിലുമുണ്ട് എസിയും ടിവിയും. തീരദേശ സ്കൂളിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന ഹൈടെക് സൗകര്യം ആർക്കും മാതൃകയാക്കാം. 24 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ ഇടപെടലിൽ വിദ്യാർഥികളും രക്ഷിതാക്കളും സന്തുഷ്ടരാണ്. പഞ്ചായത്ത് ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനാൽ പുതിയ കുട്ടികൾക്കും ഈ സ്കൂളിലേക്കെത്താൻ താൽപര്യപ്പെടുന്നുണ്ട്.