ആലപ്പുഴ നൂറനാട് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ പ്രതി ജോജി ജോസഫ് പിടിയിൽ. നൂറനാട് പറയംകുളത്ത് പുലർച്ചെയായിരുന്നു കൊലപാതകം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.
പ്രതി ജോജി ജോസഫും കൊല്ലപ്പെട്ട ജയകുമാരിയുടെ മകൾ അർച്ചനയും തമ്മിൽ പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ജോജിയും അർച്ചനയും വഴക്കിടുന്നത് പതിവായി. ഒരു ദിവസം രാത്രിയിൽ വീട്ടിൽ എത്തിയ ജോജി അർച്ചനയുടെ അച്ഛനെ മർദിച്ചു. ഇതോടെ ജോജിക്കെതിരെ പോലീസിൽ പരാതി നൽകി. നൂറനാട് പോലീസ് ഇടപെട്ട് ജോജിക്കും ഭാര്യയ്ക്കും കൗൺസിലിംഗ് നൽകിയിരുന്നു. ശേഷം ഒരുമിച്ച് താമസിക്കുന്നതിനിടെ വീണ്ടും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതോടെ കഴിഞ്ഞ ആഴ്ച അർച്ചന നൂറനാട് ഇടക്കുന്നത്തെ സ്വന്തം വീട്ടിലേക്ക് വരുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ജോജി പറഞ്ഞിരുന്നെങ്കിലും പുലർച്ചെ അഞ്ച് മണിയോടെ വീട്ടിൽ എത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ജോജിയെ ആലപ്പുഴ മാരാരിക്കുളത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ബാഗിൽ കത്തിയുമായി ആണ് ജോജി വീട്ടിലേക്ക് എത്തിയത്.