മാമാങ്കത്തിന്റെ മണ്ണില്‍ ആര് വാഴും?; ആര് വീഴും?

മാമാങ്കത്തിന്റെ മണ്ണ്. ചെറുത്തുനില്‍പ്പിന്റെ വീര്യമുറങ്ങുന്നഇടം.രാഷ്ട്രീയപാരമ്പര്യമുള്ള പിന്‍മുറക്കാര്‍ ഏറെയുള്ള  ദേശം പൊന്നാനി. നാളും തിയതിയും  കുറിച്ചുകിട്ടി.  പ്രചാരണം മുറുകി,സ്ഥാനാര്‍ഥികള്‍ കച്ചമുറുക്കിക്കഴിഞ്ഞു.നോക്കാം അങ്കനാട് ആരെ തുണയ്ക്കുമെന്ന്?, ആരെ വീഴ്ത്തുമെന്ന്.

മണ്ഡല ചരിതം

ലീഗിന്‍റെ പൊന്നാപുരം കോട്ട...ആ കോട്ട പിടിക്കാന്‍ നാളിതുവരെ അടവുകള്‍ പലതും പയറ്റി സിപിഎം . പക്ഷെ കോട്ട വീണിട്ടില്ല. 1977നു ശേഷം ലീഗ് സ്ഥാനാർഥികളല്ലാതെ ഇവിടെ നിന്ന് ലോക്സഭയിലേക്ക് പോയിട്ടുമില്ല.  അതുകൊണ്ട് തന്നെ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ‘സ്വതന്ത്ര’ പരീക്ഷണം അവസാനിപ്പിച്ച്  അരിവാൾ ചുറ്റിക നക്ഷത്രവുമായാണ് ഇക്കുറി പാര്‍ട്ടി  കളത്തിലിറങ്ങുന്നത് .മണ്ഡലത്തിലെ 7 നിയമസഭാ സീറ്റുകളിൽ നിലവിൽ നാലെണ്ണത്തിൽ എൽഡിഎഫ് എംഎൽഎമാരാണ്. ഇതിൽ താനൂരും തൃത്താലയും മന്ത്രി മണ്ഡലങ്ങളും. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി  തൃത്താല അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്സഭയിലുള്ളത്. നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും എൽ.ഡി.എഫ്. ഭരണം. ലീഗ് മൂന്നിടത്ത് മാത്രം.  2006- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലൊളിയിൽ കൂടി സി.പി.എം. പിടിച്ചെടുക്കുകയും തുടർന്ന് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ മൂന്ന് തവണ ജയിപ്പിക്കുകയും ചെയ്ത മലപ്പുറത്തെ ഉറച്ച കോട്ടയാണ് 

ചെ​ങ്കൊടിപാറിയ  മണ്ണായിരുന്നു പഴയ പൊന്നാനി മണ്ഡലം. 1962 മുതൽ 1971 വരെ മൂന്ന് തവണ പൊന്നാനി ഇടതിനൊപ്പമായിരുന്നു. ഇമ്പിച്ചി ബാവയെയും സി.കെ. ചക്രപാണിയെയും എം.കെ. കൃഷ്ണനെയും വിജയിപ്പിച്ചു. 1977 മുതൽ 1989 വരെ തുടർച്ചയായി ലോക്സഭയിൽ പൊന്നാനിയുടെ ശബ്ദമായത് ലീഗിന്‍റെ അഖിലേന്ത്യ നേതാവ് ജി.എം. ബനാത്ത് വാല.1991ൽ മണ്ഡലം ഇബ്രാഹിം സുലൈമാൻ സേട്ടിനെ ഡൽഹിയിലേക്കയച്ചു. 1996, 98, 99 കളിലും ബനാത്ത് വാല തുടർച്ചയായി വിജയിച്ചു. 2004ൽ ഇ. അഹമ്മദും 2009 മുതൽ ഇതുവരെ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയുടെ അമരക്കാരായി. 2004ലെ ഇടതുതരംഗത്തിൽ, കുത്തക മണ്ഡലമായ മഞ്ചേരി കൈവിട്ടപ്പോൾ ലീഗിന്‍റെ മാനം കാത്തത് പൊന്നാനി. ലീഗ്-സമസ്ത ഭിന്നതയിൽ ചോർന്ന് കിട്ടാൻ സാധ്യതയുള്ള വോട്ടുകളിലാണ് സി.പി.എം ഇത്തവണ കണ്ണ് വെക്കുന്നത്. 

അങ്കം കുറിച്ച് ഇവര്‍

പ്രഗൽഭ വാഗ്മി കൂടിയായ മുസ്‍ലിംലീഗിലെ എം.പി. അബ്ദുസമദ് സമദാനിയെ നേരിടാൻ സി.പി.എം ഇറക്കുന്നത് ലീഗ് മുൻ സംസ്ഥാന ഓർഗനൈസിങ്സെക്രട്ടറി കെ.എസ്​. ഹംസയെ. സ്വതന്ത്രനായാണ് പ്രവേശമെങ്കിലും ഹംസ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞതവണ ലക്ഷത്തിലേറെ വോട്ട് പിടിച്ച എൻ.ഡി.എ ഇത്തവണ അങ്കം കുറിക്കുന്നത്  മഹിള മോർച്ച സംസ്ഥാന അധ്യക്ഷ,  അഡ്വ. നിവേദിത സുബ്രഹ്മണ്യനുമായാണ്.ഏക സിവില്‍ കോഡ് ബിജെപിയ്ക്ക് തിരിച്ചടിയാകുമോയെന്ന് കണ്ടറിയാം.

കെ.എസ്. ഹംസ (സിപിഎം)

 ലീഗിന്‍റെ മുൻ ഓർഗനൈസിങ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ മർമമറിയുന്ന നേതാവാണ് മറുകണ്ടം ചാടിയെത്തിയ തൃശൂർ ജില്ലക്കാരനായ കെ.എസ്. ഹംസ.  ഹംസയിലൂടെ ലീഗിലെ അസംതൃപ്തരുടെ വോട്ടുകള്‍ പെട്ടിയിലാക്കാം എന്നാണ് കണക്കുകൂട്ടല്‍..സര്‍ക്കാരിനോടും മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സമസ്തയിലെ ഒരു വിഭാഗത്തിനുള്ള അടുപ്പവും മറ്റൊരു ഘടകമാണ്. സിഎഎ, ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സമസ്ത  സര്‍ക്കാരിനൊപ്പം നിന്നിരുന്നു. സമസ്തയില്‍ സിപിഎം ഫ്രാക്ഷന്‍ എന്ന്  അടുത്തിടെ ആരോപണവും ഉയര്‍ന്നിരുന്നു.കെ എസ് ഹംസ സമസ്തയുടെ നോമിനിയാണെന്ന് പറയുന്നവരുമുണ്ട്. മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷവും ഇടതുപക്ഷത്തിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

എംപി.അബ്ദുസമദ് സമദാനി (മുസ്‍ലിംലീഗ്)

പൊന്നാനിയില്‍ സമദാനി എത്തുമ്പോള്‍ മണ്ഡലം വീണ്ടും പിടിക്കാം എന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ.പൊന്നാനി മണ്ഡലത്തിന്‍റെ ഭാഗമായ കോട്ടക്കലാണ് സമദാനിയുടെ സ്വദേശം.1994 മുതൽ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമാണ് സമദാനി .ലോക്സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലോക്സഭയിലെത്തിയത്.എന്നാല്‍  ഇ ടി കുറച്ചുകൂടി സുരക്ഷിതമായ മലപ്പുറത്തേക്ക് മാറിയതാണെന്നും മണ്ഡലത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നത് മറുവശവും. മണ്ഡലത്തില്‍  പരസ്പരം മത്സരിക്കുന്നതില്‍ ലീഗ് വിരുദ്ധ വികാരവുംഒരു ഘടകമാകുമെന്നുറപ്പ്. 

നിവേദിത സുബ്രഹ്മണ്യം ( ബിജെപി)

രണ്ടരവയസ്സിൽ അമ്മ രാധാ ബാലകൃഷ്ണയ്ക്കൊപ്പം ജയിലിൽ തടവനുഭവിച്ചയാളാണ് നിവേദിത സുബ്രഹ്മണ്യം. . അമ്മ മഹിളാമോർച്ചയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തെ തുടർന്നും ജയിൽശിക്ഷ അനുഭവിച്ചു.നിലവിൽ മഹിളാമോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്.  ചാവക്കാട് ബാറിലെ സീനിയർ അഭിഭാഷക കൂടിയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായെങ്കിലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാതിരുന്നതിനാൽ നാമനിർദേശപത്രിക തള്ളിപ്പോയി. വോട്ട് വിഹിതം വർധിപ്പിക്കുക എന്ന ഉദ്ദേശമായിരിക്കും ബി.ജെ.പി. ലക്ഷ്യം വെക്കുക. ജയം എന്നതിലുപരി മണ്ഡലത്തിൽ നിലവിലുള്ള വോട്ടർമാരെ നിലനിർത്തിക്കൊണ്ട് കൂടുതൽപേരെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളും.

നയിക്കാന്‍ ഇനി ആര്?

2019 ലോക്​സഭാ തിരഞ്ഞെടുപ്പില്‍ 51.30 ശതമാനമായിരുന്നു  യു.ഡി.എഫിന്റെ വോട്ട് നില. 521,824 വോട്ടായിരുന്നു അന്ന് ഇ.ട്ടി. നേടിയത്. എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി പി.വി. അൻവറായിരുന്നു എതിരാളി. എന്നാൽ 32.30 ശതമാനം മാത്രം വോട്ടാണ് അൻവറിന് ലഭിച്ചത്. 3,28,551 വോട്ടാണ് അന്ന് അൻവറിന് ലഭിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി വി.ടി. രമയായിരുന്നു. 1,10,603 വോട്ടായിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയത്. 2014-നേക്കാൾ 2 ശതമാനത്തിലേറെ വോട്ട് 2019-ൽ നേടി.47 വര്‍ഷമായി ലീഗിനെ കൈവിടാത്ത മണ്ഡലം ഇക്കുറി മാറി ചിന്തിക്കുമോ? ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറം പിടിക്കാനയച്ച് സമദാനിയെ കോട്ട കാക്കാനെത്തിച്ച തന്ത്രം വിജയിക്കുമോ? പൗരത്വ നിയമം, തീരദേശ വികസനം‌, ലീഗ്, സമസ്ത ഭിന്നത എന്നിവയുയര്‍ത്തി അങ്കത്തട്ടിലേക്കിറങ്ങിയിരിക്കുകയാണ് മുന്നണികള്‍. ജനം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്ന് കാണാം.