ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു അവസ്ഥയായി സമ്മർദ്ദം (Stress) മാറിയിരിക്കഴിഞ്ഞിരിക്കുന്നു. ജോലിസ്ഥലത്തെ പിരിമുറുക്കങ്ങളോ ജീവിതച്ചെലവ് സംബന്ധിച്ച ആശങ്കകളോ അല്ലെങ്കിൽ വ്യക്തിപരമായ കാര്യങ്ങളോ ആകട്ടെ, ദിവസവും വലുതും ചെറുതുമായ പല കാര്യങ്ങളും ആളുകളുടെ സമ്മർദ്ദത്തിന്‍റെ കൂട്ടിക്കൊണ്ടിരിക്കുന്നു.. ഇതിന്‍റെ പരിണിതഫലമാകട്ടെ അമിതമായ വിയർപ്പ്, അസ്വസ്ഥത, ഹൃദയമിടിപ്പ് കൂടല്‍ എന്നിവയിലേക്കൊക്കെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.
എന്നാൽ ലളിതമായ ശ്വസന രീതികൾക്ക് നമ്മുടെ ഉത്കണ്ഠ കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും കഴിയും. ദീർഘനേരം ശ്വാസം പുറത്തേക്ക് വിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയന്ത്രിത ശ്വസന വ്യായാമങ്ങൾ നിമിഷനേരം കൊണ്ട് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് സ്റ്റാൻഫോർഡ് മെഡിസിൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. ആളുകൾക്ക് പരീക്ഷിക്കാവുന്ന അത്തരമൊരു ലളിതമായ സാങ്കേതികതയാണ് 'ഫിസിയോളജിക്കൽ സൈ' (Physiological Sigh). ഇന്‍റഗ്രേറ്റീവ് ലൈഫ്‌സ്റ്റൈൽ കോച്ചും സംരംഭകനുമായ ലൂക്ക് കൗട്ടിൻഹോ ജൂലൈ 3-ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഈ ശ്വസന വ്യായാമത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നു. ശരീരത്തെ സമ്മർദ്ദത്തിൽ നിന്ന് ശാന്തമായ അവസ്ഥയിലേക്ക് മാറ്റാൻ സഹായിക്കുന്ന ഏറ്റവും വേഗതയേറിയതും ഗവേഷണങ്ങളാൽ പിന്തുണയ്ക്കപ്പെടുന്നതുമായ ശ്വസന രീതികളിൽ ഒന്നാണ് ഫിസിയോളജിക്കൽ സൈ എന്ന് കൗട്ടിൻഹോ പറയുന്നു.
ഇത് എങ്ങനെ ചെയ്യാം?
ആദ്യമായി മൂക്കിലൂടെ ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക. തുടർന്ന് ഹ്രസ്വമായ രണ്ട് ശ്വാസം കൂടി ഉള്ളിലേക്ക് എടുക്കുക. ശ്വാസകോശം ശൂന്യമാണെന്ന് തോന്നുന്നതുവരെ വായയിലൂടെ ദീർഘമായി ശ്വാസം പുറത്തേക്ക് വിടുക (ഒരു നെടുവീർപ്പ് പോലെ). ശരീരത്തെ ശാന്തമാക്കാൻ ഈ പ്രക്രിയ ഒന്നോ മൂന്നോ തവണ ആവർത്തിക്കുക.
ഈ രീതി എന്തുകൊണ്ട് ഫലപ്രദമാകുന്നു?
സാധാരണ ശ്വസനത്തിനിടയിൽ ഭാഗികമായി അടഞ്ഞുപോയേക്കാവുന്ന ശ്വാസകോശത്തിലെ ചെറിയ വായു അറകള്‍ തുറക്കാൻ ഈ രീതിയിലെ ദീർഘമായ ശ്വാസോച്ഛ്വാസവും അതിനുശേഷമുള്ള രണ്ട് ചെറിയ ശ്വാസങ്ങളും സഹായിക്കുന്നുവെന്ന് കൗട്ടിൻഹോ പറയുന്നു. ഇത് ശ്വസനം മെച്ചപ്പെടുത്തുന്നു. ദീർഘനേരം ശ്വാസം പുറത്തേക്ക് വിടുന്നത് രക്തത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിന്‍റെ സ്വാഭാവികമായ വിശ്രമം, അറ്റകുറ്റപ്പണി, വീണ്ടെടുക്കൽ രീതിയെ, അതായത് പാരാസിംപതെറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കും. നിമിഷങ്ങൾക്കുള്ളിൽ ഹൃദയമിടിപ്പും സമ്മർദ്ദവും കുറയുകയും കൂടുതൽ ശാന്തത അനുഭവപ്പെടുകയും ചെയ്യുന്നു. അമിതമായി സമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോഴെല്ലാം ആളുകൾക്ക് ഇത് ഏതാനും തവണ പരീക്ഷിക്കാവുന്നതാണ്.
ശ്വസന വ്യായാമം വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന ഭാഗമാണെന്ന് കൗട്ടിൻഹോ വ്യക്തമാക്കുന്നു. ഒരു വ്യക്തി ശ്വസിക്കുന്ന രീതി അവരുടെ ശരീരത്തിലെ മിക്കവാറും എല്ലാ വ്യവസ്ഥകളെയും സ്വാധീനിക്കുന്നു. ഉറക്കത്തിന്‍റെ ഗുണനിലവാരം, ദഹനം, വൈകാരിക ശേഷി, ഊർജ്ജ നില, വീക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്വാസോച്ഛ്വാസം സ്വാധീനം ചെലുത്തുന്നു. ഉയർന്ന സമ്മർദ്ദം കാരണം ശരീരം നിരന്തരം പോരാടാനോ ഓടിപ്പോകാനോ (fight-or-flight) തയ്യാറെടുക്കുന്ന അവസ്ഥയിലാണെങ്കിൽ പോഷകാഹാരങ്ങൾ കഴിച്ചാലും ശരീരം ശരിയായി പ്രവർത്തിക്കാൻ പ്രയാസമായിരിക്കും. ശരീരത്തിന് സ്വയം അറ്റകുറ്റപ്പണികൾ നടത്താനും, പോഷകങ്ങൾ ആഗിരണം ചെയ്യാനും, നന്നായി വീണ്ടെടുക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും ആവശ്യമായ ആന്തരിക അന്തരീക്ഷം ശരിയായ ശ്വസന രീതികളിലൂടെ സൃഷ്ടിക്കാൻ സാധിക്കും.
അതേസമയം ശ്വസന വ്യായാമങ്ങൾ ശാരീരിക ക്ഷേമത്തിന് പിന്തുണ നൽകുന്നുണ്ടെങ്കിലും അവ യഥാർത്ഥ വൈദ്യസഹായത്തിന് പകരമല്ലെന്ന് കൗട്ടിൻഹോ മുന്നറിയിപ്പ് നൽകുന്നു. ശ്വസനസംബന്ധമായോ ഹൃദയസംബന്ധമായോ അസുഖങ്ങളുള്ളവർ ശ്വസന രീതികൾ പരീക്ഷിക്കുമ്പോൾ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.