ഓറല്‍ സെക്സിലൂടെ വായിലുണ്ടാകാനിടയുള്ള കാന്‍സര്‍ തടയാന്‍ കോണ്ടം നിര്‍ദേശിച്ച് ആരോഗ്യ വിദഗ്ധര്‍.  സെക്സിലൂടെ വ്യാപിക്കാനിടിയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസി (HPV)ന് ‌ വായിലെയും തൊണ്ടയിലെയും കാന്‍സറുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്  ഇത് തടയാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയായത്.

കൗമാരക്കാരായ പെൺകുട്ടികൾക്കായി ഇന്ത്യ അടുത്തിടെ ആരംഭിച്ച സൗജന്യ എച്ച്പിവി (HPV) വാക്സിനേഷൻ ഡ്രൈവും, 2026-ലെ ലോക വദന ആരോഗ്യ ദിനവും (World Oral Health Day) ആണ് ഹ്യൂമൻ പാപ്പിലോമ വൈറസും (HPV) വായയിലെ കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് വഴി തുറന്നത്. എച്ച്പിവി തടയാന്‍ വാക്സിനേഷനാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗമെങ്കിലും കോണ്ടം, 'ഡെന്‍റൽ ഡാം' (Dental dams) –  വായയിലോ നാവിലോ ഉപയോഗിക്കാവുന്നവ) തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങളും രോഗസാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. എച്ച്പിവി വായയിലൂടെ പകരാമെന്നും ഇത് തൊണ്ടയെ ബാധിക്കുന്ന 'ഓറോഫാറിഞ്ചിയൽ' (Oropharyngeal) കാൻസറിന് കാരണമാകുമെന്നും ആഗോള ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇത്തരം കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്നും ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കാലങ്ങളില്‍ അമിത മദ്യപാനം, പുകവലി എന്നിവയെല്ലാമാണ്  പല പുരുഷന്‍മാര്‍ക്കും വായിലെ കാന്‍സറിന് കാരണമായി കണക്കാക്കിയിരുന്നത്. എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗികതയും ഇതിന് പ്രധാന കാരണമാകുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.

കഴുത്തിലെ മുഴകൾ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, വിട്ടുമാറാത്ത തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ നിസാരമെന്ന് തോന്നിപ്പിക്കുന്നതിനാൽ പലപ്പോഴും രോഗനിർണ്ണയം വൈകുകയും ചെയ്തേക്കാം. ഓറല്‍ സെക്സ് അണുബാധയ്ക്ക് കാരണമാകില്ലെന്ന തെറ്റായ വിശ്വാസവും വായ വഴിയുള്ള രോഗവ്യാപന സാധ്യതകൾ അവഗണിക്കാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ യാഥാർത്ഥത്തിൽ, എച്ച്പിവി, ഹെർപ്പസ് (Herpes), ഗൊണോറിയ (Gonorrhoea), സിഫിലിസ് (Syphilis) തുടങ്ങിയവയെല്ലാം ഇത്തരത്തിൽ പകരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലൈംഗികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിൽ സമൂഹം പരാജയപ്പെടുന്നതും, ആളുകൾ അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ മടിക്കുന്നതും കൃത്യസമയത്തുള്ള രോഗനിർണ്ണയത്തെയും പ്രതിരോധ ചികിത്സകളെയും ബാധിക്കുന്നു. ഇന്ത്യയിൽ എച്ച്പിവി മൂലമുള്ള വായയിലെ കാൻസറുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ്  ഡെന്‍റൽ ഡാമുകൾ പോലുള്ള ലളിതമായ പ്രതിരോധ മാർഗ്ഗങ്ങളും ചര്‍ച്ചയാകുന്നത്. എന്നാൽ അറിവില്ലായ്മയും ലഭ്യതക്കുറവും കാരണം ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ച് അറിവില്ല.

 

എന്താണ് മൗത്ത്/ടങ്ങ് കോണ്ടംസ് (Mouth and Tongue Condoms)?

'മൗത്ത് കോണ്ടം', 'ടങ്ങ് കോണ്ടം' എന്നിവ ഡെന്‍റല്‍ ഡാമുകളെ (Dental Dams) വിശേഷിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സാങ്കേതികമല്ലാത്ത പദങ്ങളാണ്. വായ വഴിയുള്ള ലൈംഗിക സമ്പർക്കത്തിനിടെ (Oral sex) ജനനേന്ദ്രിയങ്ങൾക്കും വായയ്ക്കും ഇടയിൽ വെക്കുന്ന ലാറ്റക്സ് (Latex) അല്ലെങ്കിൽ പോളിയുറീൻ (Polyurethane) കൊണ്ട് നിർമ്മിച്ച നേർത്ത പാളികളാണിവ. ശരീരസ്രവങ്ങളുമായോ ചർമ്മവുമായോ നേരിട്ടുള്ള സമ്പർക്കം തടയുന്ന ഒരു ഭൗതിക പ്രതിരോധമായി (Physical barrier) ഇവ പ്രവർത്തിക്കുന്നു. ഇതിലൂടെ രോഗാണുക്കൾ പകരുന്നത് തടയാൻ സാധിക്കും.

എച്ച്പിവി (HPV), മറ്റ് അണുബാധകൾ എന്നിവ തടയാൻ ഇവ എങ്ങനെ സഹായിക്കുന്നു?

രോഗാണുക്കൾ പകരാനുള്ള വഴികൾ തടയുന്നതിനാണ് ഇത്തരം സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത്. എച്ച്പിവി (HPV) പ്രധാനമായും പകരുന്നത് ചർമങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയാണ് (വായ വഴിയുള്ള സമ്പർക്കം ഉൾപ്പെടെ). ഡെന്‍റല്‍ ഡാമുകളും കോണ്ടവും അണുബാധയുള്ള ചർമ്മവുമായോ സ്രവങ്ങളുമായോ ഉള്ള സമ്പർക്കം കുറയ്ക്കുന്നു. ഇത് രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നില്ലെങ്കിലും ഗണ്യമായി കുറയ്ക്കുന്നു.

സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (CDC) നിരീക്ഷണമനുസരിച്ച്, ശരിയായ രീതിയിൽ കോണ്ടവും ഡെന്‍റൽ ഡാമുകളും ഉപയോഗിക്കുന്നത് എച്ച്പിവി പകരാനുള്ള സാധ്യത കുറയ്ക്കും. അതുപോലെ, സ്ഥിരമായി കോണ്ടം ഉപയോഗിക്കുന്നത് എച്ച്പിവി അണുബാധയുണ്ടാകാനുള്ള സാധ്യത വലിയ തോതിൽ കുറയ്ക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. എച്ച്പിവി കൂടാതെ, ഹെർപ്പസ് (Herpes), ഗൊണോറിയ (Gonorrhoea), സിഫിലിസ് (Syphilis), എച്ച്ഐവി (വായ വഴിയുള്ള എച്ച്ഐവി വ്യാപന സാധ്യത വളരെ കുറവാണെങ്കിലും) ഇവയുടെ അപകടസാധ്യത കുറയ്ക്കാനും ഈ മാര്‍ഗങ്ങള്‍ സഹായിക്കും. 

 

വായയിലെ കാൻസർ പ്രതിരോധത്തിന് സംരക്ഷണം പ്രധാനമാകുന്നത് എന്തുകൊണ്ട്?

തൊണ്ട, നാവിന്‍റെ പിൻഭാഗം, ടോൺസിൽസ് എന്നിവയെ ബാധിക്കുന്ന 'ഓറോഫാറിഞ്ചിയൽ' കാൻസറുകളുടെ പ്രധാന കാരണമായി എച്ച്പിവി (HPV) കണ്ടെത്തിയിരിക്കുന്നു. സിഡിസി (CDC) പ്രകാരം, പുരുഷന്മാരിൽ എച്ച്പിവി സംബന്ധമായ തൊണ്ടയിലെ കാൻസറുകൾ വർദ്ധിച്ചുവരികയാണ്. ഇതിൽ വായ വഴിയുള്ള വൈറസ് വ്യാപനത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ നിർണ്ണായകമാകുന്നത്. എച്ച്.പി.വി വാാക്സിനേഷന്‍ കാന്‍സറിന് കാരണമാകുന്ന വൈറസ് വകഭേദങ്ങള്‍ക്കെതിരെ ശക്തമായ സംരക്ഷണം നല്‍കുന്നതുപോലെ തന്നെ സുരക്ഷാ കവചങ്ങള്‍ ലൈംഗിക സമ്പര്‍ക്കത്തില്‍ അധിക സുരക്ഷ നല്‍കുന്നു. ഇവയ്ക്കൊപ്പം പരിശോധനകളും ബോധവല്‍ക്കരണവും രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാനും സഹായിക്കുന്നു. അതേസമയം ആഗോളതലത്തില്‍ തന്നെ ഡെന്‍റല്‍ ഡാമുകളുടെ ഉപയോഗം കുറവാണ്. ഇത്തരം ഒരു സുരക്ഷാ മാര്‍ഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും വായ വഴിയുള്ള സമ്പർക്കം അപകടരഹിതമാണെന്ന തെറ്റായ ധാരണയും ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള അജ്ഞതയുമെല്ലാമാണ് ഇതിന് കാരണം

ആരോഗ്യ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ 

ഓരോ തവണയും പുതിയ ഡെന്‍റല്‍ ഡാം അല്ലെങ്കിൽ കോണ്ടം ഉപയോഗിക്കുക, ലാറ്റക്സിനെ നശിപ്പിക്കാൻ സാധ്യതയുള്ള ഓയിൽ അധിഷ്ഠിത ഉൽപ്പന്നങ്ങൾ (Oil-based products) ഒഴിവാക്കുക, സമ്പർക്കമുണ്ടാകുന്ന ഭാഗം പൂർണ്ണമായും മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തുടങ്ങിയ നിര്‍ദേശമാണ്  ആരോഗ്യ ഏജന്‍സികള്‍ നല്‍കുന്നത് .

റെഡിമെയ്ഡ് ഡെന്‍റല്‍ ഡാം ലഭ്യമല്ലെങ്കിൽ ഒരു ലാറ്റക്സ് കോണ്ടം മുറിച്ച് ഡെന്‍റ്‍ ഡാം നിർമ്മിക്കാമെന്നും ചില വിദഗ്ധർ പറയുന്നുണ്ടെങ്കിലും ഇത് ശരിയായ രീതിയിലല്ലെങ്കിൽ രോഗവ്യാപനത്തിന് കാരണമായേക്കാം എന്നതിനാൽ അത്ര ശുപാർശ ചെയ്യപ്പെടുന്നില്ല. ഇത്തരം സുരക്ഷാ രീതികള്‍ക്കൊപ്പം തന്നെ പങ്കാളികളുടെ എണ്ണം കുറയ്ക്കുന്നതും വൈറസ് വ്യാപന സാധ്യത കുറയ്ക്കാന്‍  സഹായിക്കും.

Preventing Oral Cancer: The Role of Condoms and Dental Dams:

Oral sex can increase the risk of certain cancers, particularly throat cancer, linked to the Human Papillomavirus (HPV). Health experts are recommending the use of condoms and dental dams as preventative measures to reduce the transmission of HPV during oral sexual contact