എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഗർഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗവും ലൈംഗിക സംതൃപ്തിയും തമ്മിലുള്ള നിര്‍ണായകബന്ധം എടുത്തുകാട്ടി ലോകാരോഗ്യസംഘടനയുടെ പഠനം. ലൈംഗികാഭിലാഷം കുറയുന്നത് മുതല്‍ ലൈംഗികബന്ധത്തിലെ അസ്വസ്ഥത വരെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വലിയൊരു ശതമാനം പേര്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപേക്ഷിക്കുകയാണെന്നാണ് പഠനറിപ്പോര്‍ട്ട്. ഗർഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നവരില്‍ ഇരുപതില്‍ ഒരാള്‍ എന്ന നിരക്കിലാണ് പിന്മാറ്റം. ലൈംഗിക ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണം. ഗർഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെങ്കില്‍ ലൈംഗിക സംതൃപ്തി കൂടി പരിഗണിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഗർഭനിരോധന മാര്‍ഗങ്ങളെ കുറിച്ചുള്ള കൗണ്‍സലിങ്ങിലും ബോധവല്‍കരണ പരിപാടികളിലും അതിന്‍റെ സുരക്ഷ, ഫലപ്രാപ്തി, പാർശ്വഫലങ്ങൾ എന്നിവയാണ് ചര്‍ച്ച ചെയ്യപ്പെടുക. എന്നാല്‍ ലൈംഗിക സംതൃപ്തിയെ വിഷയമാകുകയോ സംതൃപ്തി വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉണ്ടാകുകയോ ചെയ്യുന്നത് തീര്‍ത്തും അപൂർവമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഗർഭധാരണത്തെ ഭയക്കാതെ ലൈംഗികത ആസ്വദിക്കാനുള്ള കഴിവാണ് ആളുകള്‍ തേടുന്നത്. അവിടെ ഗർഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ആളുകള്‍ റിസ്ക് എടുക്കുന്നു. പാർശ്വഫലത്തെക്കുറിച്ചുള്ള ആശങ്കകളേക്കാള്‍ കൂടുതലായി ലൈംഗികാഭിലാഷം കുറഞ്ഞു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോളുള്ള ശാരീരിക അസ്വസ്ഥത, പങ്കാളിയുടെ ലൈംഗിക ആസ്വാദനത്തെ കുറിച്ചുള്ള ഉത്കണ്ഠ എന്നിവയാണ് പഠനത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ച ആശങ്കകള്‍.
ആഗോളതലത്തിൽ, 40 ശതമാനത്തോളം സ്ത്രീകൾ ഗർഭനിരോധന മാർഗ്ഗങ്ങൾ ഇടയ്ക്കുവച്ച് ഉപേക്ഷിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ചില രാജ്യങ്ങളിൽ ഇത് 50 ശതമാനം കവിയും. അപ്രതീക്ഷിത ഗർഭധാരണം തടയുക, ലൈംഗിക– പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള ഗർഭനിരോധന മാര്‍ഗങ്ങളുടെ ലക്ഷ്യങ്ങളെ ഇത് ദുർബലപ്പെടുത്തുന്നു. കോടിക്കണക്കിനാളുകൾക്ക് ഇപ്പോഴും ആധുനിക ഗർഭനിരോധന മാർഗ്ഗങ്ങൾ സ്ഥിരമായി ലഭ്യമല്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് അപ്രതീക്ഷിത ഗർഭധാരണം, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം, മാതൃ– ശിശു മരണ നിരക്ക് എന്നിവ വര്‍ധിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെട്ടാൽ ലോകത്തിലെ മാതൃമരണ നിരക്ക് 25% ശതമാനം മുതല്‍ 35% വരെ കുറയുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അപ്രതീക്ഷിത ഗർഭധാരണ നിരക്ക് പ്രതിവർഷം എട്ടുകോടിയില്‍ നിന്ന് 2.6 കോടിയായി കുറയും. അപകടസാധ്യതയുള്ള ഗർഭധാരണങ്ങളും പ്രസവങ്ങളും 40% വരെ കുറയ്ക്കാം. എച്ച്ഐവി, ഗൊണോറിയ, ക്ലമീഡിയ, സിഫിലിസ് എന്നിവയുൾപ്പെടെയുള്ള ലൈംഗിക രോഗങ്ങൾ തടയാൻ കോണ്ടം പോലുള്ള ഗർഭനിരോധന മാര്‍ഗങ്ങള്‍ ആവശ്യമാണ്.
ജനങ്ങളുടെ ലൈംഗികാരോഗ്യവും പൊതുവായ ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ഗർഭനിരോധന മാർഗ്ഗങ്ങൾ തൃപ്തികരമാണെന്ന് ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടിന്‍റെ മുഖ്യ രചയിതാവ് ഡോ. ലിയാൻ ഗോൺസാൽവസ് പറഞ്ഞു. ലൈംഗിക സംതൃപ്തിയെയും ക്ഷേമത്തെയും ഗർഭനിരോധന രീതികളുമായി സംയോജിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പഠനം പറയുന്നു. കൗൺസലിങ് സമയത്ത് ലൈംഗികതയെയും ലൈംഗിക സംതൃപ്തിയെയും കുറിച്ചുള്ള ആരോഗ്യകരമായ സംഭാഷണങ്ങൾ ഉണ്ടാകണം. കുടുംബാസൂത്രണ നയങ്ങളിലും ക്ലിനിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിലും ലൈംഗിക സംതൃപ്തിയെക്കുറിച്ചുള്ള വസ്തുതകള്‍ ഉള്‍പ്പെടുത്തുക, പാർശ്വഫലങ്ങൾ നേരിടാനുള്ള മാര്‍ഗങ്ങള്‍, ഗർഭനിരോധന മാര്‍ഗങ്ങളുടെ ഗവേഷണം, വികസനം എന്നിവയില്‍ ലൈംഗിക ക്ഷേമത്തിന് മുൻഗണന നൽകുക തുടങ്ങിയ വഴികളാണ് ഇതിനായി നിര്‍ദേശിക്കുന്നത്.
സുരക്ഷയ്ക്കും ഗർഭനിരോധനത്തിനും മാത്രമല്ല, തൃപ്തികരവും ആനന്ദകരവുമായ ലൈംഗിക ജീവിതം സാധ്യമാക്കുന്നതിനുള്ള ഉപകരണമായി ഗർഭനിരോധന മാർഗ്ഗങ്ങൾ മാറ്റിയെടുക്കുന്നത് ആഗോളതലത്തിൽ അവയുടെ ഉപയോഗം വര്‍ധിപ്പിക്കാനും ഇടയ്ക്കുവച്ച് അവ ഉപേക്ഷിക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ലൈംഗികാരോഗ്യത്തെ പൊതുവായ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമായി കാണണമെന്നും ഗവേഷകര്‍ പറയുന്നു.
ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയുടെ സ്പെഷല്‍ പ്രോഗ്രാം ഇന്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ (എച്ച്ആര്‍പി), ദി പ്ലെഷർ പ്രോജക്റ്റ് എന്നിവ ചേർന്നാണ് പഠനം നടത്തിയത്. 'ദ് സെക്‌സ് ഇഫക്റ്റ്: ദ് പ്രിവലൻസ് ഓഫ് സെക്‌സ് ലൈഫ് റീസണ്‍സ് ഫോർ കോണ്‍ട്രാസെപ്റ്റിവ് ഡിസ്‌കണ്ടിന്വേഷൻ' (The Sex Effect: The prevalence of sex life reasons for contraceptive discontinuation) എന്ന പേരിലുള്ള പഠനറിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയുടെ വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.