x/bhaskar

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് രണ്ടുനിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. മൗ റാണിപുര്‍ സ്വദേശി റ്റീജ (26) ആണ് അതിക്രമത്തിന് ഇരയായത്. ഝാന്‍സി സ്വദേശിയായ മുകേഷ് അഹിര്‍വാറുമായി 2022ലായിരുന്നു റ്റീജയുടെ വിവാഹം. 

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതോടെ ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. മുകേഷ് വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയും ഇടക്കിടെ മടങ്ങിയെത്തി ഭാര്യയെ ക്രൂരമായി മര്‍ദിക്കാനും തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിലെത്തിയ മുകേഷ് റ്റീജയെ മര്‍ദിച്ച് അവശയാക്കി. പിന്നാലെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ബലപ്രയോഗത്തിന്  മുതിര്‍ന്നപ്പോള്‍ റ്റീജ എതിര്‍ത്തു. ഇതോടെ രണ്ടുനിലയുള്ള വീടിന്‍റെ മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം അവിടെ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. 

നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് കിടന്ന റ്റീജയെ ആശുപത്രിയില്‍ എത്തിച്ചത്. ഝാന്‍സി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി. പൊലീസ് കേസെടുത്തു. റ്റീജ അപകടനില തരണംചെയ്തെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Domestic violence case reported in Uttar Pradesh. A woman was thrown from a building for refusing to engage in sexual relations with her husband; police are investigating the incident.