TOPICS COVERED

 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പലവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരെന്നോ അപ്രശസ്തരെന്നോ ഒന്നും വ്യത്യാസമില്ല. കാരണം പാരഫീലിയ അഥവാ ലൈംഗികവൈകൃതത്തിന് അടിമപ്പെട്ടവരാണ് ഇത്തരക്കാര്‍. ഇത്തരം ലൈംഗിക വൈകൃതങ്ങളില്‍ മിക്കതും നിയമവിരുദ്ധവും ക്രൂരവും ആണ്.

ലൈംഗികവൈകൃതങ്ങള്‍ പല തരത്തിലുണ്ട്. ഇവയില്‍ പലതും പുരുഷന്‍മാരിലാണ് കൂടുതലായും കാണപ്പെടുന്നത്. എക്സിബിഷനിസം, ട്രാന്‍സ്വെസ്റ്റിക് ഫെറ്റിഷിസം, സെക്ഷ്വൽ സാഡിസം, ഡോഫിലിയ അങ്ങനെ പല തരത്തിലാണ് ആളുകളില്‍ ലൈംഗിക വൈകൃതം പ്രകടമാകാറുള്ളത്.

എക്സിബിഷനിസം: ഒരു വ്യക്തിയുടെ തീവ്രമായ ലൈംഗിക ഉത്തേജനത്തിനുവേണ്ടി പരിചയമില്ലാത്ത വ്യക്തിക്കുമുന്നില്‍ ജനനേന്ദ്രിയം തുറന്നുകാണിക്കുന്നതാണ് എക്സിബിഷനിസം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാപ്രദര്‍ശനം നടത്തുന്നത് ഇത്തരക്കാരാണ്.

ഫെറ്റിഷിസം: ജീവനില്ലാത്ത വസ്തുക്കള്‍ ലൈംഗിക ഉത്തേജനത്തിനോ രതിമൂര്‍ച്ഛയ്‌ക്കോ വേണ്ടി ഉപയോഗിക്കുന്നത്. ഏറ്റവും സാധാരണമായ ഭൗതികവസ്തുക്കള്‍, സാധാരണ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ഷൂസ്, തുടങ്ങിയവയാകും ഇത്തരക്കാര്‍ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിക്കുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും മറ്റും ഈ വൈകൃതം ഉള്ള ആളുകളാണ്.

ട്രാന്‍സ്വെസ്റ്റിക് ഫെറ്റിഷിസം: ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന സമയത്ത് പങ്കാളിയുടെ വസ്ത്രങ്ങള്‍ എടുത്ത് ധരിക്കുന്നത് ഇത്തരം വൈകൃതത്തിന്‍റെ ഭാഗമാണ്.

ഫ്രോട്ടെറിസം: മറ്റൊരാളിന്‍റെ സമ്മതമോ താല്‍പര്യമോ ഇല്ലാതെ സ്വന്തം ലൈംഗികസംതൃപ്തിക്കായി അയാളെ സ്പര്‍ശിക്കുന്നത് ഇത്തരക്കാരാണ്.

പീഡോഫിലിയ:  കുട്ടികളോടുള്ള ലൈംഗിക വൈകൃതവും ലൈംഗിക സംതൃപ്തിക്കായി അവരെ ഉപയോഗപ്പെടുത്തുന്നതും. ഇത് എല്ലാ രാജ്യങ്ങളിലും നിയമവിരുദ്ധമായി കണക്കാക്കുന്നു

സെക്ഷ്വല്‍ മസോക്കിസം, സെക്ഷ്വല്‍ സാഡിസം: പങ്കാളിയെ വേദനിപ്പിച്ചുകൊണ്ടുള്ള രതിവേഴ്ചകളില്‍ താല്‍പ്പര്യം കാണിക്കുന്നവര്‍ സെക്ഷ്വല്‍ സാഡിസ്റ്റുകളാണ്. ലൈംഗികബന്ധത്തിനിടെ പങ്കാളിയെ അപമാനിക്കല്‍, ശാരീരകമായി വേദനിപ്പിക്കല്‍ എന്നിവയാണ് ഇത്തരക്കാരുടെ രീതി. കാണിക്കുന്നവര്‍. 

വോയറിസം: നഗ്നത കണ്ടോ നഗ്ന ചിത്രങ്ങള്‍ ആസ്വദിച്ചോ അന്യരുടെ ലൈഗിക ബന്ധത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടോ ലൈംഗികോത്തേജനം അനുഭവിക്കുന്നവര്‍.

ടെലിഫോൺ സ്‌കാടോളോജിയ : അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്ക് താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും ഫോണിൽ വിളിച്ച് വൈകൃതം നിറഞ്ഞ സംസാരം നടത്തുക, സോഷ്യൽ മീഡിയ ചാറ്റുകൾ നടത്തുക എന്നിവ നടത്തുന്നവര്‍. മറുഭാഗത്ത് നില്‍ക്കുന്ന സ്ത്രീയുടെ താല്‍പ്പര്യമില്ലാത്ത പ്രതികരണങ്ങളിൽ നിന്നാണ് ഇവര്‍ പലപ്പോഴും ലൈംഗിക സംതൃപ്തി തേടുന്നത്.

കക്കോൾഡിസം - പങ്കാളി മറ്റൊരു വ്യക്തിയുമായി രതിയില്‍ ഏർപ്പെടുന്നതിനെ കുറിച്ചു സങ്കല്പിക്കുക,  ഭാര്യയെ അത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്നിവ ഇത്തരം വൈകൃതമുള്ളവരുടെ സ്വഭാവമാണ്. 

ഹൈപ്പർസെക്ഷ്വാലിറ്റി: സെക്സിനെക്കുറിച്ച് അനിയന്ത്രിതമായ ചിന്ത, അമിതവും അപകടകരമായതും, പങ്കാളിക്ക് വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രീതിയുള്ള സെക്സിനോടുള്ള അമിത താല്‍പ്പര്യം

എന്തുകൊണ്ടാണ് ലൈംഗിക വൈകൃതം ഉണ്ടാകുന്നത് എന്നതില്‍ കൃത്യമായ നിര്‍വചനം സാധ്യമല്ലെങ്കിലും ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ക്ക് ചികില്‍സകള്‍ സാധ്യമാണ്. ഹൈപ്നോസിസും, ബിഹേവിയര്‍ തെറാപ്പി ടെക്‌നിക്കുകളും ഉള്‍പ്പെടുന്ന ചികില്‍സകളാണ് ലൈംഗിക വൈകൃതം പ്രകടിപ്പിക്കുന്ന ആളുകള്‍ക്ക് സാധാരണയായി നല്‍കാറ്. 

ഇത്തരം മാനസികാവസ്ഥകളെക്കുറിച്ചുള്ള അറിവുകളുടെ അഭാവം പലരെയും ശരിയായ സമയത്ത് ചികില്‍സ തേടുന്നതില്‍ നിന്ന് അകറ്റിനിര്‍ത്താറുണ്ട്. കുട്ടിക്കാലത്ത് തന്നെ ഇത്തരം സ്വഭാവങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ശരിയായ മനഃശാസ്ത്ര ചികില്‍സയിലൂടെ ഫലപ്രദമായ പരിഹാരം തേടേണ്ടത് അത്യാവശ്യമാണ്.

ENGLISH SUMMARY:

Paraphilia refers to the experience of intense sexual arousal to atypical objects, situations, fantasies, behaviors, or individuals. This can manifest in various forms, some of which are illegal and harmful