ചുട്ടുപൊള്ളുന്ന ഈ വേനല്‍ക്കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽസ്യസ് കടക്കുമ്പോൾ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വലിയ പ്രതിസന്ധി നേരിടുകയാണ്. പ്രതികൂലമായ കാലാവസ്ഥ മാസം തികയാതെയുള്ള പ്രസവത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള സൂചനകള്‍. ഈ വര്‍ഷം ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 25-27 ഡിഗ്രി സെൽസ്യസ് താപനിലയിൽ കഴിയുന്നവരേക്കാൾ, കടുത്ത ചൂടോ തണുപ്പോ ഏൽക്കുന്ന ഗർഭിണികൾക്ക് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത 2.26 മടങ്ങ് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഗര്‍ഭിണികള്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളികള്‍
ഭുവനേശ്വരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ 36,000-ത്തിലധികം സ്ത്രീകളിൽ നടത്തിയ പഠനമാണ് താപനില ഉയരുന്നത് ഗര്‍ഭിണികവെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. ചൂട് 32 ഡിഗ്രിക്ക് മുകളിൽ തുടരുന്നത് പ്രസവസാധ്യതയിൽ 10% വർദ്ധനവുണ്ടാക്കുന്നു. കൂടാതെ കടുത്ത ചൂട് കാരണം സ്ത്രീകൾ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുന്നതായും ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS) വ്യക്തമാക്കുന്നു. ഇത് കൃത്യസമയത്തുള്ള ചികിത്സ ലഭിക്കുന്നതിനും തടസമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ താപനില 38 ഡിഗ്രിക്ക് മുകളിലാണ്. ഡൽഹിയിൽ ഏപ്രിലിൽ തന്നെ താപനില 40 ഡിഗ്രി കടന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽ ഇത് 45-47 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ താപനില കുറയാത്തത് ശാരീരിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. കേരളത്തിലും വേനല്‍മഴ ലഭിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന താപനിലയ്ക്ക് മാറ്റമൊന്നുമില്ല.
ചൂട് കൂടുന്നത് നിർജലീകരണത്തിനും ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും കാരണമാകുന്നു. ഇത് കുഞ്ഞിന്‍റെ ഭാരം കുറയുന്നതിനും നേരത്തെയുള്ള പ്രസവത്തിനും വഴിതെളിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ കടുത്ത ചൂടേൽക്കുന്നത് ഉയർന്ന രക്തസമ്മർദം, ഗർഭകാല പ്രമേഹം, ഗർഭച്ഛിദ്രം എന്നിവയ്ക്ക് കാരണമായേക്കാം. ഇതൊരു പരിസ്ഥിതി പ്രശ്നം മാത്രമല്ല, മറിച്ച് ഗൗരവമേറിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്നും പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകൾക്കാണ് ഇതിന്‍റെ ആഘാതം കൂടുതല്‍ ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അമ്മമാർക്ക് ചില പ്രായോഗിക നിർദ്ദേശങ്ങൾ
ജലാംശം നിലനിർത്തുക എന്നതാണ് നിര്‍ജലീകരണം തടയാന്‍ ഗര്‍ഭിണികള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. ദിവസവും 3-4 ലീറ്റർ വെള്ളം കുടിക്കുക. തണ്ണിമത്തൻ, മാതളനാരങ്ങ, മോരുവെള്ളം, റാഗി തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങൾ കഴിക്കുക. വെയിൽ കഠിനമായ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ഡോക്ടറുടെ അടുത്ത് നേരിട്ട് പോകാൻ ബുദ്ധിമുട്ടുള്ളപ്പോൾ ടെലിഫോൺ മുഖേന സംസാരിക്കുക. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ, ഗർഭിണികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണത്തിനായി ക്ലിനിക്ക് സമയത്തിൽ മാറ്റം വരുത്തുകയോ കമ്മ്യൂണിറ്റി ബോധവൽക്കരണം ഉറപ്പാക്കുകയോ അടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.