തന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവാനന്തരം ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെക്കുറിച്ച് വിശദീകരിച്ച് ‘ദൃശ്യം’ ഹിന്ദി പതിപ്പിലെ താരം ഇഷിത ദത്ത . രണ്ട് മാസത്തിനുള്ളിൽ നടിയുടെ 15 കിലോ ഭാരമാണ് കുറഞ്ഞത്. പിത്താശയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും തുടർന്നുള്ള ഭക്ഷണ നിയന്ത്രണങ്ങളുമാണ് തന്‍റെ ഭാരം ഗണ്യമായ കുറച്ചതെന്ന് ഇഷിത പറയുന്നു. ‘രണ്ട് മാസത്തിനുള്ളിൽ ഞാൻ 15 കിലോയിൽ കൂടുതൽ കുറച്ചു. അതിന്‍റെ രഹസ്യം അറിയണോ? അത് നിങ്ങളോട് പറയാൻ തന്നെ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതില്‍ ഒരു രഹസ്യവുമില്ല.’ എന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വിഡിയോയിൽ ഇഷിത പറഞ്ഞു.
ഗര്‍ഭിണിയായിരുന്ന ആദ്യ രണ്ട് മാസങ്ങളിൽ തനിക്ക് ഇഷ്ടംപോലെ സമയം ലഭിച്ചതായി നടി പറഞ്ഞു. എന്നിരുന്നാലും, മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കാരണം പൂർണമായി കിടക്കയിൽ വിശ്രമിക്കാന്‍ നിര്‍ബന്ധിതയായി. ആറാം മാസത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ‘എനിക്ക് സഹിക്കാനാകാത്ത വയറുവേദന അനുഭവപ്പെടാൻ തുടങ്ങി, എന്നെ ആശുപത്രിയിൽ എത്തിച്ചു. ഇത് 2-3 തവണ സംഭവിച്ചു, തുടർന്ന് സ്കാൻ ചെയ്തപ്പോൾ പിത്താശയത്തില്‍ കല്ലുകൾ ഉണ്ടെന്ന് കണ്ടെത്തി’. ഗർഭിണിയായിരുന്നതിനാൽ ശസ്ത്രക്രിയ പ്രായോഗികമായിരുന്നില്ല. പ്രസവിക്കാൻ മാസങ്ങൾ ബാക്കിയുണ്ടായിരുന്നെങ്കിലും, പിത്താശയക്കല്ലുകൾ മൂലമുണ്ടായ തളർത്തുന്ന വേദന മുഴുവന്‍ സഹിക്കേണ്ടിവന്നു. ‘ഞാൻ വേദന കൊണ്ട് നിലവിളിക്കും, ആശുപത്രിയിൽ എത്തിക്കും. ഞാൻ ഗർഭിണിയായിരുന്നതിനാല്‍ അവർക്ക് എനിക്ക് വേദനസംഹാരികൾ നൽകാൻ കഴിഞ്ഞില്ല. അതിനാൽ വേദന ശമിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു’ കഠിനമായ വേദനകളിലൂടെ കടന്നുപോയ കാലം ഇഷിത ഇങ്ങനെ ഓര്‍ത്തെടുക്കുന്നു.
എട്ട് മാസം കഴിഞ്ഞപ്പോഴാണ് ഇഷിത പെൺകുഞ്ഞിന് ജന്മം നൽകിയത്. പക്ഷേ ആ പോരാട്ടം അവിടെ അവസാനിച്ചില്ല. പിത്താശയത്തിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനള്ള ശസ്ത്രക്രിയ പ്രസവത്തിനു ശേഷവും ചെയ്യാനായില്ല. പ്രസവാനന്തര ശരീരം ദുര്‍ബലമായിരുന്നത് തന്നെ കാരണം. മുലയൂട്ടുന്നതിനാല്‍ വേദനസംഹാരികൾ കഴിക്കാനും കഴിഞ്ഞില്ല. ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് 40 ദിവസമെങ്കിലും കാത്തിരിക്കാൻ ഡോക്ടര്‍മാര്‍ ഉപദേശിച്ചു.’ ഒന്നിലധികം പിത്താശയക്കല്ലുകൾ മൂലമുണ്ടായ പ്രസവാനന്തര വേദന ഏകദേശം 40 ദിവസം സഹിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ബോധ്യപ്പെട്ടശേഷമാണ് പിത്താശയം നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ നടന്നത്.
‘പ്രസവത്തിനു ശേഷവും എന്‍റെ പോരാട്ടം അവസാനിച്ചില്ല. ശസ്ത്രക്രിയയിൽ നിന്ന് ഞാൻ ഇപ്പോൾ സുഖം പ്രാപിക്കാൻ ശ്രമിക്കുകയാണ്. എനിക്ക് ഇനി പിത്താശയമില്ല എന്ന വസ്തുതയുമായി എന്‍റെ ശരീരം പൊരുത്തപ്പെടുകയായിരുന്നു. കുറച്ചു കാലമായി ഞാൻ ഇപ്പോഴും ഭക്ഷണ നിയന്ത്രണത്തിലായിരുന്നു. അങ്ങനെയാണ് ഞാൻ ഇത്രയും ഭാരം കുറച്ചത്’ എന്നാണ് ഇഷിത ദത്ത പറയുന്നത്്. ഏതെങ്കിലും രഹസ്യമോ മാന്ത്രിക പരിഹാരമോ അല്ല, മറിച്ച് ഈ വെല്ലുവിളി നിറഞ്ഞ യാത്രയാണ് ഇത്രയ്ക്ക് ഭാരം കുറയ്ക്കുന്നതിലേക്ക് നയിച്ചതെന്നും താരം പങ്കുവെച്ചു.