ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മുപ്പത് വയസുകാരിയായ ഗര്‍ഭിണിയുടെ എംആര്‍ഐ സ്കാന്‍ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി! യുവതിയുടെ 12 ആഴ്ച പ്രായമുള്ള ഭ്രൂണം വളരുന്നത് ഗര്‍ഭാശയത്തിലല്ലായിരുന്നു, മറിച്ച് കരളിലായിരുന്നു. ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് പ്രെഗ്നന്‍സി എന്നറിയപ്പെടുന്ന ഈ അവസ്ഥ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ ഇതാദ്യമായിട്ടാണ്.
ആഴ്ചകളോളം നീണ്ടുനിന്ന വയറുവേദനയും ഛര്‍ദ്ദിയുമായിട്ടായിരുന്നു യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്നാണ് വയറിന്‍റെ എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പിന്നാലെ എംആര്‍ഐ സ്കാന്‍ ചെയ്തപ്പോളാണ് കരളിന്‍റെ വലത് ഭാഗത്ത് ഭ്രൂണം കണ്ടെത്തിയത്. 12 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് കൃത്യമായ ഹൃദയമിടിപ്പും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം യുവതിയുടെ ഗർഭാശയമാകട്ടെ പൂർണ്ണമായും ശൂന്യമായിരുന്നു. ഭ്രൂണം നേരിട്ട് കരളിന്‍റെ കലകളില്‍ ഇംപ്ലാന്‍റ് ചെയ്ത നിലയിലായിരുന്നു. കരളില്‍ നിന്നുള്ള രക്തക്കുഴലുകളാണ് ഭ്രൂണത്തിന് പോഷകങ്ങള്‍ നല്‍കിയിരുന്നത്. ഇതുവരെ ഇത്തരത്തിലുള്ള 8 കേസുകൾ മാത്രമേ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഗർഭാശയത്തിന് പുറത്തുള്ള ഗർഭധാരണങ്ങൾ
ഗർഭാശയത്തിന് പുറത്തുള്ള ഗർഭധാരണങ്ങൾ അഥവാ എക്ടോപിക് പ്രെഗ്നന്‍സി അപൂര്‍വമാണ്. ഇതില്‍ തന്നെ മിക്ക ഗർഭധാരണങ്ങളും ഫലോപിയന്‍ ട്യൂബുകളിലാണ് നടക്കുന്നത്. അപൂര്‍വമായി അണ്ഡാശയങ്ങളിലോ വയറിന്‍റെ അറയിലോ ഇവ കാണപ്പെടുകയും ചെയ്യാം. എന്നാൽ ബീജസങ്കലനം ചെയ്ത അണ്ഡം കരളിൽ കാണപ്പെടുന്നതിനെയാണ് ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് പ്രെഗ്നന്‍സി എന്ന് പറയപ്പെടുന്നത്. വൈദ്യശാസ്ത്രത്തിൽ തന്നെ ഏറ്റവും അപൂർവമായ ഒന്നാണിത്. കണക്കുകള്‍ അനുസരിച്ച് ഇതുവരെ എട്ട് ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് പ്രഗ്നന്‍സികള്‍ മാത്രമേ ലോകത്ത് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഈ അവസ്ഥ അപകടകരമാണോ?
ശരീരത്തില്‍ ഏറ്റവും രക്തക്കുഴലുകളുള്ള അവയവങ്ങളിൽ ഒന്നാണ് കരൾ. ഇത് ഭ്രൂണത്തിന് താൽക്കാലികമായി പോഷണം നല്‍കുമെങ്കിലും അമ്മയ്ക്ക് വലിയ അപകടസാധ്യതയുണ്ടാക്കും. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ കരൾ പൊട്ടാനോ രക്തസ്രാവത്തിനോ കാരണമാകും. കരളിലെ ഭ്രൂണം നീക്കം ചെയ്യുന്നതുപോലും അപകടകരമാണ്. ഒരു ചെറിയ ശസ്ത്രക്രിയ പോലും അനിയന്ത്രിതമായ രക്തസ്രാവത്തിന് കാരണമാകും.
ഇത്തരം കേസുകളില്‍ എപ്പോളും മുന്‍ഗണന അമ്മയുടെ ജീവനാണ്. മരുന്ന് നല്‍കിയോ അല്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്‌തോ ഈ ഭ്രൂണവളര്‍ച്ചയെ ഇല്ലാതാകുന്നു. ഈ ശസ്ത്രക്രിയകള്‍ക്കായി റേഡിയോളജിസ്റ്റുകൾ, ഗൈനക്കോളജിസ്റ്റുകൾ, കരൾ ശസ്ത്രക്രിയാ വിദഗ്ധർ എന്നിങ്ങനെയുള്ള വിദഗ്ദരെയും ആവശ്യമായി വരും. ഭ്രൂണം കരളിലാണെങ്കില്‍ കരളിന്‍റെ ഒരു ഭാഗം പോലും നീക്കം ചെയ്യേണ്ടി വന്നേക്കാം.
നിലവില്‍ ബുലന്ദ്ഷഹറിൽ ഈ അവസ്ഥ കണ്ടെത്തിയ മുപ്പുതുകാരി ഡോക്ടര്‍മാരുടെ കര്‍ശനമായി നിരീക്ഷണത്തിലാണ്. സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ ആസൂത്രണം ചെയ്യാനായി വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.