Ai generated images
തൈറോയിഡും വന്ധ്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഗര്‍ഭധാരണത്തിന് തടസം തൈറോയിഡ് ആകാമെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര. തൈറോയിഡ് പ്രശ്നങ്ങളുളള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം എളുപ്പമാകില്ലെന്നും ലവ്നീത് ബത്ര പറയുന്നു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറും ന്യുട്രീഷനിസ്റ്റും നാഷ്ണല്‍ അവാര്‍ഡ് ജേതാവുമായ ലവ്നീത് ബത്ര തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വിഡിയോയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസം പോലുള്ള പ്രശ്നങ്ങൾക്ക് പോലും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്താൻ കഴിയും ഇക്കാര്യം പല സ്ത്രീകൾക്കും അറിയില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ലവനീത് പറയുന്നു.
തൈറോയ്ഡ് ഗ്രന്ഥി വേണ്ടത്ര പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥയെ ഹൈപ്പോതൈറോയിഡിസം എന്നും തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവർത്തിക്കുന്ന അവസ്ഥയെ ഹൈപ്പർതൈറോയിഡിസം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഈ രണ്ട് അവസ്ഥയും വന്ധ്യതയ്ക്ക് കാരണമായേക്കാമെന്നാണ് ലവനീത് പറയുന്നത്. തൈറോയ്ഡ് പ്രശ്നങ്ങള്‍ പ്രത്യുല്‍പ്പാദനത്തെ ബാധിക്കാറുണ്ടെങ്കിലും അവ എപ്പോഴും വന്ധ്യതയ്ക്ക് കാരണമാകണമെന്നില്ല. പരിശോധനകളിലൂടെ തൈറോയ്ഡ് പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചാല്‍ ഒരുപരിധിവരെ ഗര്‍ഭധാരണത്തിനുളള തടസങ്ങള്‍ മാറിക്കിട്ടും.
പ്രത്യുല്‍പ്പാദനശേഷി മെച്ചെപ്പെടുത്താന്‍ ആരോഗ്യകരമായ ഭക്ഷണം, ആവശ്യത്തിന് വെളളം കുടിക്കുക, വ്യായാമം ചെയ്യുക എന്നത് അനിവാര്യമാണ്. ആര്‍ത്തവം കൃത്യമാണെന്ന് കരുതി തൈറോയിഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായിരിക്കണമെന്നില്ല. അതുകൊണ്ടു തന്നെ തൈറോയിഡ് പ്രശ്നങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ തിരിച്ചറിയാറില്ല. തൈറോയിഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലെ തകരാറ് ശരീരം തുടക്കിലേ പ്രകടിപ്പിക്കണമെന്നില്ല. അതുകൊണ്ടുതന്നെയാണ് രോഗാവസ്ഥ തിരിച്ചറിയാതെ പോകുന്നതും. ക്ഷീണം, ശരീരഭാരം കൂടുക, മുടി കൊഴിച്ചിൽ തുടങ്ങിയവയാണ് തൈറോയിഡ് രോഗങ്ങളുടെ സാധാരണമായ ലക്ഷണങ്ങള്‍. എന്നാല്‍ ഇവ തുടക്കത്തില്‍ പ്രകടമായിക്കൊളളണമെന്നില്ല. അതുകൊണ്ടു തന്നെ ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കുന്ന സ്ത്രീകള്‍ ടിഎസ്എച്ചിനു പുറമെ ടി 3, ടി 4, ടിപിഒ ആന്റിബോഡീസ് എന്നീ പരിശോധനകൾ കൂടെ നടത്തണമെന്നും ലവ്നീത് ബത്ര പറയുന്നു.