തന്‍റെ ചിത്രത്തിന് താഴെ വന്ന പരിഹാസ കമന്‍റിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നീ ഒരു കഴുതയാണ് എന്ന കമന്‍റുമായാണ് ഒരാളെത്തിയത്. അതിന്‍റെ സ്ക്രീന്‍ ഷോട്ടുള്‍പ്പടെ പങ്കുവെച്ചാണ് താരം കമന്‍റിട്ടയാളെ വിവരദോശി എന്ന് വിളിച്ചുകൊണ്ട് പോസ്റ്റിട്ടത്.
ശാസ്ത്രീയമായ അറിവിൻ്റെ അടിസ്ഥാനത്തിലാണ് കമൻറ് എങ്കിൽ സന്തോഷമുണ്ടെന്നും, എന്നാൽ പൊതുവെ പറഞ്ഞു കേൾക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമൻ്റ് എങ്കിൽ താങ്കളാണ് 'വിവരദോഷി' എന്നും മീനാക്ഷി കുറിച്ചു. കാരണം യഥാർത്ഥത്തിൽ (ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ) കഴുത ഒരു ബുദ്ധിയില്ലാത്ത ജീവി അല്ല.
ജീവികളിൽ ബുദ്ധി ഉന്നത നിലവാരത്തിലുള്ള ഒന്നാണത്. കഴുത നമ്മൾ പറയുന്നത് അതേപടി അനുസരിക്കാത്തതാണ് പ്രശ്നം. കഴുതയ്ക്ക് ഒരു കാര്യം ചെയ്യണമെന്നുണ്ട് എങ്കിൽ അതിനു കൂടി അത് ശരിയാണ് എന്നു തോന്നണം (ക്ലാരിറ്റിക്കായി വിജയകുമാർ ബ്ലാത്തൂരിൻ്റെയും വൈശാഖൻ തമ്പിയുടേയും വീഡിയോകൾ റഫറൻസുണ്ട് ).
ചുരുക്കത്തിൽ താങ്കളെപ്പോലുള്ളവർ കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തിലും, ഞാൻ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലും മുന്നോട്ട് പോവാൻ ശ്രമിക്കുന്നു എന്നു മാത്രം.– താരം തിരിച്ച് ട്രോളുന്നു.