drinking-water
  • ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 31കാരിയാണ് ഗുരുതരമായ അവസ്ഥയില്‍ തുടരുന്നത്. 15 ദിവസത്തിന് ശേഷം യുവതിയുടെ ഭാരം 20 കിലോയോളം കുറഞ്ഞുവെങ്കിലും നടക്കാന്‍ കഴിയാതെയും ഓര്‍മക്കുറവുള്ള അവസ്ഥയിലുമാണ് യുവതി ഇപ്പോള്‍

ശരീരഭാരം കുറയ്ക്കാന്‍ രണ്ടാഴ്ചയോളം വെള്ളം മാത്രം കുടിച്ച് കഠിന ഡയറ്റെടുത്ത 31കാരിക്ക് ഗുരുതര മസ്തിഷ്ക രോഗം പിടിപെട്ടതായി റിപ്പോര്‍ട്ട്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള 31കാരിയാണ് ഗുരുതരമായ അവസ്ഥയില്‍ തുടരുന്നത്. 15 ദിവസത്തിന് ശേഷം യുവതിയുടെ ഭാരം 20 കിലോയോളം കുറഞ്ഞുവെങ്കിലും നടക്കാന്‍ കഴിയാതെയും ഓര്‍മക്കുറവുള്ള അവസ്ഥയിലുമാണ് യുവതി ഇപ്പോള്‍ എന്നാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭക്ഷണം ഉപേക്ഷിക്കുന്ന പരമ്പരാഗത താവോയിസ്റ്റ് രീതിയാ ബിഗുവാണ് യുവതി പിന്തുടര്‍ന്നത്. കഠിന ഡയറ്റിന് മുന്‍പ് 160 സെന്റീമീറ്റര്‍ ഉയരവും 70 കിലോ ഭാരവുമുണ്ടായിരുന്ന യുവതി രണ്ടാഴ്ച കൊണ്ട് 50 കിലോയിലെത്തി. പെന്‍ഗ്വിനെപ്പോലെയാണ് യുവതിയിപ്പോള്‍ നടക്കുന്നതെന്നും നടപ്പിലെ വൈകല്യം ഇനി മാറാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

വേര്‍നിക്കസ് എന്‍സെഫലോപ്പതിയെന്ന ഗുരുതര മസ്തിഷ്ക രോഗമാണ് യുവതിക്ക് പിടിപെട്ടിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. കടുത്ത പോഷകാഹാരക്കുറവ് കാരണം ഉണ്ടാകുന്ന രോഗം ശരീരത്തിന്‍റെ ഏകോപനത്തിലും തുലനാവസ്ഥയിലും കടുത്ത പ്രശ്നമുണ്ടാക്കും. കണ്ണുകളുടെ പ്രവര്‍ത്തനം തകരാറിലാകുക, ഓര്‍മ്മക്കുറവ് തുടങ്ങിയവയാണ് ഇതിന്‍റെ പരിണിതഫലങ്ങള്‍. 

എന്താണ് ബിഗു? സുരക്ഷിതമാണോ?

ധാന്യങ്ങള്‍ ഒഴിവാക്കുകയെന്നതാണ് ബിഗുവിന്‍റെ അര്‍ഥമെങ്കിലും ഭക്ഷണത്തിന് പകരം ജീവവായു സ്വീകരിച്ച് ജീവിക്കുകയെന്നതാണ് ബിഗുവിന്‍റെ വിശ്വാസം. ഡീ ടോക്സ് ചെയ്യാനും ശരീരഭാരം കുറയ്ക്കാനും പലരും ബിഗു പിന്തുടരുന്നുണ്ടെങ്കിലും ഇത് അങ്ങേയറ്റം അപകടമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മരണം വരെ സംഭവിക്കാം. വെള്ളവും വിറ്റാമിന്‍ സപ്ലിമെന്‍റുകളും മാത്രം കഴിച്ച് ആളുകള്‍ ശരീരഭാരം കുറച്ചതായി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ടെങ്കിലും ഇത് ശരീരത്തിന് ദോഷമാണെന്നും ശരിയായ പ്രവണതയല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 2020 ല്‍ ബിഗു അനുഷ്ഠിച്ച 26കാരന്‍ 52 ദിവസം വെള്ളം മാത്രം കുടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ യുവാവിന് കടുത്ത ഓര്‍മക്കുറവായിരുന്നുവെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ENGLISH SUMMARY:

A 31-year-old woman in China's Henan province suffered severe brain damage after embarking on an extreme 15-day water-only diet. Following the traditional Taoist fasting practice known as Bigu, she lost nearly 20 kilograms, dropping from 70 kg to 50 kg, but subsequently developed Wernicke's encephalopathy due to severe nutritional deficiency. Doctors report that she now suffers from memory loss and an impaired gait reminiscent of a penguin, which may be irreversible. Medical experts warn against extreme fasting methods like Bigu, highlighting its extreme risks including permanent neurological damage and potential fatality.