അമലിന്‍റെ  കുടുംബത്തിന് നന്ദി പറഞ്ഞ് അജ്മല്‍ ആശുപത്രി വിട്ടു. രണ്ടാഴ്ച മുന്‍പാണ് മലപ്പുറം പൊന്നാനി സ്വദേശി അജ്മല്‍ (33) ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്‍റെ (25) ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് അജ്മലിന് പുതുജീവന്‍ ലഭിച്ചത്.

ഈ വര്‍ഷം ജനുവരി മാസത്തിലാണ് തന്‍റെ പ്രവാസ ജീവിതത്തിനിടയില്‍ അജ്മലിന് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാകുന്നത്. തുടര്‍ന്ന് ഹൃദയ പരാജയം സംഭവിക്കുയായിരുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അജ്മല്‍ ലിസി ആശുപത്രിയില്‍ എത്തി ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍ എന്നിവരെ കണ്ടത്.

സര്‍ക്കാര്‍ സൗജന്യമായി വിട്ടു നല്‍കിയ ഹെലികോപ്റ്ററിലാണ് ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ എത്തിച്ചത്. ഗ്രാന്‍ഡ് ഹയാത്തില്‍ നിന്നും പോലിസ് സേനയുടെ സഹയത്തോടെ ഗ്രീന്‍ കോറിഡോര്‍ സ്യഷ്ടിച്ച് കേവലം നാലു മിനിറ്റ് കൊണ്ടാണ് ലിസി ആശു പത്രിയില്‍ എത്തിച്ചേര്‍ന്നത്. 

കടുത്ത വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തയ്യാറായ അമലിന്‍റെ കുടുംബത്തിനും, ഹെലികോപ്റ്റര്‍ വിട്ടുനല്‍കിയ സര്‍ക്കാരിനും, എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിനും അജ്മല്‍ നന്ദി പറഞ്ഞു.  അജ്മലിന്   ശസ്ത്രക്രിയയുടെ  സമയത്ത്  രക്തം  നല്‍കേണ്ട  ആവശ്യം  പോലും   വന്നില്ലെന്നും   ആരോഗ്യനില 

പൂര്‍ണ്ണ  തൃപ്തികരമാണെന്നും  ഡോക്ടര്‍ ജോസ്  ചാക്കോ  പെരിയപ്പുറം  പറഞ്ഞു. അവയവദാനത്തിൻ്റെ ഏകോപനത്തിന് നേതൃത്വം നല്‍കുന്ന 

കെ-സോട്ടോയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. ഭാസ്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ്  തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. അരുണ്‍ ജോര്‍ജ്, ഡോ. ഗ്രേസ് മരിയ, ഡോ. ആന്‍റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ്, ബേസില്‍ സ്കറിയ, സാജന്‍ ഐസക്ക്  എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികള്‍ ആയിരുന്നു.

ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ നിന്നും അജ്മലിനെ യാത്രയാക്കിയത്. മാധ്യമങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്ന വലിയ പിന്തുണമൂലമാണ് ഒരു കാലത്ത് ഏറെക്കുറെ നിലച്ച്  പോയിരുന്ന  അവയവദാനത്തിന്  വീണ്ടും  ജീവന്‍  വച്ചതെന്ന് ഫാ. പോള്‍ കരേടന്‍ പറഞ്ഞു. ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ഫാ. ഡേവിസ് പടന്നയ്ക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, ആശു പത്രി ജീവനക്കാര്‍ തുടങ്ങിയവരും ചടങ്ങില്‍ എത്തിയിരുന്നു.

ENGLISH SUMMARY:

Heart transplant was successfully performed on Ajmal at Lisie Hospital. This remarkable achievement highlights the importance of organ donation and the collaborative efforts of medical professionals, government, and law enforcement.