തന്‍റെ വ്യക്തി ജീവിതത്തെയും പ്രൊഫഷണല്‍ ജീവിതത്തെയും ബാധിച്ച ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ റാണ ദഗുബാട്ടി. വൃക്ക തകരാറും ശസ്ത്രക്രിയയും ഹൃദയ സംബന്ധമായ സങ്കീർണതകളും തന്‍റെ ജീവിതത്തെ എങ്ങിനെയെല്ലാം ബാധിച്ചു എന്നാണ് റിയ ചക്രവർത്തിയുടെ പോഡ്‌കാസ്റ്റായ ചാപ്റ്റർ 2- ൽ താരം വെളിപ്പെടുത്തിയത്. ആരോഗ്യ പ്രശ്നങ്ങളും ശസ്ത്രക്രിയയും തുടര്‍ന്ന അഭിനയത്തിൽ നിന്ന് ഇടവേള എടുത്തതും അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കല്‍ വിധേയനാകേണ്ടി വന്ന കാലഘട്ടത്തെക്കുറിച്ചും താരം ഓര്‍മ്മിച്ചു.
വാണിജ്യപരമായി വലിയ വിജയം നേടിയതിനു ശേഷമാണ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് റാണ ദഗുബാട്ടി സിനിമാ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നത്. ഈ സമയം പല സിനിമകളിൽ നിന്ന് പിന്മാറിയതിനെക്കുറിച്ചും നിർമാതാക്കളിൽ നിന്ന് വാങ്ങിയ പ്രതിഫലം തിരികെ നൽകിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം തന്‍റെ രൂപത്തിലുണ്ടായ മാറ്റങ്ങൾ കാരണം കഥാപാത്രങ്ങളോട് നീതി പുലർത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് അസുഖത്തിന് മുൻപ് കരാർ ഒപ്പിട്ട പ്രോജക്റ്റുകളിൽ നിന്ന് പിന്മാറി അഡ്വാൻസ് തുക മുഴുവൻ നിർമാതാക്കൾക്ക് മടക്കിനൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമന്തയുടെ ടോക്ക് ഷോയായ സാം ജാമില്‍, മരണത്തിന് 30 ശതമാനം സാധ്യതയുണ്ടായിരുന്ന ആ കാലത്തെ കുറിച്ച് റാണ ദഗുബാട്ടി വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിലെ ഒരു പോസ് ബട്ടണമായിരുന്നു രോഗാവസ്ഥയെന്നാണ് അദ്ദേഹം പറയുന്നത്. ‘രോഗമുണ്ടെന്ന് സ്ഥിരീകരിച്ചപ്പോള്‍ അത് ഒരു ഞെട്ടലായിരുന്നു. ഒന്നും സംഭവിക്കില്ല എന്നാണ് നമ്മള്‍ ചിന്തിക്കുമ്പോളും അപ്രതീക്ഷിതമായി വരുന്ന വെല്ലുവിളികളെ കുറിച്ച് ഞാൻ ആദ്യമായി ചിന്തിച്ചത് അപ്പോഴാണ്. ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സുഖമില്ലെങ്കിൽ എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമായിരിക്കും. എന്നാല്‍ അത് സംഭവിക്കുമ്പോൾ പലപ്പോഴും സ്തബ്ദനായിപ്പോകും’ അദ്ദേഹം പറഞ്ഞു. രക്തസമ്മർദവും ഹൃദയത്തിന് ചുറ്റും കാൽസിഫിക്കേഷനും ഉണ്ടായിരുന്നു. വൃക്കകൾ തകരാറിലായി. 70 ശതമാനമായിരുന്നു പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ ഉള്ള സാധ്യത. മരിക്കാന്‍ 30 ശതമാനം സാധ്യതയുമുണ്ടായിരുന്നു... റാണ ദഗുബാട്ടി പറയുന്നു.
യുഎസിൽ ആയിരുന്ന സമയത്ത് തന്‍റെ ശ്രദ്ധ അതിജീവനത്തിലായിരുന്നുവെന്ന് റാണ ദഗുബാട്ടി പറഞ്ഞു. ശസ്ത്രക്രിയയും തുടർചികിത്സകളും ഉൾപ്പെടെ അതൊരു നീണ്ട യാത്രയായിരുന്നു. പാതിവഴിയിലായ സിനിമയടക്കം എല്ലാ തിരക്കുകളിൽ നിന്നും മാറിനിന്നു. ഒരു വർഷത്തെ ചികിത്സയ്ക്കും സുഖം പ്രാപിച്ചതിനും ശേഷം തന്‍റെ രൂപം തന്നെ മാറിപ്പോയെന്നും അതുമായി പൊരുത്തപ്പെടുന്നതിന് വെല്ലുവിളികള്‍ നേരിട്ടിരുന്നെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, തന്റെ മെലിഞ്ഞ രൂപം രോഗാവസ്ഥയ്ക്ക് മുന്‍പ് തിരഞ്ഞെടുത്ത പല കഥാപാത്രങ്ങളോടും പൊരുത്തപ്പെടുന്നതല്ലായിരുന്നു. അങ്ങിനെയാണ് വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.