ഓഫീസിൽ ഇരുന്നുള്ള ജോലി ശരീരത്തെ പല തരത്തിൽ ബാധിക്കാറുണ്ട്. തുടർച്ചയായി ഒരേ ഇരിപ്പ് തുടരുന്നത് നടുവേദന, കഴുത്ത് വേദന, കാൽ വേദന, കൈകാൽ മരവിപ്പ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ പ്രശ്നങ്ങളെ മറികടക്കാൻ പതിവായ വ്യായാമങ്ങൾ അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരുന്നതുവരെ പലരും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകള്‍ ശ്രദ്ധിക്കുന്നില്ല.
പലപ്പോഴും ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ കഴിയാത്തവരാണെങ്കില്‍ ജോലി ചെയ്യാനായി ഇരിക്കുന്ന സ്ഥലത്തുനിന്ന് തന്നെ ചില വ്യായാമങ്ങള്‍ ചെയ്യാം. ഒരു പരിധിവരെ ഇത് ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം കൂടും പേശികൾക്ക് അയവ് വരും. അതുവഴി വേദനയും അസ്വസ്ഥതകളും കുറയ്ക്കും.
കമ്പ്യൂട്ടറിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് സാധാരണയായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കഴുത്ത് വേദന. ഇത് ഒഴിവാക്കാനും വ്യായാമങ്ങൾ സഹായിക്കും. കഴുത്ത് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക, മുകളിലേക്കും താഴേക്കും ചലിപ്പിക്കുക, തല വട്ടം കറക്കുക തുടങ്ങിയവ കഴുത്തിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഒരുപാട് സമയം ഒരു സ്ഥലത്തിരിക്കുന്നത് കൈകാലുകള്‍ക്ക് മരവിപ്പിന് കാരണമാകും. അത് മാറ്റാനായി ഇടയ്ക്ക് ശരീരം സ്ട്രെച്ച് ചെയ്യുന്നത് നന്നായിരിക്കും. ശരീരത്തില്‍ രക്തയോട്ടം കൂടുന്നത് കാരണം ശരീരത്തിലുണ്ടാകുന്ന വേദനയ്ക്ക് കുറവുണ്ടാകും. ഇരുന്ന്കൊണ്ട് കൈകാലുകള്‍ ഉയര്‍ത്തുന്നതും കറക്കുന്നതും ഇതേ ഗുണങ്ങള്‍ തരും.
ഈ ലളിതമായ വ്യായാമങ്ങൾ ഇടയ്ക്കിടെ ചെയ്യുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ സഹായിക്കും. ജോലി ചെയ്യുന്നതിനിടെ ഒരു ഇടവേളയെടുത്ത് വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ കൂടുതൽ ഉന്മേഷത്തോടെ ജോലി ചെയ്യാനും കഴിയും. വ്യായാമങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെ നിര്‍ദേശം തേടുന്നത് ശരീരത്തിനും ആരോഗ്യത്തിനും പറ്റിയ വ്യായാമങ്ങള്‍ ഏതെന്ന് സ്ഥിരീകരിക്കാന്‍ സഹായിക്കും.