fat-loss

Ai generated images

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, ഫാസ്റ്റ് ഫുഡ് അഥവാ ജങ്ക് ഫുഡ് , വ്യായാമമില്ലായ്മ എന്നിവയെല്ലാം അമിതവണ്ണത്തിന് കാരണമാകാറുണ്ട്. പെട്ടെന്ന് വണ്ണം കുറയ്ക്കുന്ന മരുന്നുകളും ചികില്‍സകളും ഇന്ന് ലഭ്യമാണെങ്കിലും പിന്നാലെ വരുന്ന പാര്‍ശ്വഫലങ്ങള്‍ ആശങ്കാജനകമാണ്. ശരീരഭാരം, വയറിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാന്‍ അല്‍പം സമയം എടുത്തേയ്ക്കാം. ഇതിനായി പരിശ്രമിക്കുന്നതിനൊപ്പം ക്ഷമയും അനിവാര്യമാണ്. ആരോഗ്യകരമായ രീതിയില്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന 9 വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പോഷകസമ്പുഷ്ടമായ ഭക്ഷണം ശീലമാക്കാം

അനാരോഗ്യകരമായ കൊഴുപ്പുകളും, പഞ്ചസാര, പ്രിസര്‍വേറ്റീവുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുളള പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങള്‍ ശരീരഭാരം ക്രമീതീതമായി വര്‍ധിപ്പിക്കും. പകരം പോഷകങ്ങൾ ധാരാളമടങ്ങിയ മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

കാലറി ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഇരട്ടി കാലറി നാം ബേണ്‍ ചെയ്ത് (ഉരുക്കി) കളയണം. ശരീരഭാരം കുറയണമെങ്കില്‍ നന്നായി കാലറി ബേണ്‍ ചെയ്യേണ്ടതുണ്ട്. പട്ടിണി കിടക്കണം എന്നല്ല ഇതിനര്‍ത്ഥം. കഴിക്കുന്ന ഭക്ഷണത്തിലൂടെ എത്രമാത്രം കാലറി നമ്മുടെ ശരീരത്തിലെത്തുന്നുണ്ട് എന്ന ധാരണ നമുക്കുണ്ടായിരിക്കണം. എങ്കിലേ അതിനനുസരിച്ച് ബേണ്‍ ചെയ്യാന്‍ തോന്നുകയുളളൂ. ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അതിനനുസരിച്ച് ശാരീരികപ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തണം.

പ്രോട്ടീന്‍ കഴിക്കാം

ശരീരഭാരം കുറയുമ്പോള്‍ മസില്‍മാസ് നിലനിര്‍ത്താന്‍ പ്രോട്ടീന്‍ അനിവാര്യമാണ്. പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം വിശപ്പ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും വർക്കൗട്ടിനുശേഷം പേശികളുടെ കേടുപാടുകൾ തീർക്കാനും സഹായിക്കും. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വീണ്ടും വീണ്ടും കഴിക്കണമെന്ന തോന്നല്‍ ശമിപ്പിക്കാനും സഹായിക്കും. മുട്ട, കോഴിയിറച്ചി, ടോഫു, പയർവർഗങ്ങൾ എന്നിവയില്‍ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.

കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യാം

നമ്മുടെ ശരീരത്തിലെ അനാവശ്യ കാലറി ബേണ്‍ ചെയ്യാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ് കാര്‍ഡിയോ വര്‍ക്കൗട്ട്. ബ്രിസ്ക്ക് വോക്കിങ്ങ്, ഓട്ടം, സൈക്ലിങ്ങ്, നീന്തൽ തുടങ്ങിയവയെല്ലാം ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ചെയ്യാം. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെയെങ്കിലും കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുക.

ഉറക്കം പ്രധാനം

നന്നായി ഉറങ്ങിയില്ലെങ്കില്‍ ആരോഗ്യം അവതാളത്തിലായേക്കാം. അതിലൂടെ ശരീരഭാരവും കൂടിയേക്കാം. ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകൾ കൂടാന്‍ കാരണമാകും. ദിവസവും രാത്രി 7 മുതൽ 9 മണിക്കൂർ വരെ നന്നായി ഉറങ്ങുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യവും സൗഖ്യവും ഏകും. നന്നായി ഉറങ്ങുന്നത് മാനസികാരോഗ്യത്തിനും ഗുണകരമാണ്.

സ്ട്രെങ്ത് ട്രെയ്നിങ്ങ്

ശരീരഭാരം കുറയ്ക്കുന്നതിന് സ്ട്രെങ്ത്ത് ട്രെയ്നിങ്ങും അനിവാര്യമാണ്. മസില്‍ ബില്‍ഡ് ചെയ്യുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സ്ട്രെങ്ങ്ത് ട്രെയിനിങ്ങ് ചെയ്യുന്നത് ശരീരത്തെ ബേൺ ചെയ്യാനും ഫാറ്റ് ലോസ് മെച്ചപ്പെടുത്താനും സഹായിക്കും. 

മാനസിക സമ്മര്‍ദം നിയന്ത്രിക്കാം

സമ്മര്‍ദം കൂടുന്നത് കോര്‍ട്ടിസോളിന്‍റെ ഉല്‍പാദനം കൂട്ടും. ഇത് അമിതവണ്ണത്തിന് കാരണമാകും. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും സാധ്യതയേറെയാണ്. യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങള്‍ എന്നിവ നിത്യേന ചെയ്യുന്നത് ഹോര്‍മോണുകളെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

വെളളം കുടിക്കണം

എത്ര വ്യായാമം ചെയ്താലും ഭക്ഷണം നിയന്ത്രിച്ചാലും ആവശ്യത്തിന് വെളളം കുടിച്ചില്ലെങ്കില്‍ പണി പാളും. ദിവസവും ആവശ്യത്തിന് വെളളം കുടിക്കുക. ദഹനത്തിലും ഉപാപചയപ്രവർത്തനത്തിലും വിശപ്പ് നിയന്ത്രിക്കുന്നതിലും വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിശപ്പ് പെട്ടെന്ന് ശമിക്കാനും ഇടയ്ക്ക് ഇടയ്ക്ക് ലഘുഭക്ഷണം കഴിക്കുന്നത് തടയാനും വെളളം കുടിന്നത് സഹായിക്കും.

മദ്യത്തോട് പറയാം ഗുഡ് ബൈ..

മദ്യപാനം ജീവിതത്തിന്‍റെ താളം തെറ്റിക്കും. തെറ്റായ ജീവിതശൈലി അമിതവണ്ണത്തിന് കാരണമാകും. മദ്യപിക്കുന്നത് പിന്നീട് കുടവയറിനും കാരണമായേക്കാം. മാത്രമല്ല മറ്റുപല രോഗങ്ങളും മദ്യപാനം വരുത്തിവയ്ക്കാം. അതിനാല്‍ മദ്യപാനത്തോട് പറയാം ഗുഡ് ബൈ.

ENGLISH SUMMARY:

Just 9 Tips: Lose Weight Easily