രാവിലെ എണീക്കാനായി ഒന്നിലധികം അലാറം വെക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗം പേരും. രാത്രി വൈകി ഉറങ്ങുന്നതിനാല്‍ രാവിലെ കൃത്യ സമയത്ത് എണീറ്റ് ഓഫീസിലും ജോലിസ്ഥലത്തും എത്താനായാണ് ഇങ്ങനെ ഒന്നിലധികം അലാറം സെറ്റ് ചെയ്യുന്നത്. പത്ത് മിനുറ്റ് കൂടുമ്പോള്‍ അലാറം അടിക്കുന്ന തരത്തില്‍ അഞ്ചും ആറും അലാറങ്ങള്‍ സെറ്റ് ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഇങ്ങനെ അലാറത്തിന്‍റെ ഒരു നീണ്ട നിര സെറ്റ് ചെയ്യുന്നത് അത്ര നല്ലതാണോ..? അല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പല തവണ അലാറം ഓഫ് ചെയ്യാനായി ഉറക്കത്തില്‍ നിന്ന് എണീക്കുകയും വീണ്ടും ഉറങ്ങുകയും ചെയ്യുന്നത് ശരിയായ ഉറക്കത്തെ സാരമായി ബാധിക്കുന്നു. പല തരം പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. സ്ലീപ് സൈക്കിളിലെ റാപ്പിഡ് ഐ മൂവ്‌മെന്റിനെ ഇത് അലോസരപ്പെടുത്തുന്നു.കൂടാതെ ഇത് മൂഡ് സിംങ്സ്, മടി, ക്ഷീണം,തളര്‍ച്ച എന്നിവയ്കക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ട്രസ് ഹോര്‍മാണായ കോര്‍ട്ടിസോളിന്‍റെ ലെവല്‍ ഉയരാനും ഇത് കാരണമാകുന്നു.
രാവിലെയുള്ള ആദ്യ അലാറം നിങ്ങളുടെ സ്ലീപ് സൈക്കിളിനെ തടസ്സപ്പെടുത്തും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ശ്വാസഗതി, രക്തസമ്മര്‍ദം എന്നിവ ഉയര്‍ന്നുനില്‍ക്കുന്ന സമയമാണ് ഇത്. സാധാരണയായി പുലര്‍ച്ചയോടടുത്തായിരിക്കും സ്ലീപ് സൈക്കിളിലെ ഈ ഘട്ടത്തിലേക്ക് നാം പ്രവേശിക്കുന്നത്. തുടര്‍ച്ചയായി ഉറക്കത്തിനിടയില്‍ അലാറത്തിന്‍റെ ശബ്ദം കേള്‍ക്കുന്നത് ശരീരത്തിനെ മോശമായി ബാധിക്കുന്നു.
ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്ന വ്യക്തികള്‍ക്ക് സാധാരണയായി അലാറത്തിന്‍റെ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നുണരുന്നതില്‍ തെറ്റില്ല. എന്നാല്‍ മതിയായ ഉറക്കം ലഭിക്കാത്ത അവസരങ്ങളില്‍ ആവര്‍ത്തിച്ചുള്ള അലാറത്തിന്‍റ ശബ്ദം കേള്‍ക്കുമ്പോള്‍ ശരീരം ഒരു സ്ട്രെസ്ഫുള്‍ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. അത്കൊണ്ട് തന്നെ രാത്രി മതിയായ ഉറക്കം ഉറപ്പ് വരുത്തി ആദ്യ അലാറത്തില്‍ തന്നെ എഴുന്നേല്‍ക്കുക എന്നതാണ് ആരോഗ്യത്തിന് ഉത്തമം.