ഹര്‍ഷ് ഗോയങ്ക
സമൂഹമാധ്യമങ്ങള്‍ തുറന്നാല്‍ കാണാന്‍ കഴിയുന്ന റീലുകളിലൊന്നാണ് ഇളം ചൂട് വെള്ളത്തില്‍ തേനും നാരങ്ങയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ ഭാരം കുറയുമെന്നത്. ശരീരത്തിന് ഈ സൂപ്പര്‍ ഡ്രിങ്ക് ഉന്‍മേഷം പകരുമെന്നും അമിതഭാരം അലിയിച്ചു കളയുമെന്നുമെല്ലാമാണ് റീല്‍സുകളിലെ പറച്ചില്‍. എന്നാലിതാ താന്‍ ഇത് പരീക്ഷിച്ച് നോക്കിയെന്നും ശരീരഭാരം കുറഞ്ഞില്ല,പകരം രണ്ട് കിലോ നാരങ്ങയും മൂന്ന് കിലോ തേനും നഷ്ടമായത് മിച്ചമെന്നുമാണ് കോടീശ്വരനും ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്കയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഹര്‍ഷ് ഗോയങ്ക തനിക്ക് പറ്റിയ അമളിയെ കുറിച്ച് തുറന്നെഴുതിയത്.
AI Generated Image
രണ്ട് മാസത്തേക്ക് എന്നും രാവിലെ എഴുന്നേറ്റാലുടന്‍ നാരങ്ങനീരും തേനും ചേര്‍ത്ത് കഴിച്ച് നോക്കൂ, രണ്ട് കിലോ ശരീരഭാരം കുറയുമെന്നാണ് ഞാന്‍ കേട്ടത്. രണ്ട് മാസം കഴിഞ്ഞപ്പോള്‍ എനിക്ക് രണ്ട് കിലോ നാരങ്ങയും മൂന്ന് കിലോ തേനും നഷ്ടമായെന്നാണ് അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നത്.
രസകരമായ കമന്‍റുകളാണ് ട്വീറ്റിന് ചുവടെ. അല്ലെങ്കിലും മെലിയുമെന്നല്ലേ പറഞ്ഞുള്ളൂ, അടുക്കള മെലിഞ്ഞില്ലേ, രാവിലെ ഒരു നല്ല ഡ്രിങ്ക് ഉള്ളിലെത്തിയെന്നോര്‍ത്ത് സമാധാനിക്കൂവെന്നായിരുന്നു ഒരാളുടെ കമന്‍റ്. രണ്ട് കിലോ നാരങ്ങ പോയപ്പോഴേ നിര്‍ത്തിയല്ലോ, എനിക്ക് 50 കിലോ നാരങ്ങയും തേനും വെള്ളവും നഷ്ടമായെന്നായിരുന്നു മറ്റൊരു അനുഭവസ്ഥന്‍റെ കുറിപ്പ്. ഭാരം മാത്രമാണ് വിശ്വസ്തനായ കൂട്ടാളിയെന്നും ഇതൊക്കെ ജീവിതത്തിലെന്നപോലെ ഡയറ്റിലെയും വിരോധാഭാസമാണെന്നും കമന്‍റുണ്ട്. തേനും നാരങ്ങയും പോയെങ്കിലെന്താ, ഗോയങ്കയ്ക്ക് ഇപ്പോള്‍ കുറച്ച് രസികനായി മാറിയില്ലേ, ഒന്നും പാഴായി പോകില്ലെന്നായിരുന്നു ശരദ് മോധയെന്നയാളുടെ പ്രതികരണം.
നാരങ്ങയും തേനും മാത്രമല്ല, ഗ്രീന്‍ ടീയും ഇതേ കാറ്റഗറിയിലാണ് വരുന്നതെന്നും ഗ്രീന്‍ ടീ കുടിച്ചിട്ട് ഭാരം കുറയണമെങ്കില്‍ നിങ്ങള്‍ ഒന്നെങ്കില്‍ വല്ല മലയിലും പോയി തേയില പറിച്ചു കൊണ്ട് വന്ന് തിളപ്പിച്ച് ദിവസവും കുടിക്കേണ്ടി വരും. മല കയറിയിറങ്ങുന്ന വ്യായാമം കൊണ്ട് ഭാരം കുറയുമെന്നുമായിരുന്നു ടോണിയെന്നയാളുടെ കമന്‍റ്.
അതേസമയം, വെറുംവയറ്റില്‍ നാരങ്ങയും തേനും കഴിച്ചാല്‍ ശരീരഭാരം കുറയുമെന്ന 'വൈറല്‍' ടിപ്പിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാരങ്ങയും തേനും ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ദഹന പ്രക്രിയയെ സഹായിക്കുമെന്നും വയറിന് സുഖം നല്‍കുമെന്നുമേയുള്ളൂവെന്നും ശരീരഭാരം കുറയ്ക്കില്ലെന്ന് ഡയറ്റീഷ്യന്‍മാരും പറയുന്നു.