ചൂടുകാലത്ത് എന്തെല്ലാം ചെയ്യണമെന്നാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം മുന്നറിയിപ്പ് നല്‍കുന്നത്. അയഞ്ഞ ശരീരം മൊത്തം മറയ്ക്കുന്ന വസ്ത്രം ധരിക്കണം, നേരിട്ട് വെയില്‍ കൊള്ളരുത് എന്നിവ ഇവയില്‍ ചിലത് മാത്രം. എന്നാല്‍ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ അതീവപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ വെന്തുരുകുന്ന വേനലില്‍ ധാരാളം വെള്ളം കുടിക്കണോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ ഒരു മുന്‍കരുതല്‍ നല്ലതാണ് എന്നാണ് ഡല്‍ഹിയില്‍ നിന്നും വരുന്ന ഒരു വാര്‍ത്ത പറയുന്നത്.
ഡല്‍ഹിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്ന 25കാരന്റെ അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കൊടുംചൂടില്‍ നഗരം മൊത്തം കറങ്ങി തന്‍റെ സ്ഥാപനത്തിലെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ഇയാളുടെ ജോലി. കുപ്പിവെള്ളം പലതവണ കുടിച്ചു. വൈകുന്നേരത്തിനുള്ളില്‍ ഇയാള്‍ 5 ലീറ്ററോളം വെള്ളം കുടിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ശരീരം മൊത്തം മറയുന്ന വസ്ത്രം ധരിച്ചിട്ടും യുവാവ് തളരാന്‍ തുടങ്ങി. ഉടന്‍ തന്നെ ഇയാള്‍ സ്ഥാപനത്തിലേക്ക് മടങ്ങി. തലകറങ്ങി വീണ യുവാവിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ജര്‍ദൗര്‍ലഭ്യമല്ല മറിച്ച് അമിതമായി വെള്ളം കുടിച്ചതാണ് വില്ലനായതെന്ന് വ്യക്തമാവുകയായിരുന്നു.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം യുവാവ് രാവിലെ ഒന്നും കഴിച്ചിരുന്നില്ല. ഉച്ചയ്ക്കാകട്ടെ ലഘുഭക്ഷണം മാത്രമാണ് കഴിച്ചത്. എന്നാല്‍ ഉപ്പില്ലാത്ത ഭക്ഷണമായിരുന്നു കഴിച്ചത്. യുവാവിന്‍റെ ശരീരത്തിലെ സോഡിയം എല്ലാം നഷ്ടമായതാണ് യുവാവിനെ ഈ അവസ്ഥയിലേക്കെത്തിച്ചത്. കൂടുതല്‍ വെള്ളം കുടിച്ചതോടെ വിയര്‍പ്പിലൂടെ സോഡിയം വന്‍തോതില്‍ പുറന്തള്ളപ്പെട്ടു. ഇതോടെയാണ് യുവാവ് തളര്‍ന്നുവീണത്.
സോഡിയം കുറയുന്നത് മനുഷ്യശരീരത്തെ സംബന്ധിച്ച് വളരെ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സോഡിയം കുറയുന്നതോടെ ജലത്തെ സംരക്ഷിക്കുക എന്ന ചിന്തയിലേക്ക് ശരീരമെത്തും. തുടര്‍ന്ന് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനായി പറ്റാവുന്നത്ര വെള്ളം കോശങ്ങള്‍ ആഗിരണം ചെയ്യും. എന്നാല്‍ തലച്ചോറിന് ആഗിരണം ചെയ്യുന്ന വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കാനാകുന്നില്ല. തുടര്‍ന്ന് തലയോട്ടിക്കുള്ളില്‍ കിടന്ന് തലച്ചോറ് വികസിക്കുന്നു. ഇത് തലച്ചോറിന് പരുക്ക് പറ്റാനും മരണത്തിനും കാരണമാകാം. ഈ അവസ്ഥ ഹൈപ്പോതെര്‍മിയ എന്നാണ് അറിയപ്പെടുന്നത്.
അതേസമയം തന്നെ ആവശ്യത്തില്‍ കൂടുതല്‍ സോഡിയം അകത്ത് ചെല്ലുകയും വെള്ളം എത്താതിരിക്കുകയും ചെയ്താലും പ്രശ്നമാണ്. കോശങ്ങള്‍ ജലമില്ലാതെ ചുരുങ്ങും. തുടര്‍ന്ന് ദാഹം അമിതമാകും, തുടര്‍ന്ന് തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകും. ഒടുവില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നിലയ്ക്കും. വ്യക്തമായ അളവ് നോക്കി ഭക്ഷണവും വെള്ളവും കാലവസ്ഥയ്ക്കനുസരിച്ച് തയാറാക്കി ഉപയോഗിക്കുകയാണ് ആരോഗ്യരക്ഷയ്ക്കുള്ള ഏകമാര്‍ഗം.