ചലനശേഷിയെ ബാധിക്കുന്ന ഒരു മസ്തിഷ്ക രോഗമാണ് പാർക്കിൻസൺസ്. രോഗം പ്രധാനമായും ചലനത്തെ ബാധിക്കുന്ന നാഡീവ്യവസ്ഥയുടെ ഒരു തകരാറാണ്. തലച്ചോറിലെ സബ്സ്റ്റാന്റിയ നിഗ്ര എന്ന ഭാഗത്തുള്ള നാഡീകോശങ്ങൾ തകരാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സുഗമവും ഏകോപിതവുമായ പേശികളുടെ ചലനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഡോപാമൈൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നതിന് ഈ കോശങ്ങൾ ഉത്തരവാദികളാണ്. ഡോപാമൈൻ അളവ് കുറയുമ്പോൾ, ആളുകൾക്ക് വിറയൽ, കാഠിന്യം, ചലനം ആരംഭിക്കുന്നതിൽ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങും. സാധാരണയായി 60 വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന ഒരു രോഗമാണിത്. 

വളരെ നേരത്തെതന്നെ പ്രകടമാകുന്ന പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം. ഈ ലക്ഷണങ്ങൾ വൈദ്യസഹായത്തോടെ നേരത്തെ തിരിച്ചറിയുന്നത് കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങളെ നിയന്ത്രിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. 

മണം അറിയാൻ സാധിക്കാെത വരുക

വളരെ നേരത്തെ പ്രകടമാകുന്ന ഒരു ലക്ഷണമാണിത്. പാർക്കിൻസൺസ് രോഗം തിരിച്ചറിഞ്ഞ 90 ശതമാനം പേർക്കും ഗന്ധമറിയാനുള്ള ശേഷി കുറവോ അല്ലെങ്കിൽ ഒട്ടുമില്ലാതിരിക്കുകയോ ചെയ്യും. ചലനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രകടമാകുന്നതിന് പത്തു മുതൽ ഇരുപതു വർഷം മുമ്പുതന്നെ ഈ മാറ്റം ഉണ്ടാകും. ഗന്ധത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഓൽഫാക്ടറി ബൾബിൽ ആയിരിക്കും രോഗം ആരംഭിക്കുന്നത് എന്ന് പഠനങ്ങള്‍ പറയുന്നു.

ഉറക്കപ്രശ്നങ്ങളും വ്യക്തമായ സ്വപ്നങ്ങളും

ഉറക്കത്തിൽ ഒച്ചവയ്ക്കുക, ഇടിക്കുക, തൊഴിക്കുക തുടങ്ങിയവ ചില ആളുകൾ ചെയ്യുന്നത് പാർക്കിൻസൺസ് രോഗത്തിന്റെ പ്രാരംഭ ലക്ഷണമാണ്. ആർഇഎം സ്ലീപ്പ് ബിഹേവിയർ ഡിസോർഡർ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. പാർക്കിൻസൺസ് തിരിച്ചറിയുന്നതിന് വർഷങ്ങൾക്കു മുൻപേ ഇത്തരത്തിൽ ഉള്ള അവസ്ഥ ഉണ്ടാകും. ഏറെക്കാലം നീണ്ടു നിൽക്കുന്ന (insomnia) പകൽ സമയം ഉറക്കം തൂങ്ങുക തുടങ്ങിയവയും പ്രകടമാകും.

മലബന്ധം

രോഗനിർണയം നടത്തുന്നതിന് വർഷങ്ങൾക്കു മുൻപെ ദീര്‍ഘകാലമായുള്ള മലബന്ധം ഉണ്ടാകാം. പാർക്കിൻസൺസ് രോഗം ദഹനത്തെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥയെ ബാധിക്കുകയും മലമൂത്രവിസർജനം സാവധാനത്തിലാവുകയും ചെയ്യും.

ക്ഷീണവും വേദനയും

തുടർച്ചയായ ക്ഷീണവും തളർച്ചയും പാർക്കിൻസൺസിന്റെ ആദ്യലക്ഷണങ്ങളാണ്. വിശ്രമിച്ചുകൊണ്ട് ഈ ക്ഷീണത്തിന് കുറവു വരികയില്ല. ഇടയ്ക്കിെട തോളുവേദന, കഴുത്തിന് കാഠന്യം, ദേഹവേദന തുടങ്ങിയവയും ചിലർക്ക് ഉണ്ടാകാം. ഈ ലക്ഷണങ്ങളെല്ലാം പേശികളുടെ കാഠിന്യം കൊണ്ടോ നാഡികൾക്കുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടോ ഉണ്ടാവുന്നതാണ്.

എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം

ഇരിക്കുകയോ കിടക്കുകയോ ചെയ്തിട്ട് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ രക്തസമ്മർദം കുറയുന്നതു മൂലം തലകറക്കം ഉണ്ടാകാം. ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ എന്നാണിതിന് പേര്. ഓർത്തോസ്റ്റാറ്റിക് ഹെപ്പോടെൻഷൻ മൂലമുള്ള കുറഞ്ഞ രക്തസമ്മർദം തലചുറ്റൽ, തലയ്ക്ക് പെരുപ്പ് എന്നിവയിലേക്കും ബോധക്ഷയത്തിലേക്കും നയിക്കാം.

 

പാർക്കിൻസൺസ് രോഗം പൂർണമായി സുഖപ്പെടുത്താനാവില്ല എന്നതു കൊണ്ടു തന്നെ പ്രാരംഭലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്തുന്നതിന് പ്രധാനമാണ്. ലക്ഷണങ്ങളെ മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതോടൊപ്പം ജീവിതശൈലി വ്യത്യാസപ്പെടുത്തുക, ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുക്കുക എന്നതും രോഗം മൂർച്ഛിക്കുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും. 

നിങ്ങളിലോ പ്രിയപ്പെട്ടവരിലോ ആദ്യകാല ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, വിദഗ്ധോപദേശം തേടണം. അതിനായി ഉടൻ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ സമീപിക്കുന്നത് ബുദ്ധിപരമാണ്.

ENGLISH SUMMARY:

Early signs of Parkinson's disease are crucial for timely intervention and management. Recognizing these subtle symptoms can significantly improve the quality of life for individuals affected by this neurological disorder.