അപ്രതീക്ഷിതവും അത്യന്തം വേദനാജനകവുമായിരുന്നു തമിഴ് നടന്‍ റോബോ ശങ്കറിന്‍റെ മരണം. ഒരു കാലത്ത് മിസ്റ്റര്‍ ഇന്ത്യയ്ക്ക് മല്‍സരിച്ച വ്യക്തി തന്‍റെ ആരോഗ്യം പരിപൂര്‍ണമായി നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങുന്ന സംഭവം അത്യന്തം വേദനാജനകമാണ്. ഇപ്പോഴിതാ നടന്‍ മരണത്തിന് മുന്‍പ് ഒരു ഇന്‍റര്‍വ്യൂവില്‍ തന്‍റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരോഗ്യസംരക്ഷണത്തെ കുറിച്ച് ഏവര്‍ക്കും ജാഗ്രത നല്‍കുന്നതാണ്.
താന്‍ ഒരിക്കലും ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് നടന്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ കരിയര്‍ വളര്‍ത്താനാണ് ശ്രമിച്ചത്. മിസ്റ്റര്‍ ഇന്ത്യ മല്‍സരത്തിനായി താരം മല്‍സരിച്ചിരുന്നു. എന്നാല്‍ താരത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത് യന്ത്രമനുഷ്യനെപ്പോലുള്ള നൃത്തമാണ്. ലോഹ പെയിന്‍റ് ശരീരം മൊത്തം പൂശി വേദികളില്‍ ശക്തമായ പ്രകാശത്തില്‍ നടന്‍ നൃത്തം ചെയ്തിരുന്നു. ഒരു ദിവസം ഇത്തരത്തില്‍ ആറ് ഷോകളില്‍ എങ്കിലും പ്രദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് എണ്ണയൊഴിച്ചാണ് പെയിന്‍റ് ഇളക്കിമാറ്റിയത്. ഈ ചെറിയ പ്രായത്തിലാണ് തനിക്ക് ആദ്യമായി മഞ്ഞപ്പിത്തം വന്നതെന്ന് നടന്‍ പറയുന്നു.
മഞ്ഞപ്പിത്തം വന്നത് തന്നെ വിട്ടുപോയില്ലെന്നാണ് നടന്‍റെ പക്ഷം. ജോലിത്തിരക്കില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്ന രീതി പാളിയിരുന്നു. പലപ്പോഴും നേരത്തിന് കഴിക്കാനോ പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാനോ ശ്രമിച്ചില്ല. ഇത് മഞ്ഞപ്പിത്തം വീണ്ടും വരുന്നതിന് കാരണമായെന്ന് നടന്‍ പറയുന്നു. ഭക്ഷണരീതി വളരെ ശ്രദ്ധയോടെ താന്‍ പിന്നീട് പിന്തുടരാന്‍ തുടങ്ങി.
എന്നാല്‍ സിനിമാ മേഖലയില്‍ സജീവമായതോടെ തന്‍റെ ഭക്ഷണരീതിയും ഡയറ്റും താളംതെറ്റിയെന്ന് നടന്‍ പറയുന്നു. തനിക്ക് മഞ്ഞപ്പിത്തം ഇടയ്ക്കിടയ്ക്ക് വരുന്നതുകൊണ്ട് അത് ശ്രദ്ധിച്ചില്ല. പിന്നീട് തനിക്ക് വിശപ്പ് നഷ്ടപ്പെട്ടെന്നും ഇതാണ് തടി കുറയാന്‍ കാരണമായതെന്നും നടന്‍ പറയുന്നു. താന്‍ ഭക്ഷണം തീരെ കഴിക്കാതെയായി തന്‍റെ ആരോഗ്യം നഷ്ടപ്പെട്ടും തന്‍റെ കഥ തീരാന്‍ പോവുകയാണ് എന്നും നടന്‍ പറയുന്നുണ്ട്.