അന്തരിച്ച നടൻ റോബോ ശങ്കറിനെക്കുറിച്ചുള്ള വൈകാരികമായ പോസ്റ്റ് പങ്കുവച്ച് മകളും നടിയുമായ ഇന്ദ്രജ. ശങ്കറിനൊപ്പമുള്ള പഴയ ഡാന്‍സ് വിഡിയോയാണ് മകള്‍ പങ്കുവച്ചത്. ‘എപ്പോതും അപ്പ പൊണ്ണ് താൻ’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വച്ചത്. ഇനി അപ്പയുടെ കൂടെ ഡാൻസ് കളിക്കാൻ പറ്റില്ലാ അല്ലെ അപ്പാ. അപ്പയുടെ കൂടെയുള്ള പഴയ ഓർമകൾ’, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
മുന്‍പ് ചെറുപ്പം മുതൽ അച്ഛനൊപ്പം പകർത്തിയ ചിത്രങ്ങൾ വിഡിയോ രൂപത്തിലാക്കി ഇന്ദ്രജ പോസ്റ്റ് ചെയ്തിരുന്നു. ‘ഇനി ഒരിക്കൽക്കൂടി കാണാൻ പറ്റുമോ അപ്പാ. അതേ എന്നാണ് ഉത്തരമെങ്കിൽ എന്റെയടുത്തേക്ക് വരണേ’ എന്ന കുറിപ്പോടെയായിരുന്നു ഇന്ദ്രജയുടെ അന്നത്തെ പോസ്റ്റ്. ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ് വിഡിയോയുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എങ്ങോട്ടാണെന്ന് മകൾ ചോദിക്കുമ്പോൾ നീണ്ട ഒരു യാത്രയ്ക്കാണെന്നാണ് അച്ഛൻ പറയുന്നത്. ഇനി എപ്പോഴെങ്കിലും കാണാനാവുമോ എന്ന മകളുടെ ചോദ്യത്തിന് തീർച്ചയായും എന്ന് അച്ഛൻ മറുപടി പറയുന്നത് കേൾക്കാം
ദിവസങ്ങൾക്ക് മുൻപാണ് ‘ഗോഡ്‌സില്ല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ നടൻ റോബോ ശങ്കർ സെറ്റിൽ കുഴഞ്ഞുവീണ് മരിച്ചത്. രക്തം ഛർദ്ദിച്ച ശങ്കറിനെ ഉടൻ തന്നെ പെരുങ്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കർ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. ടെലിവിഷൻ താരം പ്രിയങ്കയാണ് റോബോ ശങ്കറിന്റെ ഭാര്യ.