രാത്രി ഉറങ്ങുന്നതുവരെ ഫോണിൽ നോക്കുന്നതും, അലാറം കേൾക്കാൻ തലയണക്കരികിൽ ഫോൺ വെച്ച് ഉറങ്ങുന്നതും ഇന്ന് മിക്കവരുടെയും ശീലമാണ്. എന്നാൽ ഈ ചെറിയ ശീലം നിങ്ങളുടെ ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കാം.
1. റേഡിയേഷനും ആരോഗ്യവും
മൊബൈൽ ഫോണുകൾ ആശയവിനിമയത്തിനായി റേഡിയോ ഫ്രീക്വൻസി (RF) തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയെക്കുറിച്ച് ലോകാരോഗ്യ സംഘടനയും (WHO) ക്യാൻസർ ഗവേഷണ ഏജൻസികളും ഇപ്പോഴും പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഫോണിൽ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് സിഗ്നലുകൾ തലച്ചോറിന്‍റെ പ്രവർത്തനങ്ങളെയും ഉറക്കത്തിന്‍റെ ദൈർഘ്യത്തെയും സ്വാധീനിച്ചേക്കാം എന്നാണ്.
2. കുട്ടികളുടെ കാര്യം പ്രത്യേക ശ്രദ്ധിക്കണം
മുതിർന്നവരേക്കാൾ കുട്ടികളെയാണ് റേഡിയേഷൻ ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളത്. കുട്ടികളുടെ തലയോട്ടിക്ക് (Skull) കട്ടി കുറവായതിനാൽ ഇത്തരം തരംഗങ്ങൾ തലച്ചോറിലേക്ക് ആഴ്ന്നിറങ്ങാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ സ്പീക്കറോ ഇയർഫോണോ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നത് നേരിട്ടുള്ള സമ്പർക്കം കുറയ്ക്കാൻ സഹായിക്കും.
3. ഉറക്കം കവരുന്ന 'ബ്ലൂ ലൈറ്റ്'
റേഡിയേഷനേക്കാൾ ഉപരിയായി, രാത്രിയിലെ ഫോൺ ഉപയോഗം നമ്മുടെ ഉറക്കത്തെ തകർക്കുന്നുണ്ട്. ഫോണിൽ നിന്നുള്ള നീല വെളിച്ചം (Blue Light) ശരീരത്തിലെ 'മെലാടോണിൻ' എന്ന ഹോർമോണിന്‍റെ ഉത്പാദനം കുറയ്ക്കുന്നു. ഇത് ഉറക്കം വരാതിരിക്കാനും അടുത്ത ദിവസം രാവിലെ കടുത്ത ക്ഷീണം അനുഭവപ്പെടാനും കാരണമാകും.
4. സുരക്ഷിതമായ ശീലങ്ങൾ:
അകലം പാലിക്കുക: ഉറങ്ങുമ്പോൾ ഫോൺ തലയണക്കരികിൽ വെക്കുന്നതിന് പകരം കുറഞ്ഞത് 3 അടി അകലെയെങ്കിലും മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കുക.
അലാറം ക്ലോക്ക്: ഫോണിന് പകരം ഒരു അലാറം ക്ലോക്ക് വാങ്ങി ഉപയോഗിക്കുന്നത് ഫോണിനോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കും.
എയർ പ്ലെയിൻ മോഡ്: ഫോൺ ഓഫ് ചെയ്യാൻ താല്പര്യമില്ലെങ്കിൽ എയർപ്ലെയിൻ മോഡ് ഓൺ ചെയ്യുക. ഇത് സിഗ്നലുകൾ കുറയ്ക്കാൻ സഹായിക്കും.
ഹാൻഡ്‌സ് ഫ്രീ ഉപയോഗിക്കുക: ദീർഘനേരം ഫോൺ സംസാരിക്കുന്നവർ ഫോൺ ചെവിയോട് ചേർത്ത് വെക്കാതെ ഇയർഫോണോ സ്പീക്കറോ ഉപയോഗിക്കുക.
ഫോണ്‍ അടുത്തുവച്ച് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പോലെ തന്നെയാണ് രാത്രി ഉറങ്ങുന്നത് വരെയുള്ള ഫോണ്‍ ഉപയോഗവും, അമേരിക്കൻ ക്യാൻസർ സൊസൈറ്റിയിലെ ഗവേഷകർ പറയുന്നത് നിത്യേനയുള്ള സ്ക്രീൻ ഉപയോഗം ഓരോ ആഴ്ചയിലും നമ്മുടെ ഉറക്കത്തിന്‍റെ ദൈർഘ്യം ശരാശരി 50 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കുറയ്ക്കുന്നു എന്നാണ്. ഉറങ്ങുന്നതിന് മുൻപ് ഫോൺ ഉപയോഗിക്കുന്നവരിൽ 33 ശതമാനം പേർക്കും ഉറക്കത്തിന്‍റെ ഗുണനിലവാരം വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് മെലാടോണിൻ എന്ന ഹോർമോൺ. ഇരുട്ടുള്ള സാഹചര്യത്തിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ ഫോൺ സ്ക്രീനിലെ വെളിച്ചം ഈ ഹോർമോണിന്‍റെ ഉത്പാദനത്തെ തടയുകയും ശരീരത്തിന്‍റെ സ്വാഭാവിക ജൈവികതാളത്തെ താളംതെറ്റിക്കുകയും ചെയ്യുന്നു.
വെളിച്ചം മാത്രമല്ല, നമ്മൾ ഫോണിൽ കാണുന്ന കാര്യങ്ങളും വില്ലനാണ്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളോ വിഡിയോകളോ ഉണ്ടാക്കുന്ന വൈകാരികമായ ഉത്തേജനം തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു. ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് സോഷ്യൽ മീഡിയ നോക്കുന്നവരിൽ ഉറക്കം തടസ്സപ്പെടാൻ 1.62 മടങ്ങ് സാധ്യത കൂടുതലാണ്.