viral-video

Image Credit : https://www.instagram.com/babymodel_jashit/

തന്‍റെ രണ്ടുവയസുകാരന്‍ മകനെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുന്ന ഒരമ്മയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മകന്‍ എല്ലാകാര്യത്തിനും തന്നെ അമിതമായി ആശ്രയിക്കുന്നതും അവന്‍റെ കാര്യങ്ങളെല്ലാം നിറവേറ്റാനുമുളള ഓട്ടവും തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുവെന്നാണ് യുവതി വിഡിയോയില്‍ പറയുന്നത്. ബേബി മോഡല്‍ ജഷിത് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ജഷിത് സിങ് നരൂല എന്ന യുവതിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആരും കൊച്ചുകുട്ടികളുളള അമ്മമാരുടെ അവസ്ഥയെകുറിച്ച് സംസാരിക്കാനോ ചര്‍ച്ച ചെയ്യാനോ തയാറാകുന്നില്ലെന്ന് ജഷിത് പറയുന്നു. തനിക്ക് സ്വസ്ഥമായി ഒരു കപ്പ് ചായ കുടിക്കാന്‍ കഴിയുന്നില്ലെന്നും ഒന്ന് വാഷ്റൂമില്‍ പോകാന്‍ പോലും കുട്ടി തന്നെ സമ്മതിക്കുന്നില്ലെന്നും ജഷിത് പറയുന്നു. മകന് തന്നോടുളള സ്നേഹവും അടുപ്പവും വിശ്വാസ്യതയും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും തനിക്ക് മറ്റൊന്നും ചെയ്യാനാകാത്തത് തന്നെ മാനസികമായി തളര്‍ത്തുകയാണെന്ന് ജഷിത് തന്‍റെ വിഡിയോയിലൂടെ വ്യക്തമാക്കുന്നു. ഒരു കൊച്ചുകുഞ്ഞിന്‍റെ അമ്മയാകുന്നതിന് പിന്നിലെ സത്യങ്ങള്‍ എന്ന തലക്കെട്ടോടുകൂടിയാണ് ജഷിത് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജഷിത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...

'ഒരു കൊച്ചുകുഞ്ഞിന്‍റെ അമ്മയാകുന്നതിന് പിന്നിലെ സത്യങ്ങള്‍'

'ആരും കൊച്ചുകുട്ടിയുളള അമ്മമാരെ കുറിച്ച് സംസാരിക്കാറില്ല. അത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണന്നോ. ഞാനിന്ന് മാനസികമായി വല്ലാതെ തളര്‍ന്നിരിക്കുകയാണ്. എന്‍റെ 2 വയസുകാരനായ മകന്‍ എന്നെ ഒരു നിമിഷത്തേക്ക് പോലും തനിച്ച് വിടുന്നില്ല. അവന്‍ ഒറ്റക്കാകുമെന്ന ഭയം അവനെ വല്ലാതെ അലട്ടുകയാണ്. എനിക്കൊന്ന് വാഷ്റൂം വരെ പോലും പോകാനാകുന്നില്ല. എനിക്ക് സമാധാനമായി പാചകം ചെയ്യാനാകുന്നില്ല. അമ്മ..ഗോദി അമ്മാ..ഗോദി എന്ന അവന്‍റെ വിളി മാത്രം എന്‍റെ തലക്കുളളില്‍ നിന്ന് ബുദ്ധിമുട്ടിമുട്ടിക്കുകയാണ്. ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. എനിക്കറിയാം ഇത് ജീവിത്തിലെ ഒരു ഘട്ടം മാത്രമമാണ്. അവന് എന്നോട് അത്രമാത്രം സ്നേഹമാണ്. എനിക്കൊപ്പം നില്‍ക്കുമ്പോള്‍ അവന്‍ സുരക്ഷിതനാണെന്ന് തോന്നല്‍ അവനുണ്ട്. ആലോചിക്കുമ്പോള്‍ എനിക്കും അതിയായ സന്തോഷമുണ്ട്. അവന് ഞാനില്ലാതെ പറ്റില്ല, അവന് ഞാന്‍ ജീവനാണ് എന്നതെല്ലാം. എനിക്കും അവനൊപ്പം നില്‍ക്കുന്നത് സന്തോഷമുളള കാര്യമാണ്. എന്നാല്‍ പകലും രാത്രിയും മുഴുവനും... എനിക്കാകുന്നില്ല' ജഷിത് പറയുന്നു.

'അവന് അവന്‍റെ അച്ഛനെപ്പോലും എന്നെക്കാളേറെയായി വിശ്വസിക്കുന്നില്ല. അവന്‍ അവന്‍റെ അച്ഛന്‍റെ അടുത്തേക്ക് പോകുന്നുപോലുമില്ല. അവന് എപ്പോഴും എന്നെ മാത്രം മതി. എന്തുതരം സ്നോഹമാണ് ഈ കൊച്ചുകുട്ടികള്‍ക്ക്? എനിക്ക് മനസിലാകുന്നില്ല...വാഷ്റൂമില്‍ പോകണമെങ്കില്‍ പോലും അവന്‍ പറയും അമ്മ കൊണ്ടുപോയാല്‍ മതിയെന്ന്. എനിക്ക് സ്വസ്ഥമായി ഒരു ചായപോലും കുടിക്കാന്‍ കഴിയുന്നില്ല. അവന്‍ എപ്പോഴും എനിക്കൊപ്പം എന്‍റെ ശരീരത്തിലുണ്ടാകും. ഞങ്ങളും മനുഷ്യരാണ്. ആളുകള്‍ ആകെ സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും കുഞ്ഞഅ ജനിച്ചയുടനുളള കാര്യങ്ങളെക്കുറിച്ച് മാത്രമാണ്. ആരും ഒരു കൊച്ചുകുട്ടിയുളള അമ്മമാരെ കുറിച്ച് സംസാരിക്കാറില്ല. ഇതെല്ലാം പറയുമ്പോഴും നമുക്ക് അവന്‍റെ മനസിനെ വേദനിപ്പിക്കാനും കഴിയില്ല. അതവര്‍ക്കൊരു ട്രോമയായി മാറിയേക്കാം. നിങ്ങള്‍ക്ക് ചുറ്റും കൊച്ചുകുട്ടികളുളള അമ്മമാരുണ്ടെങ്കില്‍ അവരോട് സൗമ്യമായി സ്നേഹത്തോടെ പെരുമാറണേ.. നിങ്ങള്‍ക്കറിയില്ല അവര്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന്. ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ കരഞ്ഞതുകൊണ്ട് ഞാന്‍ മനസിന് തീരെ കട്ടിയില്ലാത്ത വ്യക്തിയാണ് എന്നല്ല അതിനര്‍ത്ഥം. ഞാന്‍ കരയുന്നത് ഞാന്‍ വളരെ കരുത്തുളളവളായതുകൊണ്ട് മാത്രമാണ്. ഇതൊരു സാധാരണ മനുഷ്യ വികാരങ്ങൾ മാത്രമാണ്. എനിക്ക് അത് മറയ്ക്കാന്‍ താല്‍പര്യമില്ല. എല്ലാ മാതാപിതാക്കളും ഇത് അനുഭവിക്കുന്നുണ്ടായിരിക്കാം' എന്നും ജഷിത് കൂട്ടിച്ചേര്‍ത്തു,

അതേസമയം ജഷിത്തിന്‍റെ വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേരാണ് യുവതിയെ പിന്തുണച്ചും ആശ്വാസവാക്കുകള്‍ ചൊരിഞ്ഞും രംഗത്തെത്തിയത്. ഇത് എല്ലാവരും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. രണ്ടും മൂന്നും വയസുളള കുട്ടികളെ നോക്കുന്ന അമ്മമാരുടെ കഷ്ടപ്പാടുകള്‍ ആരും അറിയുന്നില്ല. അവരിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം എത്രമാത്രം വലുതാണെന്ന് ആരും മനസിലാക്കുന്നില്ല. അവര്‍ക്ക് വേണ്ട പിന്തുണയും ചുറ്റുമുളളവര്‍ നല്‍കുന്നില്ലെന്നുമായിരുന്നു ഒരു സോഷ്യല്‍ മീഡിയ യൂസറുടെ കമന്‍റ്. താനും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. താന്‍ മാത്രമല്ല മറ്റുളളവരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഈ വിഡിയോയിലൂടയാണ് തിരിച്ചറിഞ്ഞതെന്ന് മറ്റൊരാളും കമന്‍റ് ചെയ്തു. ഇതെല്ലാം സുഗമമായി തരണം ചെയ്യാനുളള കഴിവ് എല്ലാ അമ്മമാര്‍ക്കും ലഭിക്കട്ടെ എന്നതടക്കം നിരവധി കമന്‍റുകളാണ് യുവതിയെ പിന്തുണച്ചുകൊണ്ട് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. 

ENGLISH SUMMARY:

A young mother's viral video highlights the overwhelming struggles of toddler dependency, where she expresses her exhaustion and inability to have even a moment to herself. This raw and emotional account sheds light on the often-unspoken realities of motherhood and the immense mental toll it can take.