ചില സമയത്ത് നമുക്ക് തന്നെ തോന്നിയിട്ടില്ലേ, ഒരു കൺട്രോളും ഇല്ലാത്തപോലെയാണ് ഇൻസ്റ്റാഗ്രാമിൽ സ്ക്രോൾ ചെയ്തുകൊണ്ടേയിരിക്കുന്നതെന്ന്. ഫോൺ ഒന്ന് മാറ്റിവയ്ക്കണം എന്ന് മനസ് പറഞ്ഞാൽ പോലും കൈ അതിനു സമ്മതിക്കാത്ത പോലെ. തലച്ചോറ് പോലും ഹാങ്ങ് ആയി നിൽക്കുന്ന ഒരു അവസ്ഥ.
അതിനു പുറമെ, ഇൻസ്റ്റയിൽ കാണുന്ന മറ്റുള്ളവരുടെ ജീവിതം, ആഡംബരം, അവർ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, പോകുന്ന സ്ഥലങ്ങൾ... ഇതൊക്കെ കണ്ട് അയ്യോ ഞാൻ മാത്രം എവിടെയും എത്തിയില്ലല്ലോ എന്ന് തോന്നുന്ന ഒരു തരം നിരാശ. ഇതൊക്കെ കൊണ്ടുള്ള സ്‌ട്രെസും ആങ്സൈറ്റിയും അനുഭവിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഇതിനൊരു പരിഹാരം ഉണ്ട്. അതാണ് 'ഡിജിറ്റൽ ഡീറ്റോക്സ്' (Digital Detox).
ലളിതമായി പറഞ്ഞാൽ, ഈ നോട്ടിഫിക്കേഷനുകളുടെ ബഹളങ്ങളിൽ നിന്നും, ഇൻസ്റ്റന്റ് ആയി ഉണ്ടാകുന്ന ഒരു ഡോപമിൻ റഷിൽ നിന്നും ബോധപൂർവ്വം നമ്മൾ നമുക്ക് തന്നെ കൊടുക്കുന്ന ഒരു ബ്രേക്ക്. 24 മണിക്കൂറും ഓൺലൈനിൽ ആക്റ്റീവായി ഉണ്ടാകണം എന്ന ചിന്തയും, മറ്റുള്ളവരുടെ ലൈഫ് കണ്ട് ഒപ്പമെത്താൻ പറ്റാത്തതിലുള്ള ആ നിരാശയും നമ്മുടെ മാനസികാരോഗ്യം നശിപ്പിക്കുന്നു എന്ന് മനസ്സിലാക്കിയ വലിയൊരു വിഭാഗം ആളുകൾ ഇപ്പോൾ ഈ ഒരു 'ഓഫ്‌ലൈൻ വൈബ്' സ്വന്തം ലൈഫ്‌സ്റ്റൈലിന്‍റെ ഭാഗമാക്കി കഴിഞ്ഞു.
അവർ ഒന്നുകിൽ ആഴ്ചയിൽ ഒരു ദിവസം ഫോൺ കംപ്ലീറ്റായി സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും, അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായെങ്കിലും ഡീആക്ടിവേറ്റ് ചെയ്യും. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും, വെറും ഒരു ദിവസത്തേക്ക് നമ്മൾ ഈ സോഷ്യൽ മീഡിയ ലോകത്ത് നിന്ന് മാറി നിൽക്കുമ്പോൾ നമ്മുടെ തലച്ചോറിൽ വലിയ ശാസ്ത്രീയ മാറ്റങ്ങൾ നടക്കുന്നുണ്ട്.
നിരന്തരം സ്ക്രോൾ ചെയ്യുമ്പോൾ തലച്ചോറിൽ അമിതമായി ഉണ്ടാകുന്ന ഡോപമിൻ ലെവൽ പെട്ടെന്ന് റീസെറ്റ് ആക്കൽ ആണ് ഒന്നാമത്തെ ഗുണം. ഇത് ബ്രെയിന് ആവശ്യമായ റെസ്റ്റ് നൽകുകയും, നമ്മുടെ അറ്റൻഷൻ സ്പാനും ഫോക്കസും പതിന്മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്‍റെ അളവ് കുറഞ്ഞ്, മൈൻഡ് മൊത്തത്തിൽ ഒന്ന് ചില്ലാകും.
അതേസമയം ഈ ഡിജിറ്റൽ ഡീറ്റോക്സ് ഉണ്ടാക്കുന്ന ചില സോഷ്യൽ ഇംപാക്ട് കൂടിയുണ്ട്. വെർച്വലായി നമ്മൾ ഉണ്ടാക്കുന്ന ഒരു പൊള്ളയായ ലോകത്തു നിന്നും മാറി യഥാർത്ഥ ലോകത്തേക്ക് നമ്മെ മടക്കിക്കൊണ്ടുവരാൻ ഡിജിറ്റൽ ഡീറ്റോക്സിങ് സഹായിക്കുന്നു. റിയൽ ലൈഫിലെ ആളുകളോട് സംസാരിക്കാനും, ക്രിയേറ്റീവ് ആയ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും എല്ലാത്തിനും പുറമെ സ്വന്തം സമാധാനത്തിനും മാനസികാരോഗ്യത്തിനും മുൻ്ഗണന കൊടുക്കാനും ഇത് നമ്മളെ പ്രാപ്തരാക്കും.
അതിനാൽ, മറ്റുള്ളവരുടെ ജീവിതം 24 മണിക്കൂറും കണ്ട് നമ്മുടെ സ്വന്തം സമാധാനം കളയണോ എന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. ഓവർനൈറ്റ് ഇൻഫ്ലുവൻസർമാരുടെ ഈ ലോകത്ത് ചിലപ്പോഴൊക്കെ ഒന്ന് പതിയെ പോകുന്നതും നല്ലതാണ്.