പല പീഡന പരാതികളുടെയും വാർത്തകൾ പുറത്തുവരുമ്പോൾ ടോക്സിക് ബന്ധങ്ങളും ട്രോമാ ബോണ്ടിങ്ങുമൊക്കെ ചർച്ചാ വിഷയം ആകാറുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെയും ശബ്ദ സന്ദേശത്തിൽ ട്രോമാ ബോണ്ടിങ്ങിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. 'നിങ്ങൾക്കെല്ലാവർക്കും ഒരു സംശയം ഉണ്ടാകും വീണ്ടും വീണ്ടും എങ്ങനെയാണ് ഇങ്ങനെയൊരാളുടെ അടുത്തേക്ക് ഒരാള്‍ എത്തുന്നതെന്ന്. അത് മനസിലാകണമെങ്കില്‍ ട്രോമാ ബോണ്ടിങിനെ കുറിച്ച് അറിയണം' എന്നായിരുന്നു അവരുടെ വാക്കുകൾ. നമുക്ക് പരിശോധിക്കാം ട്രോമാ ബോണ്ടിങ് എന്താണെന്നുള്ളത്..
ഒരു ബന്ധം നല്ലതല്ലെന്നും അയാള്‍ക്കൊപ്പം മുന്നോട്ട് പോകാൻ പറ്റില്ല എന്നറിഞ്ഞിട്ടും ആ ബന്ധത്തിൽ തുടരുന്നത് അല്ലെങ്കിൽ ആ ബന്ധത്തിൽ നിന്ന് പുറത്തു വരാൻ പറ്റാത്തത് ട്രോമാ ബോണ്ടിങ് ഉള്ളതു കൊണ്ടാണ്. നമുക്കുചുറ്റും ഒട്ടേറെപ്പേർ ഇത്തരത്തിൽ ടോക്സിക്കായ ബന്ധങ്ങൾ തുടരുന്നുണ്ട്. വിവാഹിതരിലും അവിവാഹിതരിലും ഇങ്ങനെയുള്ളവരുണ്ട്.
ബന്ധത്തിൽ തുടരുന്നതിനിടയിൽ മോശമായി പെരുമാറുക. അതിന് ശേഷം വീണ്ടും സ്നേഹത്തോടെ അടുത്ത് വരിക. വീണ്ടും എല്ലാം മറന്ന് സ്നേഹിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അധിക്ഷേപം. ഇത് ഒരു സൈക്കിൾ പോലെ തുടരുക, കുറേക്കാലം വിഷമിപ്പിക്കും, പിന്നെ കുറേനാള്‍ സ്നേഹം കൊണ്ട് മൂടും. വഴക്കിനും അടിക്കുമൊക്കെ ശേഷം കിട്ടുന്ന അൽപ്പ നേരത്തെ സ്നേഹം ഓർത്ത് ബന്ധം ഉപേക്ഷിക്കാൻ തയാറാകാത്തവരാണ് ഇരകളാകുന്നവരില്‍ പലരും. അതുമൂലം ആ ലൂപ്പിൽ കുരുങ്ങിക്കിടക്കും. ഇങ്ങനെയുള്ളപ്പോഴാണ് ആ ബന്ധത്തിലുള്ളത് ട്രോമാ ബോണ്ട് ആണെന്ന് പറയുന്നത്.
ശാരീരികവും മനസികവുമായി നന്നായി അടുപ്പത്തിലായതിന് ശേഷം വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക. ഇതായിരിക്കും വേട്ടക്കാരുടെ രീതി. ഇരകളാവട്ടെ ചൂഷണം ചെയ്യപ്പെടുകയാണെന്നും വഞ്ചിക്കപ്പെടുകയാന്നെന്നും അറിഞ്ഞിട്ടും ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോകാൻ പറ്റാത്ത അവസ്ഥയിലായിരിക്കും. മാത്രമല്ല, അവർ വീണ്ടും വീണ്ടും അയാളെ തന്നെ ആശ്രയിക്കും. ഇത് നന്നായറിയാവുന്ന അയാള്‍ ഓരോ പ്രതിസന്ധിക്കുശേഷവും മടങ്ങിയെത്തുന്നത് പുതിയ വാഗ്ദാനങ്ങളുമായിട്ടായിരിക്കും. വീണ്ടും വൈകാരികമായി കൂടുതൽ അടുക്കും. പുതിയ പ്രതീക്ഷകൾ പൂവണിയുമ്പോൾ വീണ്ടും പറ്റിക്കപ്പെടും, വഞ്ചിക്കപ്പെടും. ഈ സൈക്കിൾ അവർക്ക് മടുക്കുവോളം ആവർത്തിക്കപ്പെടും, മറുവശത്ത് അവരില്ലാതെ ജീവിക്കാനാകില്ലെന്ന് കരുതി എല്ലാം സഹിക്കുന്നവരും.
താനൊരു ട്രോമാ ബോണ്ടിലാണെന്ന് പലപ്പോഴും മനസിലാക്കിയാലും പുറത്തുകടക്കാൻ പലർക്കും കഴിയാറില്ല എന്നതാണ് യാഥാർഥ്യം. പുറത്തുവന്നാലുള്ള ജീവിതവും വരാനിരിക്കുന്ന ഭീഷണികൾ, ഒറ്റപ്പെടലുകൾ, തുറന്നു പറഞ്ഞ് മുന്നോട്ട് വരുന്നവരെ അധിക്ഷേപിക്കുന്ന സമൂഹം അങ്ങനെ നിരവധി കാരണങ്ങൾ അവരെ പേടിപ്പെടുത്തുന്നുണ്ടാകും.
'തേപ്പുകാരി' എന്നുള്ള പേര് വരുമോ അല്ലെങ്കിൽ ഉപദ്രവിക്കുമോ എന്നുള്ള പേടിയും പെൺകുട്ടികളെ അലട്ടുന്ന പ്രശ്നമാണ്. ബന്ധം തുടരാൻ താല്പര്യമില്ലെന്ന് പറയുന്ന പെൺകുട്ടികൾക്ക് നേരെയുള്ള ആസിഡ് ആക്രമണങ്ങളെ കുറിച്ചും ഭീഷണികളെ കുറിച്ചുമൊക്കെ നാം പലപ്പോഴും കേൾക്കുന്നതുമാണ്. വിവാഹതിരാണെങ്കില്‍ കുട്ടികളെയും തന്നെയും നന്നായി നോക്കുന്നു എന്ന കാരണത്തില്‍ എല്ലാം സഹിക്കും. ഇനി തിരിച്ചുപോയാല്‍ വീട്ടുകാരും സമൂഹവും എങ്ങിനെ പ്രതികരിക്കുമെന്ന ആശങ്കയും. ഇക്കാരണങ്ങളാല്‍ ഓട്ടേറെപ്പേര്‍ എല്ലാം സഹിച്ച് മുന്നോട്ടുപോകുന്നു.
ഇരകളെ അതിവിദഗ്‌ധമായി ഒപ്പം നിർത്താൻ ഇത്തരക്കാർക്ക് കഴിവുണ്ടാകും. ഭീഷണിപ്പെടുത്തിയും ചതിച്ചും നിയന്ത്രിക്കാനുള്ള ഒരു അപാര കഴിവ്. അതേസമയം സമീപ കാലങ്ങളിൽ ഇത്തരത്തിൽ പറ്റിക്കപ്പെട്ടവരും സമൂഹം അധിക്ഷേപിച്ചവരുമൊക്കെ മുന്നോട്ട് വന്ന് പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട് എന്നുള്ളത് ഒരു ശുഭസൂചന തന്നെയാണ്.