benefits-of-hugging

TOPICS COVERED

വരൂ... നമുക്കൊന്ന്കെ ട്ടിപ്പിടിക്കാം.....നമുക്കേറെ ഇഷ്ടപ്പെട്ട മനുഷ്യരെ ഒന്ന് കെട്ടിപ്പിടിക്കുമ്പോള്‍ കിട്ടുന്ന ആശ്വാസം അത് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല അല്ലേ.. ..മനുഷ്യബന്ധങ്ങള്‍ക്കിടയിലെ ഏറ്റവും മനോഹരമായതും അര്‍ഥവത്തായതുമായ ഒരു ആശയവിനിമയമാണ് ആലിംഗനം. എന്നാല്‍ കേവലം സ്നേഹപ്രകടനം എന്നതിലുപരി ആലിംഗനം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ ഗുണങ്ങൾ നൽകുന്നുണ്ടെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. മാനസികസമ്മർദം കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വരെ ആലിംഗനത്തിന് വലിയ പങ്കുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

സമ്മര്‍ദം കുറയ്ക്കുന്നു ;

നമ്മള്‍ വിഷമിച്ചിരിക്കുന്ന ഘട്ടങ്ങളില്‍ ആയിരം വാക്കുകളേക്കാള്‍ നമ്മെ സാന്ത്വനിപ്പിക്കാന്‍‍ പ്രിയപ്പെട്ട ഒരാളുടെ ആലിംഗനത്തിന് കഴിയും. നാം ഒരാളെ കെട്ടിപ്പിടിക്കുമ്പോൾ ശരീരത്തിലെ 'കോർട്ടിസോൾ' (Cortisol) എന്ന സ്ട്രെസ് ഹോർമോണിന്‍റെ അളവ് കുറയുന്നു. ഇത് മനസ്സിനെ ശാന്തമാക്കുന്നു.

സന്തോഷം നല്‍കുന്നു;

ആലിംഗനം ചെയ്യുമ്പോൾ 'ഓക്സിടോസിൻ' (Oxytocin) എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇതിനെ 'ലവ് ഹോർമോൺ' എന്നാണ് വിളിക്കുന്നത്. ഇത് ഭയവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു;

മാനസിക സമ്മർദ്ദം കുറയുന്നതോടെ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മുതിര്‍ന്ന ‌400 പേരില്‍ നടത്തിയ പഠനമനുസരിച്ച്, സ്നേഹപൂര്‍വമുള്ള പെരുമാറ്റവും കരുതലും ലഭിക്കുന്നവർക്ക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറവാണ്. ഇത്തരക്കാർക്ക് അസുഖങ്ങൾ വന്നാൽ തന്നെ അത് അത്ര കഠിനമാകില്ലെന്നും ഗവേഷകർ പറയുന്നു.

ആത്മവിശ്വാസം വർധിപ്പിക്കുന്നു:

കുട്ടിക്കാലം മുതൽ ലഭിക്കുന്ന സ്നേഹപൂര്‍വമുള്ള ആലിംഗനങ്ങൾ ഒരാളിൽ സുരക്ഷിതബോധവും ആത്മവിശ്വാസവും വളർത്തും.

ആശയവിനിമയം മെച്ചപ്പെടുത്തുന്നു;

വാക്കുകളേക്കാൾ വേഗത്തിൽ വികാരങ്ങൾ കൈമാറാൻ സ്പർശനത്തിലൂടെ സാധിക്കും. സ്നേഹം, നന്ദി, സഹതാപം എന്നിവ പ്രകടിപ്പിക്കാൻ ആലിംഗനം ഒരു മികച്ച മാർഗമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു ;

പ്രിയപ്പെട്ടവരുമായുള്ള ആലിംഗനം രക്തസമ്മർദം കുറയ്ക്കാനും ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും സഹായിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനങ്ങള്‍ പറയുന്നു.

ഒരു മനുഷ്യന് തന്‍റെ അതിജീവനത്തിനായി ഒരു ദിവസം കുറഞ്ഞത് നാല് ആലിംഗനങ്ങളെങ്കിലും വേണമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ എട്ട് ആലിംഗനവും വ്യകതിത്വ വളര്‍ച്ചയ്ക്ക് 12 ആലിംഗനവും ആവശ്യമെന്ന് പഠനങ്ങള്‍ പറയുന്നു. അപ്പോള്‍ പിന്നെ കൂട്ടുകാരോ മാതാപിതാക്കളോ പങ്കാളിയോ ആരുമാവട്ടെ, പ്രിയപ്പെട്ട മനുഷ്യരെ ഒന്നു കെട്ടിപ്പിടിച്ചുനോക്കൂ....

ENGLISH SUMMARY:

Hugging offers immense benefits for both physical and mental health. It reduces stress, boosts the immune system, and fosters emotional connections, contributing to overall well-being.