പുറമേ നിന്ന് നോക്കിയാല്‍ യാതൊരു പ്രശ്നവുമില്ലാത്ത മനുഷ്യന്‍. കൃത്യമായി ജോലിക്ക് പോകുകയും മനുഷ്യരോട് ഇടപഴകുകയും ചെയ്യുന്ന വ്യക്തി. കുടുംബത്തിലെ എല്ലാവരോടും നല്ലരീതിയില്‍ സംസാരിക്കുന്ന ആള്‍. റീല്‍സുകള്‍ പരസ്പരം അയക്കുകയും തമാശപറയുകയും ചെയ്യുന്ന നല്ല സുഹൃത്ത്. ഇങ്ങനെയൊരു വ്യക്തി ഡിപ്രഷനിലൂടെ കടന്നുപോകുകയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. അതാണ് ഫങ്ഷണല്‍ ഡിപ്രഷന്‍ എന്നറിയപ്പെടുന്ന ഡിസ്തീമിയ അഥവാ പെർസിസ്റ്റന്റ് ഡിപ്രസീവ് ഡിസോർഡർ.
ഇവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായി പുറമെ നിന്ന് നോക്കുന്നവര്‍ക്ക് തോന്നും. ജോലിക്ക് പോകാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും കൂട്ടുകാരുമായി കളിച്ചു ചിരിച്ച് നടക്കാനും ഇവർക്ക് സാധിക്കും. എന്നാൽ മനസ്സിനുള്ളിൽ വലിയൊരു ശൂന്യതയും കടുത്ത വിഷാദവും ഇവർ അനുഭവിച്ചുകൊണ്ടിരിക്കും. ഇതുകൊണ്ടാണ് ഇതിനെ 'ഫങ്ഷണൽ' എന്ന് വിളിക്കുന്നത്. അതായത് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് തടസ്സമുണ്ടാകില്ല.
താന്‍ കടന്നുപോകുന്ന മാനസികാവസ്ഥ മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കാനോ ഉള്ളുതുറന്ന് സംസാരിക്കാനോ ഇവര്‍ക്ക് കഴിയില്ല. ഇതിനെ 'സ്മൈലിംഗ് ഡിപ്രഷൻ' എന്നും വിളിക്കാറുണ്ട്. മറ്റുള്ളവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും സാധിക്കുന്ന ഇവർക്ക് പക്ഷേ സ്വന്തം കാര്യത്തിൽ വലിയ താൽപ്പര്യമുണ്ടാകില്ല.
ഓരോ രാത്രികളിലും അത്രമാത്രം ശൂന്യതയിലൂടെയാകും ഈ മനുഷ്യര്‍ കടന്നുപോകുന്നത്. ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിലോ ആരവത്തിലോ ഒന്നും അവര്‍ക്ക് സന്തോഷം കണ്ടെത്താനായില്ലെങ്കിലും അവയെല്ലാം ആസ്വദിക്കുന്നുവെന്ന് ഇക്കൂട്ടര്‍ നടിക്കും.
വിമർശനാത്മകമായ മനോഭാവവും ആത്മവിശ്വാസക്കുറവും ഫങ്ഷണൽ ഡിപ്രഷന്‍റെ സൂചനയാണ്. തന്നോടും മറ്റുള്ളവരോടും എപ്പോഴും ഒരു നെഗറ്റീവ് മനോഭാവം വെച്ചുപുലർത്തുക, പുറമെ മിടുക്കരാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ താൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന ചിന്ത ഉണ്ടാകുക തുടങ്ങിയവയ്ക്ക് പുറമേ അമിതമായ ക്ഷീണവും അനുഭവപ്പെടും.
ശാരീരികമായി വലിയ പണികൾ ചെയ്തില്ലെങ്കിലും എപ്പോഴും ഒരു തളർച്ച അനുഭവപ്പെടും. സന്തോഷമില്ലായ്മയാണ് മറ്റൊരു പ്രധാന ലക്ഷണം. മുന്‍പ് വളരെ താല്പര്യത്തോടെ ചെയ്തിരുന്ന പല കാര്യങ്ങളിലും ഇപ്പോൾ ഒരു താല്പര്യവും തോന്നാതിരിക്കുക. അമിതമായ ഉറക്കമോ ഉറക്കക്കുറവോ, അതുപോലെ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യമോ വിരക്തിയോ തുടങ്ങിയവയെല്ലാം ഫങ്ഷണൽ ഡിപ്രഷന്‍റെ സൂചനകളാണ്.
ഫങ്ഷണൽ ഡിപ്രഷൻ സ്വയം മാറാൻ കാത്തുനിൽക്കുന്നതിനുപകരം കൃത്യസമയത്ത് ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം. കൗൺസിലിംഗ്, മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയിലൂടെ ഈ മാനസികാവസ്ഥയെ മറികടക്കാനാകും. മനസ്സിനുള്ളിലെ ഭാരം ആരോടെങ്കിലും തുറന്നു പറഞ്ഞ് ഇറക്കിവെക്കാനും ശ്രമിക്കണം. അതുകൊണ്ട് എപ്പോഴും ചിരിക്കുന്ന മുഖംമൂടിയണിഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കാതെ ഇടയ്ക്ക് ഒന്ന് പൊട്ടിക്കരഞ്ഞോളൂ. ഉള്ള് തുറന്ന് സംസാരിച്ചോളൂ.